സമാധാനത്തിനായുള്ള നിലവിളിയെ അടിച്ചമർത്താനാകില്ല: ഫ്രാൻസിസ് പാപ്പാ

സമാധാനത്തിനായുള്ള നിലവിളിയെ അടിച്ചമർത്താനാകില്ലെന്ന് ഫ്രാൻസിസ് പാപ്പാ. സഹനത്തിലൂടെ കടന്നുപോകുന്ന മാനവികതയുടെ മുഖത്ത് ഈ നിലവിളി എഴുതപ്പെട്ടിരിക്കുന്നുവെന്നും ഇത് സ്വർഗ്ഗത്തിലേക്കുയരുന്ന നിശബ്ദമായ വിലാപമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഒക്ടോബർ 26-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് സമാധാനത്തിനായുള്ള നിലവിളിയെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

“സമാധാനത്തിനായുള്ള നിലവിളി അടിച്ചമർത്താൻ കഴിയില്ല. ഇത് അമ്മമാരുടെ ഹൃദയത്തിൽ നിന്ന് ഉയർന്നുവരുന്നതാണ്. അഭയാർത്ഥികളുടെയും പലായനം ചെയ്യുന്ന കുടുംബങ്ങളുടെയും മുറിവേറ്റവരുടെയും മരണാസന്നരുടെയും മുഖങ്ങളിൽ അത് എഴുതപ്പെട്ടിരിക്കുന്നു. നിശബ്ദമായ ഈ നിലവിളി സ്വർഗ്ഗത്തിലേക്ക് ഉയരുന്നു” എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. സമാധാനം (#peace) എന്ന ഹാഷ്‌ടാഗോടു കൂടിയായിരുന്നു പാപ്പായുടെ സന്ദേശം.

വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ സാധാരണ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.