
ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് നവംബർ ഒൻപത് തിങ്കളാഴ്ച രാജ്യത്ത് ദേശീയ അവധിയായിരിക്കുമെന്ന് അർജന്റീന സർക്കാർ സ്ഥിരീകരിച്ചു. സുരക്ഷാ മന്ത്രി അലെഹാന്ദ്ര മോണ്ടിയോലിവയുടെ (Alejandra Monteoliva) അധ്യക്ഷതയിൽ സുരക്ഷാ മന്ത്രാലയ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ ഭരണാധികാരികൾ, സഭാ തലവൻമാർ, മാർപാപ്പ സന്ദർശിക്കുന്ന വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രസിഡൻസിയുടെ ജനറൽ സെക്രട്ടറി കരീന മിലെയ് (Karina Milei), അർജന്റീന എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രതിനിധികൾ, ബ്യൂണസ് ഐറിസ് നഗരം, ബ്യൂണസ് ഐറിസ് പ്രവിശ്യ, കോർഡോബ പ്രവിശ്യ എന്നിവിടങ്ങളിലെ ഗവർണർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഹാവിയർ മിലെയ് (Javier Milei) സർക്കാർ, നവംബർ ഒമ്പതിന് ദേശീയ അവധിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. അന്നേ ദിവസം രാവിലെ 11:30 ന് ബ്യൂണസ് ഐറിസ് നഗരത്തിലെ ‘മോണുമെന്റ് ടു ദി സ്പാനിഷ്’ (Monument to the Spanish) ന് മുന്നിൽ വച്ച് പാപ്പ വിശുദ്ധ കുർബാന അർപ്പിക്കും.
ഇതിനുപുറമെ കോർഡോബ സർക്കാർ, പരിശുദ്ധ പിതാവ് തലസ്ഥാന നഗരിയിൽ എത്തുന്ന ദിവസമായ നവംബർ 10 ചൊവ്വാഴ്ചയും പ്രാദേശിക അവധിയായി പ്രഖ്യാപിക്കും. കോർഡോബ സുരക്ഷാ മന്ത്രി ഹുവാൻ പാബ്ലോ ക്വിന്ററോസ് ‘ലാ വോസ്’ (La Voz) പത്രത്തോട് ഇക്കാര്യം സ്ഥിരീകരിച്ചു. നവംബർ 11-ന് ‘ഔവർ ലേഡി ഓഫ് ലൂഹാൻ’ ബസിലിക്കയിൽ (Basilica and National Shrine of Our Lady of Luján) മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനാൽ, ബ്യൂണസ് ഐറിസ് പ്രവിശ്യയിലും അന്നേ ദിവസം പ്രാദേശിക അവധി പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലാണ്. മാർപാപ്പയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ ദേശീയ സർക്കാരും ബ്യൂണസ് ഐറിസ് നഗരസഭയും പ്രവിശ്യാ സർക്കാരുകളും സംയുക്തമായി വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തീർഥാടകരെ സഹായിക്കാൻ 20,000 സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്നും നിലവിൽ 14,000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ഹൊർഹെ ഗാർസിയ ക്വേർവ (Monsignor Jorge García Cuerva) അറിയിച്ചു. കൂടുതൽ പേർ സന്നദ്ധപ്രവർത്തനത്തിനായി മുന്നോട്ട് വരണമെന്ന് അദ്ദേഹം ‘ഓർബെ 21’ (Orbe 21) വഴി അഭ്യർഥിച്ചു. സന്നദ്ധപ്രവർത്തകരായി രജിസ്റ്റർ ചെയ്യുന്നവർക്ക് മാർപാപ്പയുടെ സന്ദർശന ദിവസങ്ങളിൽ ‘SUBE’ നെറ്റ്‌വർക്ക് പൊതുഗതാഗത സൗകര്യങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാം




