“ഇതൊരു തീർഥാടനമാണ്”: സാഹസിക യാത്രകളിലൂടെ ദൈവത്തെ കണ്ടെത്തുന്ന ഒരു ഐറിഷ് കായികതാരത്തിന്റെ വെളിപ്പെടുത്തൽ

അയർലൻഡിന്റെ തീരദേശത്തുകൂടി മുഴുവൻ നീന്തുകയും പിന്നീട് സൈക്കിൾ യാത്ര ചെയ്ത് അവിടത്തെ ആളുകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്ത ഐറിഷ് സാഹസിക സഞ്ചാരിയാണ് ഡാരാഗ് മോർഗൻ (Daragh Morgan). തന്റെ കത്തോലിക്കാ വിശ്വാസമാണ് ഈ അസാധാരണ യാത്രകൾക്ക് പ്രചോദനമാകുന്നതെന്ന് അദ്ദേഹം പറയുന്നു. ഈ യാത്രകളെ തീർഥാടനത്തിനുള്ള അവസരങ്ങളായാണ് അദ്ദേഹം കാണുന്നത്.

2025-ൽ, അയർലൻഡിന്റെ തീരപ്രദേശം ഒറ്റയ്ക്ക് (solo-assisted) നീന്തി പൂർത്തിയാക്കുന്ന ആദ്യ വ്യക്തിയായി ഐറിഷ് അഡ്വഞ്ചർ അത്‌ലറ്റായ ഡാരാഗ് മോർഗൻ മാറി. ഏകദേശം 1,500 കിലോമീറ്റർ (932 മൈൽ) ദൂരം പിന്നിട്ട ഈ യാത്ര പൂർത്തിയാക്കാൻ അഞ്ച് മാസവും 17 ദിവസവും എടുത്തു. മോർഗനെ സംബന്ധിച്ചിടത്തോളം, തന്റെ കത്തോലിക്കാ വിശ്വാസമാണ് ഇത്തരം സാഹസിക യാത്രകൾക്ക് പിന്നിലെ പ്രധാന പ്രചോദനം.

“ഇതൊരുതരം ദൈവവിളിയാണ്; ഇത്തരം പര്യവേഷണങ്ങൾ നടത്തുമ്പോൾ ദൈവവുമായി ആഴത്തിലുള്ള ഒരു ബന്ധം എനിക്ക് അനുഭവപ്പെടുന്നു,” ‘ഇ.ഡബ്ല്യു.ടി.എൻ ന്യൂസ് ഇൻ ഡെപ്ത്’ (EWTN News In Depth) പരിപാടിയിൽ പാട്രിക് ലിയോനാർഡിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അതീവ ദുഷ്കരമായ നീന്തലിനിടയിൽ, തണുത്തുറഞ്ഞ വെള്ളം, പ്രതികൂല കാലാവസ്ഥ, മാറിക്കൊണ്ടിരിക്കുന്ന വേലിയേറ്റങ്ങൾ, ജെല്ലിഫിഷുകളുടെ കുത്തേറ്റുള്ള പരിക്കുകൾ എന്നിവയോടൊക്കെ മോർഗന് പൊരുതേണ്ടി വന്നു. “ആ നീന്തൽ ഒരു അദ്ഭുതകരമായ കായിക നേട്ടമായിരുന്നു, പക്ഷേ അത് മാനസികമായും ശാരീരികമായും വലിയ അധ്വാനം ആവശ്യമുള്ള ഒന്നായിരുന്നു,” അദ്ദേഹം ഓർത്തെടുത്തു. “ശാരീരികമായിരുന്നില്ല, മറിച്ച് മാനസികമായാണ് ഞാൻ കൂടുതൽ ക്ഷീണിതനായത്,” മോർഗൻ കൂട്ടിച്ചേർത്തു.

അടുത്തിടെ മോർഗൻ വീണ്ടും മറ്റൊരു യാത്രയുമായി രംഗത്തെത്തി—കഴിഞ്ഞ വർഷം താൻ നീന്തിക്കയറിയ അതേ തീരദേശത്തുകൂടി സൈക്കിൾ ചവിട്ടുക എന്നതായിരുന്നു അത്. എന്നാൽ ഇത്തവണ, ശാരീരികമായി സ്വയം വെല്ലുവിളിക്കുന്നതിനേക്കാൾ, താൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുമായി അടുത്തിടപഴകുന്നതിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്.

