ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂൺ 28

ഒന്നാം ലോകമഹായുദ്ധം ആരംഭിക്കാനുള്ള ഏറ്റവും അടുത്ത കാരണമായി കണക്കാക്കപ്പെടുന്ന ആർച്ച് ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാന്റിന്റെയും ഭാര്യ സോഫിയുടെയും കൊലപാതകം നടന്നത് 1914 ജൂൺ 28 നായിരുന്നു. ഓസ്ട്രിയയുടെ ആർച്ച്ഡ്യൂക്കും ഭാവി ഭരണാധികാരിയാകേണ്ട ആളുമായിരുന്നു ഫെർഡിനാന്റ്. ബോസ്നിയയെയും സമീപപ്രദേശങ്ങളെയും ആസ്ട്രോ-ഹംഗേറിയൻ എംപയറിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് വധം നടന്നത്. വാഹനത്തിൽ യാത്രചെയ്യവെ ബോസ്നിയയിൽ വച്ചാണ് ഗാർവിലോ പ്രിൻസിപ് എന്ന സെർബിയക്കാരനായ 18 വയസ്സുകാരൻ ആർച്ച്ഡ്യൂക്കിനുനേരെ നിറയൊഴിച്ചത്. വധത്തിനുശേഷം ഓസ്ട്രിയ-ഹംഗറി സെർബിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങൾ ഇരുപക്ഷത്തോടും ചേർന്നതോടെയാണ് അത് ഒന്നാം ലോകമഹായുദ്ധമായി പരിണമിച്ചത്.

ഒന്നാം ലോകമഹായുദ്ധത്തിന് ഔദ്യോഗികമായി അന്ത്യം കുറിച്ച വെഴ്സായ് ഉടമ്പടി ഒപ്പുവച്ചത് 1919 ജൂൺ 28 നായിരുന്നു. ലോകം മറ്റൊരു യുദ്ധത്തിലേക്കു പോകാതിരിക്കാനുള്ള ഉദ്യമമായിരുന്നു വെഴ്സായ് ഉടമ്പടി. ജർമ്മനിയും സഖ്യശക്തികളും തമ്മിൽ ഫ്രാൻസിലെ വെഴ്സായ് കൊട്ടാരത്തിൽവച്ചാണ് ഉടമ്പടി ഒപ്പുവച്ചത്. 1920 ജനുവരി പത്തിനാണ് ഇത് പ്രാബല്യത്തിൽ വന്നത്. പാരീസിൽ നടന്ന സമാധാനസമ്മേളനത്തിൽ വച്ചാണ് ഈ ഉടമ്പടിയുടെ കരടുരൂപം തയ്യാറാക്കിയത്.

1969 ജൂൺ 28 നാണ് സ്റ്റോൺ വാൾ പ്രക്ഷോഭം ആരംഭിക്കുന്നത്. അന്തർദേശീയതലത്തിൽ ഗേ റൈറ്റ്സ് മൂവ്മെന്റിനു തുടക്കം കുറിച്ച പ്രക്ഷോഭമായിരുന്നു അത്. ന്യൂയോർക്കിലെ ഗ്രീൻവിച്ച് വില്ലേജിലുള്ള സ്റ്റോൺവാൾ ഇൻ എന്ന ഗേ ബാറിനു മുന്നിലാണ് പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. ജൂൺ 28 ന് അതിരാവിലെ ലൈസൻസില്ലാതെ സ്റ്റോൺ വാളിൽ മദ്യം വിൽക്കുന്നു എന്ന കാരണത്താൽ ബാറിലെ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജൻഡർ അപ്രോപ്രിയേറ്റ് വസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് ബാറിലുണ്ടായിരുന്ന നിരവധിപേരും കസ്റ്റഡിയിലെടുക്കപ്പെട്ടു. ഗ്രീൻവിച്ച് വില്ലേജിൽ ഇതേ കാരണങ്ങളുടെപേരിൽ ചുരുങ്ങിയ സമയത്തിനുള്ളിലുണ്ടായ മൂന്നാമത്തെ റെയ്ഡായിരുന്നു അത്. മുമ്പത്തേതുപോലെ പിരിഞ്ഞുപോകാൻ അവിടെയുണ്ടായിരുന്ന ആളുകൾ തയ്യാറായില്ല. അവർ പൊലീസിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. ഒരുമിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യം ലൈംഗികന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞ ആദ്യസംഭവമായാണ് സ്റ്റോൺവാൾ പ്രക്ഷോഭം അറിയപ്പെടുന്നത്.

തയ്യാറാക്കിയത്: സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.