

മാതാവിന്റെ സംരക്ഷകൻ എന്ന ദൈവികനിയോഗം
യോഹന്നാൻ ശ്ലീഹായെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിനെ ഏറ്റവും ആഴത്തിൽ സ്പർശിക്കേണ്ടത് അദ്ദേഹം ഏറ്റെടുത്ത സവിശേഷമായ സുവിശേഷദൗത്യമാണ്. കുരിശിൻചുവട്ടിലെ വേദനയുടെ നിമിഷങ്ങളിൽ ഈശോ തന്റെ അമ്മയായ മറിയത്തെ യോഹന്നാനെ ഏൽപിക്കുന്നതു മുതൽ തന്റെ സുവിശേഷപ്രഘോഷണങ്ങൾക്കിടയിലും പരിശുദ്ധ അമ്മയെ ഒരു മകന്റെ ആർദ്രതയോടെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹം ഭംഗിയായി നിർവഹിച്ചു. ‘യോഹന്നാൻ എഫേസൂസിൽ’ താമസിച്ചിരുന്നപ്പോഴും കൂടെ പരിശുദ്ധ അമ്മയും ഉണ്ടായിരുന്നുവെന്നത് ചരിത്രസത്യമാണല്ലോ. അമ്മയെ ശുശ്രൂഷിക്കുന്നതിനിടയിലും അദ്ദേഹം തന്റെ പ്രേഷിതദൗത്യത്തിന് കുറവുകൾ വരുത്തിയില്ല. ഒടുവിൽ പ്രവാസിയായി പാത്മോസിലെ ഒറ്റപ്പെട്ട പാറക്കെട്ടുകളിൽ എത്തുമ്പോഴും, ആ അമ്മയുടെ പ്രാർഥനകൾ അദ്ദേഹത്തിന് സ്വർഗീയമായ കരുത്ത് പകർന്നിരിക്കണം.
പാത്മോസ്: വെളിപാടുകളുടെ ജന്മഭൂമി
ദൈവശാസ്ത്രപരമായി ഈ ഗുഹ വിശുദ്ധ ലിഖിതങ്ങളുടെ ജന്മസ്ഥലമാണ്. ‘എഫേസൂസിൽ’ നിന്നും നാടുകടത്തപ്പെട്ട യോഹന്നാൻ ശ്ലീഹാ തന്റെ ഏകാന്തതയെ ദൈവീകസംഭാഷണമാക്കി മാറ്റിയത് ഈ പാറക്കെട്ടുകൾക്കുള്ളിലാണ്. ബൈബിളിലെ വെളിപാട് പുസ്തകത്തിന്റെ ആദ്യ അധ്യായത്തിൽ യോഹന്നാൻ ശ്ലീഹാ തന്നെ അക്കാര്യം സാക്ഷ്യപ്പെടുത്തുന്നണ്ടല്ലോ. ആ സ്വർഗീയ വെളിപാടുകളുടെ വിളംബരം. കർത്താവിന്റെ ദിനത്തിൽ (ഞായറാഴ്ച), ഭൗതികമായ ചുറ്റുപാടുകളെ വിസ്മരിച്ച് ആത്മാവിൽ ലയിച്ചിരുന്ന യോഹന്നാൻ, തന്റെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പിന്നിൽ മുഴങ്ങിയ കാഹളനാദം പോലുള്ള ഗാംഭീര്യമേറിയ ഒരു സ്വരം കേട്ടു. തന്റെ കണ്മുന്നിൽ തെളിയുന്ന അതീന്ദ്രിയമായ ദർശനങ്ങൾ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തണമെന്ന ആ സ്വർഗീയകൽപന അദ്ദേഹത്തിന്റെ പക്കലെത്തിയത് അത്യുന്നതന്റെ ദൂതനായിട്ടായിരുന്നു. പ്രാർഥനാനിരതനായിരുന്ന വിശുദ്ധനോട് ദൈവം അന്ന് ഇപ്രകാരം ആജ്ഞാപിച്ചു: “നീ കാണുന്നവ ഒരു പുസ്തകത്തിൽ എഴുതി ഏഴ് സഭകൾക്ക് അയച്ചുകൊടുക്കുക…” (വെളി. 1:11). എഫേസൂസ്, സ്മിർണ, പെർഗാമോസ്, തിയത്തീറ, സർദിസ്, ഫിലാഡൽഫിയ, ലാവോദീക്യ എന്നീ ഏഷ്യ മൈനറിലെ ഏഴ് സഭകൾക്കുള്ള ഈ സന്ദേശം ലോകാവസാനം വരെയുള്ള സഭയുടെ ചരിത്രഗതിയെയും അന്തിമവിജയത്തെയും കുറിച്ചുള്ള ദൈവികവെളിപ്പെടുത്തലുകളായിരുന്നു.
