
അറബ് മേഖലകളിൽ ന്യൂനപക്ഷമായി ജീവിക്കുന്ന ക്രൈസ്തവസമൂഹം തങ്ങളുടെ ന്യൂനപക്ഷാവസ്ഥയെക്കുറിച്ചോ എണ്ണക്കുറവിനെക്കുറിച്ചോ ഭയപ്പെടേണ്ടതില്ലെന്ന് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. മധ്യപൂർവദേശത്തെയും അറബ് രാഷ്ട്രങ്ങളിലെയും ലത്തീൻ മെത്രാന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മാർപാപ്പ.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ വസിക്കുന്ന ക്രൈസ്തവസമൂഹങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്ന സ്നേഹത്തിന്റെ ഇടങ്ങളായി മാറണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. സഭയുടെ ഫലപ്രാപ്തി അളക്കുന്നത് വിശ്വാസികളുടെ എണ്ണത്തിലോ ഭൗതിക വിഭവങ്ങളിലോ ഘടനകളിലോ അല്ല, മറിച്ച് സുവിശേഷത്തോടുള്ള വിശ്വസ്തതയിലാണെന്ന് പാപ്പ പ്രത്യേകം ഓർമ്മിപ്പിച്ചു.
“ഗൾഫ് രാജ്യങ്ങളിൽ കുടുംബങ്ങളിൽ നിന്ന് അകന്ന് ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ പ്രത്യേകം സംരക്ഷിക്കണം. ഒറ്റപ്പെടലും അസ്ഥിരതയും അനുഭവിക്കുന്ന അവർക്ക് ക്രൈസ്തവ സമൂഹങ്ങൾ സ്വന്തം വീടുപോലെ ആശ്വാസം നൽകുന്ന ഇടങ്ങളാകണം. ഭൂമിശാസ്ത്രപരമായി ആയിരക്കണക്കിന് മൈലുകൾ അകലെ സ്ഥിതി ചെയ്യുന്നതും ആചാരങ്ങളിലും സംസ്കാരത്തിലും വൈവിധ്യമുള്ളതുമായ സഭകൾ തമ്മിൽ ശക്തമായ ഐക്യം പുലർത്തേണ്ടത് ആവശ്യമാണ്. കൂടാതെ സംഘർഷങ്ങളും യുദ്ധങ്ങളും നിലനിൽക്കുന്ന മിഡിൽ ഈസ്റ്റ് മേഖലയിൽ സമാധാനത്തിന്റെയും പ്രത്യാശയുടെയും സാക്ഷികളായി ക്രൈസ്തവർ നിലകൊള്ളുകയും വേണം”- പാപ്പ ആഹ്വാനം ചെയ്തു.
വിശുദ്ധ നാട്, ഇറാഖ്, സിറിയ, ഈജിപ്ത്, ഗൾഫ് രാജ്യങ്ങൾ, ഹോൺ ഓഫ് ആഫ്രിക്ക എന്നിവിടങ്ങളിലെ ലത്തീൻ സഭാതലവന്മാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.




