
ബർഗറും പിസയും ഫ്രൈഡ് ചിക്കനും… രുചികരമായ ഇത്തരം ഭക്ഷണങ്ങൾ കാണുമ്പോൾ കഴിക്കാൻ തോന്നാത്തവർ ചുരുക്കമായിരിക്കും! തിരക്കിനിടയിൽ പെട്ടെന്ന് വിശപ്പകറ്റാമെന്നതും രുചിയുടെ വൈവിധ്യവുമാണ് ഫാസ്റ്റ് ഫുഡിനെ ജനപ്രിയമാക്കുന്നത്. എന്നാൽ, ഇടയ്ക്കൊരിക്കൽ കഴിക്കുന്നതും പതിവായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
അമിതമായ ഉപ്പും കൊഴുപ്പും കലോറിയും അടങ്ങിയ ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കാം. തിരക്കേറിയ ജീവിതത്തിൽ ഇത്തരം ഭക്ഷണങ്ങളെ പൂർണമായി ഒഴിവാക്കുക പ്രയാസമാണെങ്കിലും അവയുടെ ഉപയോഗം നിയന്ത്രിക്കാൻ നമുക്കു കഴിയും. അതിന് വലിയ ത്യാഗങ്ങളൊന്നും വേണ്ട; ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി.
ഫാസ്റ്റ് ഫുഡ് കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ശീലങ്ങൾ
1. എന്ത് കഴിക്കണം എന്നതിനെക്കുറിച്ച് മുൻകൂട്ടിയുള്ള ധാരണ
വിശക്കുമ്പോൾ എന്തു കഴിക്കണമെന്ന് ആലോചിക്കുന്നതിനുപകരം, ദിവസത്തെ ഭക്ഷണക്രമം നേരത്തേ തീരുമാനിക്കുക. വീട്ടിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ കരുതുന്നതും ജോലിസ്ഥലത്തേക്ക് പഴങ്ങളോ നട്സോ കൊണ്ടുപോകുന്നതും പുറത്തുനിന്ന് ഭക്ഷണം വാങ്ങേണ്ട സാഹചര്യം കുറയ്ക്കും. തിരക്കിനിടയിലും നല്ല ഭക്ഷണം തിരഞ്ഞെടുക്കാൻ മുൻകൂട്ടിയുള്ള തയ്യാറെടുപ്പ് സഹായിക്കും.
2. പോഷകസമൃദ്ധമായ ഭക്ഷണത്തിന് മുൻഗണന നൽകാം
ഭക്ഷണം വയറുനിറയ്ക്കാൻ മാത്രമുള്ളതല്ല; ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതും അതിന്റെ ലക്ഷ്യമാണ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ പതിവായി ഉൾപ്പെടുത്തുക. ഭക്ഷണം ഒഴിവാക്കാതെ കൃത്യമായ ഇടവേളകളിൽ കഴിക്കുന്നതും പ്രധാനമാണ്. സമീകൃതാഹാരം ശരീരത്തിന്റെ ആരോഗ്യവും ഊർജവും നിലനിർത്താൻ സഹായിക്കും.
3. രുചിയും ആരോഗ്യവും ഒരുമിപ്പിക്കാം
ഫാസ്റ്റ് ഫുഡിനോടുള്ള ആഗ്രഹം കുറയ്ക്കാൻ ഇഷ്ടപ്പെട്ട വിഭവങ്ങൾക്ക് ആരോഗ്യകരമായ മറ്റു വിഭവങ്ങൾ പരീക്ഷിക്കാം. വീട്ടിൽ തയ്യാറാക്കുന്ന പച്ചക്കറി സാൻഡ്വിച്ചുകൾ, പഴങ്ങൾ, നട്സ്, തൈര് തുടങ്ങിയവ നല്ല തിരഞ്ഞെടുപ്പുകളാണ്. ബർഗറോ മറ്റു പലഹാരങ്ങളോ വീട്ടിൽ തയ്യാറാക്കുമ്പോൾ എണ്ണയുടെയും ഉപ്പിന്റെയും അളവ് നിയന്ത്രിക്കാനും കഴിയും. ആരോഗ്യകരമായ ഭക്ഷണം രുചികരവുമാകാമെന്ന് ഇത്തരം പരീക്ഷണങ്ങൾ നമ്മെ പഠിപ്പിക്കും.
