മൊസാംബിക്കിലെ കാബോ ഡെൽഗാഡോയിൽ അടിയന്തരസഹായം തേടി ഒമ്പത് ലക്ഷത്തിലധികം ജനങ്ങൾ

മൊസാംബിക്കിന്റെ വടക്കൻ പ്രവിശ്യയായ കാബോ ഡെൽഗാഡോയിൽ മാനുഷിക പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നതായി അന്താരാഷ്ട്ര ഏജൻസികൾ മുന്നറിയിപ്പ് നൽകി. ജർമ്മൻ സന്നദ്ധ സംഘടനയായ ‘ജൊഹാനിറ്റർ ഇന്റർനാഷണൽ അസിസ്റ്റൻസ്’ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വടക്കൻ മൊസാംബിക്കിലെ 11 ലക്ഷത്തോളം ജനങ്ങൾ അടിയന്തര മാനുഷിക സഹായം ആവശ്യമുള്ളവരാണ്. ഇതിൽ 9,19,000 പേരും കാബോ ഡെൽഗാഡോ പ്രവിശ്യയിൽ ഉള്ളവരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തീവ്രവാദ ആക്രമണങ്ങളും കാലാവസ്ഥാ വ്യതിയാനവും മൂലം ദുരിതത്തിലായ ജനങ്ങളിൽ പകുതിയോളം പേർക്ക് മാത്രമാണ് നിലവിൽ എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ ലഭിക്കുന്നത്. ആരോഗ്യ സംരക്ഷണം, ആഹാരം, വിദ്യാഭ്യാസം, സുരക്ഷിതത്വം എന്നിവയാണ് ഇവിടുത്തെ ജനങ്ങൾ അടിയന്തരമായി ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനായുള്ള ഓഫീസ് (OCHA) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 12,000-ത്തിലധികം ആളുകളാണ് അക്രമങ്ങളെ ഭയന്ന് വീടുപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നത്. 2026-ന്റെ തുടക്കം മുതൽ ഇതുവരെ 26,000-ത്തിലധികം ആളുകൾ പലായനം ചെയ്തു കഴിഞ്ഞു. ഇതിൽ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. മുൻ മാസങ്ങളെ അപേക്ഷിച്ച് ജൂണിൽ പലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒറ്റ പ്രദേശത്തേക്ക് ജനങ്ങൾ കൂട്ടത്തോടെ എത്തുന്നതോടെ ലഭ്യമായ കുറഞ്ഞ വിഭവങ്ങൾക്കായുള്ള ക്ഷാമം കൂടുതൽ രൂക്ഷമാകുകയാണ്. പ്രദേശത്ത് നിലനിൽക്കുന്ന കടുത്ത വരൾച്ചയും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. 2017-ൽ അൽ-ഷബാബ് (Islamic State of Mozambique) എന്ന സായുധ തീവ്രവാദ ഗ്രൂപ്പ് ആരംഭിച്ച ആക്രമണങ്ങളാണ് ഈ പ്രദേശത്തെ തകർത്തത്. പ്രവിശ്യയിലെ പ്രകൃതിവാതക ഖനന മേഖലകളെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രധാന പ്രവർത്തനം. ഇതിനെത്തുടർന്ന് ഫ്രഞ്ച് കമ്പനിയായ ‘ടോട്ടൽ എനർജീസ്’ ഇവിടെ നിർത്തിവച്ചിരുന്ന ഖനന പ്രവർത്തനങ്ങൾ 2026 അവസാനത്തോടെ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പ്രദേശത്തെ സുരക്ഷാ സാഹചര്യം ഇപ്പോഴും സങ്കീർണ്ണമായി തുടരുകയാണ്. കടുത്ത പ്രതിസന്ധികൾക്കിടയിലും പരിക്കേറ്റവർക്കും അഭയാർഥികൾക്കുമായി കത്തോലിക്കാ സഭയും വിവിധ ഏജൻസികളും ആശ്വാസ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.