
സ്പെയിനിലെ ഔദ്യോഗിക ഭാഷാ സമിതിയായ റോയൽ സ്പാനിഷ് അക്കാദമി (RAE) തങ്ങളുടെ നിഘണ്ടുവിൽ ‘ക്രിസ്ത്യാനോഫോബിയ’ (Christianophobia) എന്ന വാക്ക് ഔദ്യോഗികമായി ഉൾപ്പെടുത്തി. സ്പാനിഷ് ഭാഷാ നിഘണ്ടുവിന്റെ 24-ാം പതിപ്പിലാണ് ഈ പദം ചേർത്തിരിക്കുന്നത്. “ക്രിസ്തുമതത്തോടോ, ക്രിസ്ത്യാനികളോടോ, ക്രിസ്തീയമായ എന്തിനോടുമുള്ള വെറുപ്പ് അഥവാ വിരോധം” എന്നാണ് ഈ വാക്കിന് അക്കാദമി നൽകിയിരിക്കുന്ന നിർവചനം.
ഇസ്ലാമോഫോബിയ, ആന്റിസെമിറ്റിസം തുടങ്ങിയ പദങ്ങൾ നേരത്തെ തന്നെ നിഘണ്ടുവിൽ ഇടംപിടിച്ചിരുന്നു. ഈ വർഷം ജനുവരി മുതൽ ഇതിനായി പ്രചാരണം നടത്തിയിരുന്ന ‘സ്പാനിഷ് അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്സ്’ അക്കാദമിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇതൊരു ചരിത്രപരമായ വിജയമാണെന്ന് സംഘടനയുടെ പ്രസിഡന്റ് പൊളോണിയ കാസ്റ്റെല്ലാനോസ് പ്രതികരിച്ചു.
“സ്പാനിഷ് ക്രൈസ്തവർക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള സ്പാനിഷ് ഭാഷ സംസാരിക്കുന്ന എല്ലാവർക്കും ഇതൊരു ചരിത്ര വിജയമാണ്. കാലങ്ങളായി ക്രിസ്ത്യാനികൾക്ക് നേരെയുള്ള വിരോധവും ആക്രമണങ്ങളും അവഗണിക്കപ്പെടുകയോ നിസ്സാരമായി കാണുകയോ ആയിരുന്നു,” കാസ്റ്റെല്ലാനോസ് പറഞ്ഞു. നിഘണ്ടുവിൽ ഈ വാക്ക് ഉൾപ്പെടുത്തുന്നതിനായി 15,000 പേരുടെ ഒപ്പുകൾ ശേഖരിച്ച് സംഘടന ജനുവരിയിൽ അക്കാദമിക്ക് ഔദ്യോഗികമായി അപേക്ഷ നൽകിയിരുന്നു.
സ്പെയിനിലെ ‘ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ഫ്രീഡം ഓഫ് കോൺഷ്യൻസ്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025-ൽ രാജ്യത്ത് മതസ്വാതന്ത്ര്യത്തിന് നേരെ 306 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പകുതിയിലധികവും കത്തോലിക്കർക്ക് നേരെയായിരുന്നു. ആകെ ആക്രമണങ്ങളിൽ 70 ശതമാനവും ക്രിസ്ത്യാനികൾക്ക് നേരെയാണ് നടന്നത്. എന്നാൽ 2025-ൽ കത്തോലിക്കർക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട് രണ്ട് പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ് സ്പെയിനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് രേഖപ്പെടുത്തിയിട്ടുള്ളത്.