4. വിശപ്പും വെറുതെയുള്ള ആഗ്രഹവും തിരിച്ചറിയാം
ഭക്ഷണത്തിന്റെ പരസ്യങ്ങൾ കാണുമ്പോഴോ മറ്റുള്ളവർ കഴിക്കുന്നത് കാണുമ്പോഴോ ചിലപ്പോൾ വിശപ്പില്ലെങ്കിലും കഴിക്കാൻ തോന്നാം. അത്തരം സന്ദർഭങ്ങളിൽ ശരിക്കും വിശക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക. ദാഹമാണെങ്കിൽ വെള്ളം കുടിക്കാം. ഭക്ഷണം കഴിക്കണമെന്ന ആഗ്രഹം മാത്രമാണെങ്കിൽ അൽപ്പസമയം കാത്തിരുന്നശേഷം തീരുമാനമെടുക്കാം. ഇത്തരം തിരിച്ചറിവുകൾ അനാവശ്യമായി ഭക്ഷണം കഴിക്കുന്ന ശീലം കുറയ്ക്കാൻ സഹായിക്കും.
5. സമ്മർദത്തിന് ഭക്ഷണത്തെ ആശ്രയിക്കാതിരിക്കാം
സങ്കടം, മാനസിക സമ്മർദം, ഏകാന്തത, മടുപ്പ് തുടങ്ങിയവ ചിലരെ ഫാസ്റ്റ് ഫുഡിലേക്ക് നയിക്കാറുണ്ട്. അത്തരം സമയങ്ങളിൽ ഭക്ഷണത്തിലൂടെ ആശ്വാസം തേടുന്നതിനുപകരം നടക്കുക, പാട്ട് കേൾക്കുക, സുഹൃത്തുക്കളുമായി സംസാരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടാം. മനസ്സിന്റെ അസ്വസ്ഥതകൾ തിരിച്ചറിയുകയും അവയെ ആരോഗ്യകരമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഭക്ഷണശീലങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും.
6. ചെറിയ മാറ്റങ്ങളിലൂടെ തുടങ്ങാം
ഒറ്റദിവസംകൊണ്ട് ഭക്ഷണശീലങ്ങൾ പൂർണമായി മാറ്റേണ്ടതില്ല. ആഴ്ചയിൽ പലതവണ ഫാസ്റ്റ് ഫുഡ് കഴിക്കുന്നവർക്ക് ആദ്യം അതിന്റെ എണ്ണം കുറയ്ക്കാം. പുറത്തുനിന്ന് ഭക്ഷണം വാങ്ങുമ്പോൾ ചെറിയ അളവുകൾ തിരഞ്ഞെടുക്കുക, പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾക്കു പകരം വെള്ളം കുടിക്കുക, വറുത്ത ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ മാറ്റങ്ങൾ പരീക്ഷിക്കാം. സ്വന്തം ജീവിതരീതിക്ക് അനുയോജ്യമായ തീരുമാനങ്ങൾ സ്ഥിരമായി പിന്തുടരുകയാണ് പ്രധാനം.
7. വ്യായാമത്തിനും വിശ്രമത്തിനും സമയം കണ്ടെത്താം
ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണത്തോടൊപ്പം ശാരീരിക പ്രവർത്തനവും ആവശ്യമാണ്. ദിവസവും കുറച്ചുസമയം നടക്കുക, ഇഷ്ടമുള്ള വ്യായാമങ്ങളിൽ ഏർപ്പെടുക, മതിയായ ഉറക്കം ഉറപ്പാക്കുക എന്നിവ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഇത്തരം ശീലങ്ങൾ പിന്തുടരുന്നത് കൂടുതൽ പ്രചോദനം നൽകും.
ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു നല്ല തുടക്കം
ഫാസ്റ്റ് ഫുഡ് ശീലം മാറ്റുക എന്നത് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളോട് പൂർണമായി വിടപറയുക എന്നല്ല. അവയുടെ ഉപയോഗം നിയന്ത്രിച്ച് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾക്ക് കൂടുതൽ ഇടം നൽകുക എന്നതാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും അളവിലും ശ്രദ്ധ പുലർത്തുന്നതിലൂടെ ദീർഘകാല ആരോഗ്യത്തിന് നമുക്ക് അടിത്തറയിടാം.
നല്ല ആരോഗ്യം ഒരു ദിവസംകൊണ്ട് നേടാനാകില്ല; എന്നാൽ അതിലേക്കുള്ള ആദ്യ ചുവട് ഇന്ന് തന്നെ വയ്ക്കാം. നമ്മുടെ ഭക്ഷണശീലങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ നാളത്തെ ജീവിതത്തെ കൂടുതൽ ആരോഗ്യകരമാക്കും.
വിവർത്തനം: ഡിൻസി തോമസ്




