
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ‘നല്ല സമരിയാക്കാരന്റെ പ്രതീകം’ എന്നും ‘ദരിദ്രർക്കായി സ്വന്തം ജീവിതം പൂർണ്ണമായി സമർപ്പിച്ച വ്യക്തി’ എന്നും വിശേഷിപ്പിച്ച മദർ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടിട്ട് ഈ സെപ്റ്റംബർ നാലിന് പത്ത് വർഷം പൂർത്തിയാകുന്നു.
ലോകം ആദരവോടെ ഉറ്റുനോക്കിയ ഒരു വ്യക്തിത്വമായിരുന്നു മദർ തെരേസയുടേത്. പ്രായം ചുളിവുകൾ വീഴ്ത്തിയ മുഖത്തെ മായാത്ത പുഞ്ചിരിയുമായി അവർ നടന്നുകയറിയത് ലോകത്തിന്റെ മനഃസാക്ഷിക്കുള്ളിലേക്കാണ്. വേദനിക്കുന്ന ആളുകൾക്കായി അവര്‍ അതിർത്തികൾ കടന്നു. തന്റെ സാന്നിധ്യം ആവശ്യമാണെന്നു മനസിലാക്കിയ ഇടങ്ങളിലെല്ലാം അവര്‍ കയറിച്ചെന്നു. അതിർത്തിയോ ഭാഷയോ രാജ്യങ്ങളോ ഒന്നും അവര്‍ നോക്കിയില്ല. ആ മഹനീയവ്യക്തിത്വത്തിന് ഉടമയെ ലോകം എങ്ങനെ ആദരിക്കാതിരിക്കും?
മദറിനെ തേടി നിരവധി പുരസ്‌കാരങ്ങളാണ് എത്തിയത്. അതിൽ പ്രധാനപ്പെട്ടതാണ് 1979-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം. സമ്മാനത്തുകയായ 1,92,000 അമേരിക്കൻ ഡോളർ, മദർ പാവങ്ങൾക്കായി സംഭാവന ചെയ്തു. 1962-ൽ ഇന്ത്യ, മദർ തെരേസയ്ക്ക് പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. ഇന്ത്യയ്ക്കു പുറത്തു ജനിച്ച ഒരാൾക്ക് ഈ ബഹുമതി നൽകുന്നത് ഇതാദ്യമായിട്ടായിരുന്നു.
1997 സെപ്തംബര്‍ 5-ന് തന്റെ നിത്യസമ്മാനത്തിനായി പോയ മദറിനെ 2003 ഒക്ടോബര്‍ 19-ന് ജോണ്‍പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവളും 2016 സെപ്റ്റംബർ 4-ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായും പ്രഖ്യാപിച്ചു. മദർ തെരേസയുടെ മഹനീയ മാതൃക പിന്തുടർന്ന് നമുക്കും പാവങ്ങളോടും പരിത്യക്തരോടും ഐക്യപ്പെട്ടു അവരുടെ ഇടയിൽ യേശു സാന്നിധ്യമായി മാറാം.




