
വടക്കൻ സുഡാനിലെ ചരിത്രപ്രധാനമായ ഓൾഡ് ഡോംഗോള (Old Dongola) പ്രദേശത്ത് നടത്തിയ പുരാവസ്തു ഗവേഷണത്തിൽ, മധ്യകാലഘട്ടത്തിലെ വലിയ ക്രിസ്ത്യൻ കത്തീഡ്രലിന്റെ യഥാർഥ തറയും ഭാഗങ്ങളും ഗവേഷകർ കണ്ടെത്തി. വലിപ്പത്തിൽ വൈറ്റ് ഹൗസിനേക്കാൾ വലുതാണ് കണ്ടെത്തിയ ദൈവാലയം എന്ന് ഗവേഷകർ വെളിപ്പെടുത്തുന്നു. നൂബിയയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യൻ നിർമ്മിതികളിൽ ഒന്നിന്റെ വ്യാപ്തിയും വാസ്തുവിദ്യാ പ്രാധാന്യവുമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
ഈ മാസം ആദ്യം പോളിഷ്-സുഡാനീസ് ഗവേഷക സംഘമാണ് ഇവിടെ 36 അടി ഉയരമുള്ള ഭിത്തികളോട് കൂടിയ ഒരു ഗോവണിപ്പടി കണ്ടെത്തിയത്. മധ്യകാല നൂബിയയിലെ (വടക്കുകിഴക്കൻ ആഫ്രിക്കയിൽ, നൈൽ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ചരിത്രപ്രധാനമായ പ്രദേശമാണ് നൂബിയ. ഇന്നത്തെ തെക്കൻ ഈജിപ്തിനും വടക്കൻ സുഡാനും ഇടയിലുള്ള ഭാഗങ്ങളാണ് ഈ പേരിൽ അറിയപ്പെട്ടിരുന്നത്.) ഏറ്റവും വലിയ പള്ളിയെന്ന് കരുതപ്പെടുന്ന ‘ഗ്രേറ്റ് ചർച്ച് ഓഫ് ജീസസിന്റെ’ (Great Church of Jesus) യഥാർഥ തറനിരപ്പിലേക്കാണ് ഈ ഗോവണിപ്പടി അവരെ നയിച്ചത്. 2021-ലാണ് ഈ ദൈവാലയത്തിന്റെ ഭാഗങ്ങൾ ആദ്യമായി കണ്ടെത്തുന്നത്. എന്നാൽ ഇതിന്റെ ഭൂരിഭാഗവും ഇപ്പോഴും മണ്ണിനടിയിലാണ്; ഗോവണിപ്പടി സ്ഥിതി ചെയ്യുന്ന ഭാഗത്ത് മാത്രമാണ് ഗവേഷകർക്ക് പള്ളിയുടെ തറഭാഗത്തേക്ക് എത്താൻ സാധിച്ചത്.
ആറാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ മിഷനറിമാരുടെ വരവിനെത്തുടർന്ന് നൈൽ നദിയുടെ മധ്യഭാഗങ്ങളിൽ ഉയർന്നുവന്ന മൂന്ന് രാജ്യങ്ങളിൽ ഒന്നായ മധ്യകാല മക്കൂറിയയിലെ (Makuria) ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പള്ളിയായിരുന്നു ഇതെന്ന് സുഡാനീസ്-പോളിഷ് പുരാവസ്തു ദൗത്യത്തിന്റെ തലവനായ ആർതർ ഒബ്ലസ്കി വെളിപ്പെടുത്തി. ആധുനിക ഡോംഗോളയിൽ നിന്ന് ഏകദേശം 100 മൈൽ തെക്കുകിഴക്കായി നൈൽ നദിയുടെ കിഴക്കൻ തീരത്തുള്ള ഓൾഡ് ഡോംഗോളയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. നിരവധി പുരാതന പള്ളികൾക്ക് പേരുകേട്ട നഗരമാണിത്.
ഈ പള്ളിക്ക് ഏകദേശം 154 അടി വീതിയും 187 അടി നീളവും ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷകർ കണക്കാക്കുന്നുവെന്ന്, ‘പോളിഷ് സെന്റർ ഓഫ് മെഡിറ്ററേനിയൻ ആർക്കിയോളജി’യുടെ ഡയറക്ടർ കൂടിയായ ഒബ്ലസ്കി വ്യക്തമാക്കി.