ചരിത്രത്തിന്റെ ഭാഗമായ ആശ്രമം
ഇന്ന് ഈ വിശുദ്ധ ഗുഹ, ഗാംഭീര്യമേറിയ ‘സെന്റ് ജോൺ ദ തിയോളജിയൻ’ (Monastery of Saint John the Theologian) എന്ന ആശ്രമസമുച്ചയത്തിന്റെ ഭാഗമാണ്. ക്രിസ്താബ്ദം 1088 ൽ വി. ക്രിസ്റ്റോഡുലോസ് (St. Christodoulos), ബൈസാന്റൈൻ ചക്രവർത്തിയായ അലക്സിയോസ് ഒന്നാം കോംനെനസിൽ (Alexios I Komnenos) നിന്നും പാത്മോസ് ദ്വീപിന്റെ ഉടമസ്ഥാവകാശം നേടിയെടുത്തതോടെയാണ് ഈ ആശ്രമത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അക്കാലത്ത് ‘ഈജിയൻ’ കടലിൽ പതിവായിരുന്ന കടൽക്കൊള്ളക്കാരുടെ ആക്രമണങ്ങളിൽ നിന്നും പവിത്രമായ ഈ ഗുഹയെയും വിശുദ്ധ തിരുശേഷിപ്പുകളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലമുകളിൽ ഒരു കോട്ടയുടെ മാതൃകയിൽ ഈ ആശ്രമം പടുത്തുയർത്തിയത്.
മാനവചരിത്രത്തിന്റെ അന്ത്യത്തെക്കുറിച്ചും തിന്മയുടെമേൽ മിശിഹാ നേടുന്ന അന്തിമവിജയത്തെക്കുറിച്ചുമുള്ള ഉജ്വലമായ ദർശനങ്ങൾ ലോകത്തിനു സമ്മാനിച്ച ഈ പുണ്യഹർമ്മം, അതിന്റെ ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം കണക്കിലെടുത്ത് ഇന്ന് ‘യുനെസ്കോ’യുടെ (UNESCO) ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. നിലവിൽ ഈ ആശ്രമം ‘എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ഓഫ് കോൺസ്റ്റാന്റിനോപ്പിളിന്റെ’ (Ecumenical Patriarchate of Constantinople) നേരിട്ടുള്ള അധികാരപരിധിയിലാണ്. ഇന്നും ഓർത്തഡോക്സ് വിശ്വാസികളായ സന്ന്യാസിമാരുടെ (Monks) ഒരു വലിയ സമൂഹം ഇവിടെ ആത്മീയജീവിതം നയിക്കുന്നുണ്ട്.
ഇന്ന് പാത്മോസ്, ഈജിയൻ കടലിലെ വെറുമൊരു വരണ്ട ഭൂപ്രദേശമല്ല, മറിച്ച് പ്രകൃതിസൗന്ദര്യത്തിന്റെയും അനശ്വരമായ ആത്മീയതയുടെയും ഒരു സംഗമഭൂമിയാണ്. വെളുത്ത ചായം പൂശിയ വീടുകളും കുത്തനെയുള്ള ഇടുങ്ങിയ വീഥികളും ‘സ്കാലയിലെ’ തിരക്കേറിയ തുറമുഖവും ഈ ദ്വീപിന് ഒരു സവിശേഷ വ്യക്തിത്വം നൽകുന്നുണ്ട്. മലമുകളിൽ ഒരു കോട്ടപോലെ തലയുയർത്തി നിൽക്കുന്ന വി. യോഹന്നാന്റെ നാമത്തിലുള്ള ആശ്രമവും, താഴെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ച വെളിപാടിന്റെ ഗുഹയും കാലമേറെ കഴിഞ്ഞിട്ടും തീർഥാടകർക്ക് അദ്ഭുതമാണ്. സമുദ്രത്തിന്റെ നീലിമയും കുന്നുകളുടെ പച്ചപ്പും സംഗമിക്കുന്ന ഈ തീരങ്ങളിൽ മെഴുകുതിരികളുടെ മന്ദമായ വെളിച്ചവും ധൂപവർഗത്തിന്റെ ഗന്ധവും എപ്പോഴും തങ്ങിനിൽക്കുന്നുണ്ട്. അത്രമേൽ പ്രാർഥനാനിരഭരമായ ഈ മണ്ണ്, ഓരോ സന്ധ്യയിലും സ്വർണ്ണനിറത്തിലുള്ള സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുമ്പോൾ, അത് വി. യോഹന്നാൻ കണ്ട അതേ സ്വർഗീയദർശനങ്ങളുടെ ശോഭ ആവാഹിക്കുന്നതായി തോന്നും. നിശ്ശബ്ദതയ്ക്കു പോലും സംഗീതമുള്ള, ഏകാന്തതയ്ക്കു പോലും സ്വർഗീയമായ അർഥങ്ങളുള്ള പാത്മോസ്, ഭൂമിയിലെ നിത്യമായ ഒരു വെളിപാടായി ഇന്നും നിലകൊള്ളുന്നു.
റവ. ഡോ. ജോജിൻ ഇലഞ്ഞിക്കൽ