“മനസ്സ് സ്വതന്ത്രമാക്കി, യാതൊരു സമ്മർദവുമില്ലാതെയാണ് ഞാൻ യാത്ര ചെയ്തത്; എനിക്ക് ആ യാത്ര ആസ്വദിക്കാനും ആളുകളോടൊപ്പം ചെലവഴിക്കാനും അവരോട് സംസാരിക്കാനും സാധിച്ചു. ആളുകളുടെ വീടുകളിൽ കയറാനും അവരോടൊപ്പം ചായ കുടിക്കാനും എനിക്ക് കഴിഞ്ഞു. അതാണ് ഈ യാത്രയെ ശരിക്കും സവിശേഷമാക്കിയത്,” തന്റെ സൈക്കിൾ യാത്രയെക്കുറിച്ച് മോർഗൻ പറയുന്നു.

യാത്രയിലുടനീളം പുതിയ ആളുകളെ പരിചയപ്പെടുന്നതിനൊപ്പം, നീന്തൽ യജ്ഞത്തിനിടെ തന്നെ സഹായിച്ചവരെ വീണ്ടും കാണാനും അദ്ദേഹത്തിന് സാധിച്ചു. ആ നീന്തൽ അനുഭവങ്ങൾ വീണ്ടും ഓർത്തെടുക്കാനും അവരോട് നന്ദി പറയാനും ഈ യാത്ര തനിക്ക് അവസരമൊരുക്കിയെന്ന് അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് ഇത്തരം സാഹസിക യാത്രകൾക്ക് ഇറങ്ങിത്തിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, “അയർലൻഡിനോടും ഇവിടുത്തെ പ്രകൃതിയോടും സംസ്കാരത്തോടുമുള്ള സ്നേഹമാണ് എന്നെ നയിക്കുന്നത്. ഒപ്പം എന്റെ ആഴത്തിലുള്ള വിശ്വാസവും,” എന്നായിരുന്നു മോർഗന്റെ മറുപടി.

“ഇതൊരു തീർഥാടനമാണ്. അങ്ങനെയാണ് ഞാൻ ഈ സാഹസിക യാത്രകൾ കൂടുതൽ ആസ്വദിക്കുന്നത്. സൈക്കിൾ ചവിട്ടുമ്പോൾ വാനുകളും ട്രക്കുകളും മറ്റും അരികിലൂടെ ചീറിപ്പാഞ്ഞു പോകുന്നത് കാണാം. പുറത്ത് വലിയ ബഹളങ്ങളും തിരക്കുകളുമായിരിക്കും. എന്നാൽ ഒരു പള്ളിക്കുള്ളിലേക്ക് കാലെടുത്തുവയ്ക്കുന്ന  നിമിഷം, അവിടെ വലിയൊരു സമാധാനവും ശാന്തതയും അനുഭവപ്പെടും. എന്നെ സംബന്ധിച്ചിടത്തോളം അതൊരു മനോഹരമായ വൈരുദ്ധ്യമാണ്,” അദ്ദേഹം വെളിപ്പെടുത്തി.

ചെറുപ്രായത്തിൽ തന്നെ വിശ്വാസത്തോട് സ്നേഹം വളർത്തിയെടുത്തതിന്റെ അംഗീകാരം മോർഗൻ തന്റെ മുത്തച്ഛനാണ് നൽകുന്നത്. “എന്റെ മുത്തച്ഛൻ ഡബ്ലിനിൽ ഒരു സ്ഥലം വാങ്ങിയിരുന്നു, എങ്കിലും അദ്ദേഹം നാട്ടിൻപുറത്തെ രീതികൾ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും അദ്ദേഹം ഞങ്ങളെ എല്ലാവരെയും ഒരുമിച്ചിരുത്തി ജപമാല ചൊല്ലിക്കുമായിരുന്നു. ഇപ്പോൾ ഞാൻ എല്ലാ രാത്രിയിലും അത് ചെയ്യുന്നുണ്ട്,” അദ്ദേഹം പറയുന്നു.

21 ദിവസങ്ങൾക്ക് ശേഷം, താൻ നീന്തൽ അവസാനിപ്പിച്ച അതേ സ്ഥലത്ത് തന്നെ മോർഗൻ അയർലൻഡ് തീരദേശത്തുകൂടിയുള്ള സൈക്കിൾ യാത്രയും പൂർത്തിയാക്കി. ഈ സൈക്കിൾ യാത്രയിലൂടെ റെക്കോർഡുകളൊന്നും തകർത്തില്ലെങ്കിലും, മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കാനും അവരുടെ സാമീപ്യം ആസ്വദിക്കാനും കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ കാര്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.