ബുർക്കിന ഫാസോയിൽ 40 ശതമാനത്തോളം പ്രദേശങ്ങൾ തീവ്രവാദികളുടെ നിയന്ത്രണത്തിൽ; ക്രൈസ്തവ പീഡനം രൂക്ഷമെന്ന് റിപ്പോർട്ട്

പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ക്രൈസ്തവ സമൂഹത്തിനെതിരായ അക്രമങ്ങളും പീഡനങ്ങളും അതീവ ഗുരുതരമായി തുടരുന്നതായി അന്താരാഷ്ട്ര ക്രൈസ്തവ സഹായ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (ACN) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്തിന്റെ 40 ശതമാനത്തോളം പ്രദേശങ്ങളും വഹാബി-ജിഹാദി തീവ്രവാദ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2026-ലെ ഗ്ലോബൽ ടെററിസം ഇൻഡക്സ് പ്രകാരം പാക്കിസ്ഥാന് തൊട്ടുപിന്നാലെ ലോകത്ത് ഭീകരാക്രമണ ഭീഷണി ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ബുർക്കിന ഫാസോ.

വിശുദ്ധ കുർബാനയ്ക്കിടെ വൈദികന് സംരക്ഷണം തീർത്ത് സ്ത്രീകൾ

2025 ഓഗസ്റ്റിൽ ബുർക്കിന ഫാസോയിലെ കായാ (Kaya) രൂപതയിൽ നടന്ന നടുക്കുന്ന ഒരു സംഭവം റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെ വൈദികന് നേരെ ഭീകരരുടെ ആക്രമണമുണ്ടായപ്പോൾ, അദ്ദേഹത്തിന് ചുറ്റും മനുഷ്യകവചം തീർത്താണ് പ്രദേശവാസികളായ സ്ത്രീകൾ വൈദികനെ രക്ഷപ്പെടുത്തിയത്.

“ധീരമായ ഈ സംഭവത്തിന് അന്താരാഷ്ട്ര മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം കൊടുത്തില്ലെങ്കിലും, പ്രത്യാശയുടെയും വിശ്വാസത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും വലിയൊരു പ്രതീകമായി ഇത് നിലകൊള്ളുന്നു” എന്ന് രൂപതാധ്യക്ഷനായ ബിഷപ്പ് തിയോഫിൽ നാരെ പറഞ്ഞു.

ഇസ്ലാമിക ആചാരങ്ങൾ അടിച്ചേൽപ്പിക്കുന്നു

2015-ൽ അയൽരാജ്യമായ മാലിയിൽ നിന്ന് കടന്നുകയറിയ അൽ-ഖ്വയ്ദ, ഐസിസ് ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പുകൾ രാജ്യത്തിന്റെ തെക്കൻ മേഖലകളൊഴികെ മറ്റെല്ലായിടത്തും സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു. ഗ്രാമവാസികൾക്ക് മേൽ തീവ്രവാദികൾ തങ്ങളുടെ ആചാരങ്ങൾ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുകയാണ്. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കണമെന്നും പുരുഷന്മാർ താടി വളർത്തണമെന്നുമാണ് ഭീകരരുടെ ഉത്തരവ്. ഇത് ലംഘിക്കുന്നവരെ നാടുകടത്തുകയോ പരസ്യമായി വധിക്കുകയോ ചെയ്യുന്നു. ക്രിസ്ത്യാനികൾക്ക് ദൈവാലയങ്ങൾക്കുള്ളിൽ മാത്രം പ്രാർഥിക്കാൻ ചിലയിടങ്ങളിൽ അനുവാദം നൽകുന്നുണ്ടെങ്കിലും കുട്ടികൾക്ക് വിശ്വാസം പകർന്നുനൽകുന്നതിന് വിലക്കുണ്ട്.

കൂട്ടക്കൊലകളും പലായനവും

2024 മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ മാത്രം സേകുയി-ദൂംബാല മേഖലയിൽ നൂറോളം ക്രൈസ്തവർ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. 2024 ഓഗസ്റ്റ് 25-ന് നൗന രൂപതയിലെ സനാബ ഗ്രാമത്തിൽ പ്രൊട്ടസ്റ്റന്റ് ദൈവാലയത്തിന് സമീപത്തു വച്ച് 12 വയസ്സിന് മുകളിലുള്ള 26 പുരുഷന്മാരെ ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് അയ്യായിരത്തിലധികം സ്ത്രീകളും കുട്ടികളും അഭയാർഥികളായി പലായനം ചെയ്യാൻ നിർബന്ധിതരായി.

2024 ഓഗസ്റ്റ് മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 18 രാജ്യങ്ങളിൽ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് എസിഎൻ റിപ്പോർട്ട് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.