
ജയിലുകളിൽ കഴിയുന്ന തടവുകാർക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്കും വേണ്ടി എല്ലാ ഇടവകകളിലും പ്രത്യേക ‘ഹോളി അവർ’ (Hora Santa) ആരാധനയും പ്രാർഥനയും സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്ത് മെക്സിക്കോയിലെ മോണ്ടെറെ ആർച്ച് ബിഷപ്പ്. സെപ്റ്റംബർ 24-ന് എല്ലാ ഇടവക സമൂഹങ്ങളും തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും ആശ്വാസത്തിനായും മാനസാന്തരത്തിനായും പരിശുദ്ധ ദിവ്യകാരുണ്യത്തിന് മുന്നിൽ പ്രാർഥനാപൂർവം ഒന്നിക്കണമെന്ന് അദ്ദേഹം വൈദികരോടും വിശ്വാസികളോടും അഭ്യർഥിച്ചു.
തടവറകളിൽ കഴിയുന്നവർ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങളിൽ ദൈവത്തിന്റെ കരുണയും ആശ്വാസവും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രാർഥനാ സംരംഭം സംഘടിപ്പിക്കുന്നത്. ശിക്ഷ അനുഭവിക്കുന്നവർക്ക് സമൂഹത്തിലേക്ക് നല്ല മനുഷ്യരായി തിരിച്ചെത്താനും, അവരുടെ ജീവിതത്തിൽ ദൈവീക പ്രകാശം ചൊരിയാനും സഭയുടെ ആത്മീയ പിന്തുണ ആവശ്യമാണെന്ന് ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.
സഭയുടെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി, തടവറകളിൽ കഴിയുന്നവർ ഒറ്റയ്ക്കല്ലെന്നും ക്രിസ്തുവിന്റെ സ്നേഹവും കരുണയും അവർക്കൊപ്പമുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ പ്രാർഥനാ ദിനം.




