ഫ്രാൻസിസ് പാപ്പായുടെ ആഫ്രിക്കയിലേക്കുള്ള അപ്പോസ്തോലിക സന്ദർശനം ആരംഭിച്ചു

ജനുവരി 31 -ന് ഫ്രാൻസിസ് പാപ്പാ ആഫ്രിക്കയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്ര ആരംഭിച്ചു. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും ദക്ഷിണ സുഡാനും പാപ്പാ സന്ദർശിക്കും. റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാവിലെ 8.29 -ന് (ഏകദേശം 20 മിനിറ്റ് വൈകി) പുറപ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലാണ് പാപ്പാ ആദ്യം എത്തിച്ചേരുക.

5,420 കിലോമീറ്ററുകൾ സഞ്ചരിച്ച് ഏകദേശം ഏഴ് മണിക്കൂർ നീണ്ടുനിൽക്കുന്ന യാത്രയാണിത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എത്തുന്നതു വരെ ഇറ്റലി, ടുണീഷ്യ, അൾജീരിയ, നൈജർ, ചാഡ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കാമറൂൺ, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിങ്ങനെ എട്ട് രാജ്യങ്ങൾക്കു മുകളിലൂടെയാകും പാപ്പായുടെ വിമാനം കടന്നുപോകുന്നത്. വി. ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്കു ശേഷം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സന്ദർശിക്കുന്ന രണ്ടാമത്തെ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പാ.

യാത്രക്കു മുൻപ് സാന്താ മാർത്തയിൽ വച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നും സൗത്ത് സുഡാനിൽ നിന്നുമുള്ള ഒരു ഡസനോളം കുടിയേറ്റക്കാരും അഭയാർത്ഥികളുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തിയതായി വത്തിക്കാൻ റിപ്പോർട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.