
ലെയോ പതിനാലാമൻ മാർപാപ്പയോടുള്ള ആദരസൂചകമായി പെറുവിലെ പ്രമുഖ തുറമുഖ നഗരമായ കയാവോയിൽ (Callao) 14 മീറ്റർ ഉയരമുള്ള കൂറ്റൻ പ്രതിമ സ്ഥാപിക്കുന്നു. പെറുവിൽ ഒരു മാർപാപ്പയുടെ പേരിൽ നിർമ്മിക്കപ്പെടുന്ന ഏറ്റവും വലിയ ശിൽപമായിരിക്കും ഇത്.
വരാനിരിക്കുന്ന പാപ്പയുടെ പെറുവിയൻ സന്ദർശനത്തിന് മുന്നോടിയായി, നവംബർ ആദ്യവാരത്തോടെ പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പസഫിക് സമുദ്രതീരത്തെ ‘കോസ്റ്റ വേർഡേ’ തീരദേശ മേഖലയിൽ നിർമ്മിക്കുന്ന ‘ഗാ ഏലിറ്റോ’ പാർക്കിലായിരിക്കും (Parque del Niño Gaelito) ഈ ബൃഹത്തായ സ്മാരകം ഉയരുക. ഇരു കൈകളും നീട്ടി കയാവോ നഗരത്തെ അനുഗ്രഹിക്കുന്ന രൂപത്തിലാണ് 14 മീറ്റർ ഉയരമുള്ള ഈ ശിൽപം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടൽക്കാറ്റിനെയും പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കാൻ ശേഷിയുള്ള മാർബിൾ ഫിനിഷിംഗോടെയായിരിക്കും നിർമ്മാണം.
ലെയോ പതിനാലാമൻ പാപ്പ തന്റെ ആദ്യ തെക്കേ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി നവംബർ 11 മുതൽ 16 വരെ പെറു സന്ദർശിക്കുന്നുണ്ട്. ഈ യാത്രാവേളയിലാണ് പ്രവിശ്യയിൽ പാപ്പയ്ക്കായി ഈ ആദരവ് ഒരുക്കുന്നത്. മാർപാപ്പയാകുന്നതിന് മുൻപ് റോബർട്ട് പ്രെവോസ്റ്റ് (Robert Prevost) എന്ന പേരിൽ ദീർഘകാലം പെറുവിൽ മിഷനറിയായും മെത്രാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് കയാവോ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ച പാപ്പ ഇവിടത്തെ ജനങ്ങൾക്ക് വലിയ ആശ്വാസമേകിയിരുന്നു.




