
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലാണ് മഴ മുന്നറിയിപ്പ് കൂടുതലായി ഉള്ളത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമായത്.
മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ ഇടിമിന്നലിനെതിരെ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാം.




