സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ബുധൻ സെപ്റ്റംബർ 09 മത്തായി 12: 33-37 വ്യർഥമായ ഓരോ വചനത്തിനും വിധിദിവസം കണക്ക് കേൾപ്പിക്കേണ്ടിവരും

“ദുഷ്ടരായിരിക്കെ, നല്ല കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും” എന്ന് ഈശോ ചോദിക്കുന്നുണ്ട് (34). ദുഷ്ടഹൃദയത്തോടെ, നല്ലതെന്നു തോന്നിപ്പിക്കുന്നവ പറയുന്നവരും ചെയ്യുന്നവരും നമുക്കിടയിലുണ്ടെന്ന് ഓര്‍മ്മിക്കേണ്ടതാണ്. നല്ല കാര്യങ്ങള്‍ പറയുന്ന ദുഷ്ടരെ നമ്മള്‍ ശ്രദ്ധിക്കണം. കാരണം, അവരാണ് നമുക്കിടയില്‍ കൂടുതല്‍ അന്തഃഛിദ്രങ്ങള്‍ ഉണ്ടാക്കുന്നത്.

“ഹൃദയത്തിന്റെ നിറവിൽ നിന്നും അധരം സംസാരിക്കുന്നു” എന്നാണ് വചനം പറയുന്നതെങ്കിലും ഹൃദയത്തിന്റെ യഥാർഥ അവസ്ഥ മറച്ചുവച്ചു സംസാരിക്കുന്ന അധരങ്ങള്‍ ഇപ്പോഴുമുണ്ടെന്നും ഓര്‍മ്മിക്കണം. അപ്പോള്‍, കൂടുതല്‍ വിവേകമുള്ളവരായി നാം മാറണമെന്ന് സാരം. അതിബുദ്ധിമാന്മാരുടെ കപടത തിരിച്ചറിയുക ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വ്യർഥമായ ഓരോ വചനത്തിനും വിധിദിവസം കണക്ക് കേൾപ്പിക്കേണ്ടിവരുമെന്ന വചനം നമ്മെ കൂടുതൽ ശ്രദ്ധയുള്ളവരാക്കട്ടെ. നല്ലതുമാത്രം സംസാരിക്കാൻ, വാക്കുകളിലൂടെ ദൈവത്തെ നൽകാൻ നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.