സഭാചരിത്രപഠനത്തെ പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

സഭക്കും മനുഷ്യരാശിക്കും ചരിത്രപഠനം ആവശ്യമെന്ന് ഫ്രാൻസിസ് പാപ്പാ. മെയ് 28-ന് ചരിത്രശാസ്ത്രത്തിനുള്ള പൊന്തിഫിക്കൽ കമ്മിറ്റിയിലെ അംഗങ്ങളുമായി വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“സഭാചരിത്രത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെ വെളിപ്പെടുത്തുന്നതിൽ ക്രൈസ്തവചരിത്രകാരന്മാർ ശ്രദ്ധാലുക്കളായിരിക്കണം. വിശ്വാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിലും അവരെ ആഴത്തിൽ അറിയുന്നതിലും അവരുമായി സംവദിക്കുന്നതിലും ചരിത്രശാഖ പ്രധാന പങ്കു വഹിക്കുന്നുണ്ട്. മാത്രമല്ല ചരിത്രപഠനം വിശ്വാസികളും അവിശ്വാസികളും വിവിധ ക്രൈസ്തവസഭകളും തമ്മിലുള്ള ബന്ധത്തിനും ഉറപ്പേകുന്നു” – പാപ്പാ പറഞ്ഞു.

കൂടിക്കാഴ്ചയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളോടും അവരുടെ സഹകരണത്തിന് പാപ്പാ നന്ദി അറിയിച്ചു. അവർ പഠിക്കുന്നത് സഭാചരിത്രം മാത്രമല്ല, പിന്നെയോ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട മനുഷ്യരാശിയുടെ ചരിത്രം കൂടിയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.