
വി. ഓസ്കാർ അർണുൾഫോ റൊമേറോയ്ക്ക് തിരുസഭയിൽ പുതിയൊരു അംഗീകാരം കൂടി ലഭിക്കുകയാണ്. അദ്ദേഹം ഇനി മധ്യ അമേരിക്കയിലെ മെത്രാന്മാരുടെ മധ്യസ്ഥനായി (Patron Saint) അറിയപ്പെടും.
ഈ മേഖലയിലെ മെത്രാന്മാർ തന്നെ സമർപ്പിച്ച അഭ്യർഥന പ്രകാരം, ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ച ഈ പദവി, വത്തിക്കാനിലെ ആരാധനാക്രമത്തിനും കൂദാശകളുടെ ചിട്ടകൾക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററി (Dicastery for Divine Worship and the Discipline of the Sacraments) ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ദിനമായ 2026 സെപ്റ്റംബർ 14 നാണ് ഇതു സംബന്ധിച്ച ഡിക്രിയിൽ ഒപ്പുവച്ചതെങ്കിലും, നവംബർ 17 നാണ് എൽ സാൽവഡോർ മെത്രാൻസമിതിയും പനാമ അതിരൂപതയും ഈ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.
മധ്യ അമേരിക്കൻ മെത്രാൻ സെക്രട്ടേറിയറ്റ് പ്രസിഡന്റ് മോൺസിഞ്ഞോർ ഹെക്ടർ ഡേവിഡ് ഗാർസിയ ഒസോറിയോയാണ് മെത്രാന്മാർക്കു വേണ്ടി വത്തിക്കാനിൽ ഈ അഭ്യർഥന സമർപ്പിച്ചത്. ഡിക്കാസ്റ്ററി പ്രീഫെക്ട് കർദിനാൾ ആർതർ റോഷെ, സെക്രട്ടറി മോൺസിഞ്ഞോർ വിറ്റോറിയോ ഫ്രാൻസെസ്കോ വിയോള (OFM) എന്നിവരാണ് ഡിക്രിയിൽ ഒപ്പുവച്ചിരിക്കുന്നത്.
വിശുദ്ധന്റെ അജപാലന സമർപ്പണത്തെയും പാവപ്പെട്ടവർക്കു വേണ്ടിയുള്ള നിലപാടുകളെയും എടുത്തുപറഞ്ഞുകൊണ്ട് പനാമ അതിരൂപതയും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. സാൻ സാൽവഡോർ ആർച്ച്ബിഷപ്പായിരുന്ന വി. ഓസ്കാർ അർണുൾഫോ റൊമേറോ, മനുഷ്യന്റെ അന്തസ്സിനു വേണ്ടി ശബ്ദമുയർത്തിയ സാൽവഡോർ സഭയിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. 1980 മാർച്ച് 24 ന് സാൻ സാൽവഡോറിലെ ഡിവിന പ്രൊവിഡെൻസിയ ആശുപത്രി ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടത്.
2018 ഒക്ടോബർ 14 ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ചടങ്ങിൽ മറ്റ് ആറ് വാഴ്ത്തപ്പെട്ടവർക്കൊപ്പം ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.




