ഗാസയിലെ ദുരിതബാധിതരായ വിശ്വാസികളെ സന്ദർശിച്ച് ജറുസലേമിലെ പാത്രിയർക്കീസുമാർ

യുദ്ധം തളർത്തിയ ജനങ്ങളുടെ ദുരിതങ്ങൾക്കും തകർച്ചകൾക്കും നടുവിൽ, ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസും ഗാസയിലെത്തി. വൈദികർ, സന്ന്യാസ സമൂഹങ്ങൾ, പ്രാദേശിക ക്രൈസ്തവ കുടുംബങ്ങൾ, മാനുഷിക പ്രതിസന്ധി നേരിടുന്ന ജനങ്ങൾ എന്നിവരുമായും അവർ കൂടിക്കാഴ്ച നടത്തി.

സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടെ ഗ്രാൻഡ് ഹോസ്പിറ്റലർ ഡോ. ജോസഫ് ബ്ലോട്ട്സ്, ലോകമെമ്പാടും പ്രവർത്തിക്കുന്ന അവരുടെ മാനുഷിക സംഘടനയായ മാൾട്ടീസർ ഇന്റർനാഷണലിന്റെ പ്രതിനിധികൾ എന്നിവരും ഇവർക്കൊപ്പമുണ്ട്. ഗുരുതരമായ മാനുഷിക പ്രതിസന്ധികളും ഭയവും നഷ്ടങ്ങളും അനിശ്ചിതാവസ്ഥയും നേരിടുന്ന ഗാസയിലെ പ്രാദേശിക സഭകളോടും അവിടത്തെ ജനങ്ങളോടുമുള്ള ജറുസലേം സഭകളുടെ ഇടയ ഉത്തരവാദിത്തത്തിന്റെ പ്രകടനമാണ് ഈ സന്ദർശനമെന്ന് ലാറ്റിൻ പാത്രിയർക്കീസേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

ഔദ്യോഗിക പരിപാടികളനുസരിച്ച്, കർദിനാളും പാത്രിയർക്കീസും വൈദികരുമായും പ്രാദേശിക കുടുംബങ്ങളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രാർഥനയിലൂടെയും തങ്ങളുടെ സാന്നിധ്യത്തിലൂടെയും അവർക്ക് ആത്മീയ ശക്തിയും ആശ്വാസവും പുതിയ പ്രത്യാശയും നൽകാനാണ് ഇരുവരും ശ്രമിക്കുന്നത്.
ആരോഗ്യ സംരക്ഷണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കൽ എന്നിവയോടുള്ള സഭകളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ് ഈ ദൗത്യം.

കഴിഞ്ഞ വർഷം ജൂലൈ 17-ന് ഇടവകയ്ക്ക് നേരെ ഉണ്ടായ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലും കർദിനാൾ പിസബല്ലയും തിയോഫിലോസ് മൂന്നാമൻ പാത്രിയർക്കീസും ഒന്നിച്ച് ഗാസയിലെത്തി ഇരകളുടെ കുടുംബങ്ങളെ കണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.