ലോകം വീണ്ടും ആണവായുധ ഭീഷണിയിലായതിൽ ഖേദം പ്രകടിപ്പിച്ച് മാർപാപ്പ

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ യുദ്ധം രൂക്ഷമാവുകയും തന്മൂലം ആണവായുധ പ്രയോഗത്തിന്റെ ഭീഷണിയിൽ ആയതിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. സമാധാനത്തിനായി ദൈവത്തോടുള്ള പ്രാർത്ഥന ഇപ്പോൾ ഒരു ‘നിലവിളി’ ആയി മാറിയെന്ന് ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തി.

“നമ്മൾ ഭയപ്പെട്ടിരുന്നതും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്തതുമായ കാര്യമാണിത്. ഹിരോഷിമക്കും നാഗസാക്കിക്കും ശേഷം, തുടർച്ചയായി നിർമ്മിക്കുകയും പരീക്ഷണം നടത്തുകയും ചെയ്ത ആണവായുധങ്ങളുടെ ഉപയോഗം ഇപ്പോൾ പരസ്യമായ ഭീഷണിയായി ഉയർന്നിരിക്കുന്നു” – പരിശുദ്ധ പിതാവ് വെളിപ്പെടുത്തി.

റോമിലെ കൊളോസിയത്തിനു പുറത്ത് ‘സമാധാനത്തിനായുള്ള ഒരു നിലവിളി’ എന്ന അന്താരാഷ്ട്ര മീറ്റിംഗിന്റെ സമാപനവേളയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. കമ്മ്യൂണിറ്റി ഓഫ് സാന്റ് എജിഡിയോ സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രീയ, സിവിൽ തലങ്ങളിലുള്ള ക്രിസ്ത്യൻ നേതാക്കൾ പങ്കെടുത്തു. കഴിഞ്ഞ നൂറ്റാണ്ടിൽ രണ്ട് ലോകമഹായുദ്ധങ്ങളുടെ ദുരന്തങ്ങൾ അനുഭവിച്ച യൂറോപ്പിൽ പോലും ഇന്ന് സമാധാനം ലംഘിക്കപ്പെടുന്നു എന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.