അകാലത്തിൽ ജനിച്ച ഇരട്ടക്കുട്ടികളുമായി വി. ഫ്രാൻസിസിന് നൽകിയ വാക്കുപാലിച്ച് ഒരമ്മ

ഗർഭാവസ്ഥയുടെ 28-ാം ആഴ്ചയിൽ അകാലത്തിൽ ജനിച്ച തന്റെ ഇരട്ടക്കുട്ടികൾ ജീവനോടെ വീട്ടിലേക്ക് തിരിച്ചെത്തിയാൽ വി. ഫ്രാൻസിസിന്റെ ബസിലിക്കയിൽ എത്തി നന്ദി പറയുമെന്ന നേർച്ച നിറവേറ്റി ബ്രസീലിൽ നിന്നുള്ള അന്റോണിയ കേലിയാന എന്ന അമ്മ. ബ്രസീലിലെ പാരൈബയിലുള്ള സാവോ ഡൊമിംഗോസ് ഡോ കരീരിയിൽ നിന്ന് സെയാറയിലെ കനിൻഡെയിലുള്ള വി. ഫ്രാൻസിസിന്റെ പ്രശസ്തമായ തീർഥാടന കേന്ദ്രത്തിലേക്ക് നൂറുകണക്കിന് മൈലുകൾ സഞ്ചരിച്ചാണ് അന്റോണിയ തന്റെ കുഞ്ഞുങ്ങളുമായി എത്തിയത്.

തീർഥാടന കേന്ദ്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഈ വികാരനിർഭരമായ അനുഭവം ലോകമറിഞ്ഞത്. ഭയത്തിന്റെയും ആശങ്കകളുടെയും നാളുകളിലും വിശ്വാസം തങ്ങളെ കൈവിട്ടില്ലെന്ന് അന്റോണിയ ഓർത്തെടുക്കുന്നു. മക്കളെ ജീവനോടെ തിരികെ ലഭിച്ചാൽ കനിൻഡെയിലെ ബസിലിക്കയിലെത്തി അവരെ സമർപ്പിക്കാമെന്ന് പ്രാർഥിച്ച അന്റോണിയ, കുഞ്ഞുങ്ങൾ പൂർണ്ണ ആരോഗ്യത്തോടെ വീട്ടിലെത്തിയതോടെ ആ വാഗ്ദാനം നിറവേറ്റുകയായിരുന്നു.

തന്റെ ഇരട്ടക്കുട്ടികളെ ‘രണ്ട് ജീവനുള്ള സാക്ഷ്യങ്ങൾ’ എന്നാണ് ഈ അമ്മ വിശേഷിപ്പിക്കുന്നത്. തനിക്ക് എപ്പോഴും ഏറെ ഭക്തിയുള്ള വി. ഫ്രാൻസിസിന് മുന്നിൽ കുഞ്ഞുങ്ങളെയുമേന്തി നന്ദിയോടെ നിൽക്കാൻ സാധിച്ചതിലെ സന്തോഷം വാക്കുകൾക്ക് അതീതമാണെന്ന് അന്റോണിയ പങ്കുവച്ചു. കാത്തിരിപ്പിന്റെയും വേദനയുടെയും നാളുകൾക്ക് ശേഷം ലഭിച്ച ഈ അനുഗ്രഹത്തിന് നന്ദി പറയാൻ എത്തിയ അമ്മയുടെയും കുഞ്ഞുങ്ങളുടെയും കാഴ്ച വലിയൊരു പ്രത്യാശയുടെ സന്ദേശമാണ് നൽകുന്നത്.

“നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് വെളിച്ചവും, ദുഃഖമുള്ളിടത്ത് സന്തോഷവും വിതറാൻ എന്നെ സഹായിക്കണമേ” എന്ന വിശുദ്ധ ഫ്രാൻസിസിന്റെ പ്രശസ്തമായ പ്രാർഥനയോടെയാണ് ബസിലിക്കയിലെ ഓഫീസ് പങ്കുവച്ച വീഡിയോ അവസാനിക്കുന്നത്. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ ഉള്ളിൽ നിറഞ്ഞ പ്രാർഥന സഫലമായപ്പോൾ, അന്ന് തനിച്ചായിരുന്ന അമ്മ ഇന്ന് തന്റെ കൈകളിൽ രണ്ട് കുരുന്നുകളുമായി നന്ദിയുടെ വലിയൊരു കഥ ലോകത്തോട് പറയുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.