പരിശുദ്ധ ത്രിത്വത്തിന്റെ തീർഥാടനാലയത്തിലേക്കും ബെനഡിക്റ്റൈൻ ആശ്രമങ്ങളിലേക്കും മാർപാപ്പയുടെ അപ്രതീക്ഷിത സന്ദർശനം

പരിശുദ്ധ ത്രിത്വത്തിന്റെ തീർഥാടനാലയത്തിലേക്കും ബെനഡിക്റ്റൈൻ ആശ്രമങ്ങളിലേക്കും ലെയോ പതിനാലാമൻ മാർപാപ്പ അപ്രതീക്ഷിത സന്ദർശനം നടത്തി. ജൂലൈ 22 രാവിലെ പാപ്പ കാസിൽ ഗാണ്ടോൾഫോയിൽ നിന്ന് വല്ലെപിയത്രയിലെ പരിശുദ്ധ ത്രിത്വത്തിന്റെ തീർഥാടനാലയത്തിലെത്തി. തുടർന്ന് വേനൽക്കാല വസതിയിലേക്കുള്ള മടക്കയാത്രയിൽ സുബിയാക്കോയിലെ വിശുദ്ധ ബെനഡിക്റ്റിന്റെയും വിശുദ്ധ സ്കോളാസ്റ്റിക്കയുടെയും ആശ്രമങ്ങളും പാപ്പ സന്ദർശിച്ചു.

മധ്യ ഇറ്റലിയിലെ ലാസിയോ, അബ്രൂസോ മേഖലകളുടെ അതിർത്തിയിലുള്ള ഓട്ടോറെ പർവതനിരകളിലെ പാറക്കെട്ടിലാണ് പരിശുദ്ധ ത്രിത്വത്തിന്റെ ഈ ദൈവാലയം സ്ഥിതി ചെയ്യുന്നത്. ഹോളി സീ പ്രസ് ഓഫീസ് ടെലിഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവന പ്രകാരം, ദൈവാലയത്തിനുള്ളിലെ പരിശുദ്ധ ത്രിത്വത്തിന്റെ പുരാതന ഫ്രെസ്കോ ചിത്രത്തിന് മുന്നിൽ മാർപാപ്പ പ്രാർഥനയ്ക്കായി സമയം ചെലവഴിക്കുകയും ഭക്തരെയും സന്യാസ സമൂഹത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

കാസിൽ ഗാണ്ടോൾഫോയിൽ വേനൽക്കാല വിശ്രമത്തിലായിരുന്ന പാപ്പ, മോണ്ടി സിംബ്രൂയിനിയിൽ 1,800 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തീർഥാടന കേന്ദ്രത്തിലേക്ക് കാറിലാണ് യാത്ര ചെയ്തത്. പെന്തക്കൊസ്ത തിരുനാളിനും ജൂലൈ 26-ലെ വിശുദ്ധ അന്നയുടെ തിരുനാളിനുമായി കാൽനടയായി പർവതപാതകൾ കയറിയെത്തുന്ന ആയിരക്കണക്കിന് തീർഥാടകരുടെ പ്രിയപ്പെട്ട കേന്ദ്രമാണിത്.

ഉൾഗുഹയിൽ പരിശുദ്ധ ത്രിത്വത്തെ ക്രിസ്തുവിന്റെ മൂന്ന് സമാന രൂപങ്ങളായി ചിത്രീകരിക്കുന്ന ബൈസന്റൈൻ ചിത്രം ഉൾപ്പെടെയുള്ള പുരാതന ഫ്രെസ്കോ ചിത്രങ്ങളുണ്ട്. തീർഥാടനലയത്തിൽ നിന്നുള്ള പടികൾക്കിരുവശത്തുമായി പാറയിൽ കൊത്തിയെടുത്ത വിശുദ്ധ അന്നയുടെ കപ്പേളയും സ്ഥിതി ചെയ്യുന്നു.

വല്ലെപിയത്ര സന്ദർശനത്തിന് ശേഷം പോപ്പ് ലെയോ പതിനാലാമൻ സുബിയാക്കോയിലേക്ക് യാത്ര തിരിക്കുകയും അവിടെയുള്ള വിശുദ്ധ ബെനഡിക്റ്റിന്റെ ആശ്രമം സന്ദർശിക്കുകയും ചെയ്തു.

ആശ്രമ സമുച്ചയത്തിലെ സന്ദർശന വേളയിൽ, പതിമൂന്നാം നൂറ്റാണ്ടിലെ വിശുദ്ധ ഫ്രാൻസിസിന്റെ ഫ്രെസ്കോ ചിത്രത്തിന് മുന്നിൽ പ്രാർഥനാപൂർവം നിശബ്ദനായി നിന്ന മാർപാപ്പ, പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വിശുദ്ധ ബെനഡിക്റ്റിന്റെ വിശുദ്ധ ഗുഹയിൽ (Sacred Cave) സ്ഥാപിച്ചിട്ടുള്ള രൂപത്തിന്റെ കാൽമുട്ടിൽ ചുംബിച്ചു. തുടർന്ന് അവിടെയുണ്ടായിരുന്നവരോടൊപ്പം ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർഥന ചൊല്ലുകയും ചെയ്തു. ആശ്രമവും അതിനോടനുബന്ധിച്ചുള്ള വിശുദ്ധ ഗുഹയും ആയിരം വർഷത്തോളമായി ബെനഡിക്റ്റൈൻ ആത്മീയതയുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നോർസിയയിലെ യുവാവായ വിശുദ്ധ ബെനഡിക്റ്റ് മരുഭൂമിയിലെ താപസന്മാരുടെ മാതൃക പിന്തുടർന്ന് ഏകാന്തവാസം നയിച്ച ഗുഹയാണിത്. ഈ വന്യമായ സ്ഥലത്തെ ഏകാന്തവാസ കാലത്താണ് വിശുദ്ധ ബെനഡിക്റ്റിന് തന്റെ ആത്മീയ ദർശനങ്ങളെ ദൃഢമാക്കാനും, പാശ്ചാത്യ സന്യാസ പാരമ്പര്യത്തിന് വിത്തുപാകിയ ആദ്യത്തെ സന്യാസ സമൂഹങ്ങൾ സ്ഥാപിക്കാനും സാധിച്ചത്. തുടർന്ന് വിശുദ്ധ സ്കോളാസ്റ്റിക്കയുടെ ആശ്രമത്തിലേക്ക് പോയ മാർപാപ്പ, അവിടെ ബെനഡിക്റ്റൈൻ സമൂഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ആശ്രമങ്ങൾ സന്ദർശിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.