
1193 നവംബർ ആറിനാണ് വാർലാം എന്ന ക്രിസ്ത്യൻ സന്യാസി മരണമടഞ്ഞത്. അദ്ദേഹം തന്റെ സ്വത്തുക്കളെല്ലാം ദരിദ്രർക്ക് ദാനം ചെയ്യുകയും റഷ്യയിലെ വോൾഗ നദിക്കരയിൽവച്ച് ഒരു സന്യാസിയായി മാറുകയും ചെയ്തു. പിന്നീട് അദ്ദേഹം റഷ്യൻ ഓർത്തഡോക്സ് സന്യാസാശ്രമമായ കുറ്റിൻ മൊണാസ്റ്ററി ഓഫ് സേവിയേഴ്സ് ട്രാൻസ്ഫിഗറേഷൻ സ്ഥാപിച്ചു. റഷ്യയിലെ ഗ്രാൻഡ് പ്രിൻസിന്റെ രോഗം സുഖപ്പെടുത്തിയതിലൂടെ അദ്ദേഹം കൂടുതൽ പ്രശസ്തനായി. മരണശേഷം നിരവധി ആളുകൾ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് തീർഥാടനം നടത്തിവരുന്നു.
സൗത്ത് ആഫ്രിക്കയിൽവച്ച് തൊഴിലാളികളുടെ ഒരു മാർച്ച് സംഘടിപ്പിച്ചതിന് മഹാത്മാഗാന്ധിയെ അറസ്റ്റ് ചെയ്തത് 1913 നവംബർ ആറിനായിരുന്നു. ആഫ്രിക്കയിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ആഫ്രിക്കയിലുണ്ടായിരുന്ന ഇന്ത്യക്കാരിലേറെയും കരാർ തൊഴിലാളികളായിരുന്നു. കരാർ പുതുക്കാത്തവരിൽനിന്ന് മൂന്ന് പൗണ്ട് വീതം നികുതി ഈടാക്കാനുള്ള നിയമവും ഇന്ത്യൻ ആചാരപ്രകാരം നടന്ന വിവാഹങ്ങളെ അസാധുവാക്കുന്ന നിയമവും ഗവണ്മെന്റ് നിർമിച്ചു. ഇതിനെതിരെയാണ് ഗാന്ധി തൊഴിലാളികളെ സംഘടിപ്പിച്ച് മാർച്ച് നടത്തിയത്. ഈ മാർച്ചിനെ തുടർന്ന് 1913 നവംബർ ആറിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു.
പ്രസിഡണ്ട് തലവനായുള്ള റിപ്പബ്ലിക് ആയി ഓസ്ട്രേലിയയെ മാറ്റാനുള്ള ജനഹിത പരിശോധന നടത്തിയത് 1999 നവംബർ ആറിനായിരുന്നു. ഇത്തരമൊരു സർവേ നടത്താൻ തീരുമാനിച്ചത്, 1998 ൽ നടന്ന കോൺസ്റ്റിറ്റ്യൂഷണൽ കൺവെൻഷനാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിൽ കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയ എന്ന നിലയിൽ തുടരണമോ അതോ പാർലമെന്റ്, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കുന്ന, പ്രസിഡണ്ട് തലവനായുള്ള റിപ്പബ്ലിക് ഓഫ് ഓസ്ട്രേലിയ ആയി മാറണമോ എന്നതായിരുന്നു കൺവെൻഷനിലെ പ്രധാന ചർച്ചാവിഷയം. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ ജനഹിത പരിശോധന നടത്താനുള്ള നീക്കം പ്രഖ്യാപിച്ചത് 1999 ആഗസ്റ്റ് 12 നായിരുന്നു. രാജ്യത്തെ റിപ്പബ്ലിക് ആക്കി മാറ്റുക, ഭരണഘടനയിൽ ഒരു മുഖവുര കൂട്ടിച്ചേർക്കുക എന്നീ കാര്യങ്ങൾക്ക് ആവശ്യമായ ഭരണഘടനാഭേദഗതികൾ നടപ്പാക്കണോ എന്നതായിരുന്നു ചോദ്യങ്ങൾ. എന്നാൽ നവംബർ ആറിനു നടന്ന വോട്ടെടുപ്പിൽ ഓസ്ട്രേലിയയിലെ ജനങ്ങൾ ഇത് രണ്ടും നിരസിച്ചു.




