‘​ഡോക്ടർമാർ എന്നെ അബോർട്ട് ചെയ്യാൻ നിർദേശിച്ചു, അമ്മ വിസമ്മതിച്ചു’- വൈകാരികമായ കത്തുമായി പ്രശസ്ത ഇറ്റാലിയൻ സംഗീതജ്ഞൻ ആൻഡ്രിയ ബൊചെല്ലി

റോമിൽ നടന്ന പ്രൊ ലൈഫ് മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രശസ്ത ഒപെറ ഗായകൻ ആൻഡ്രിയ ബൊചെല്ലി അയച്ച കത്ത് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. തന്നെ ഗർഭം ധരിച്ചിരുന്ന സമയത്ത് അലസിപ്പിക്കാൻ നിർദേശിച്ച ഡോക്ടർമാരുടെ വാക്ക് കേൾക്കാതെ തനിക്ക് ജന്മം നൽകാൻ തീരുമാനിച്ച തന്റെ അമ്മയോട് താൻ കടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം കത്തിലൂടെ വെളിപ്പെടുത്തി.

​ഗർഭകാലത്തുണ്ടായ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ജനിക്കാൻ പോകുന്ന കുഞ്ഞിന് വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അന്ന് ഡോക്ടർമാർ അബോർട്ട് ചെയ്യാൻ നിർദേശിച്ചത്. എന്നാൽ ഭയപ്പെടാതെ ജീവിതത്തെ സ്വീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ അമ്മയുടെ തീരുമാനം. ജന്മനാ കാഴ്ചശക്തിക്ക് കുറവുണ്ടായിരുന്ന ബൊചെല്ലിക്ക് പിന്നീട് ഒരു അപകടത്തെ തുടർന്നാണ് പൂർണ്ണമായും കാഴ്ച നഷ്ടപ്പെടുന്നത്.

​ഭയപ്പെടാതെ ജീവിതത്തെ സ്വാഗതം ചെയ്യുമ്പോൾ അത് ഇരട്ടിക്കുകയാണ് ചെയ്യുന്നത്. എന്റെ അമ്മ അന്ന് ജീവിതത്തിൽ വിശ്വസിക്കാൻ തീരുമാനിച്ചു. ആ തീരുമാനത്തോടാണ് ഞാൻ ഇന്ന് കടപ്പെട്ടിരിക്കുന്നത് ആൻഡ്രിയ ബൊചെല്ലി പറയുന്നു.

​ഗണിതത്തിലെ നാല് അടിസ്ഥാന ക്രിയകൾക്ക് പുറമെ അഞ്ചാമതൊരു ക്രിയ കൂടിയുണ്ടെന്ന് അദ്ദേഹം കത്തിൽ പറയുന്നു. അത് പരസ്പര സഹകരണവും, വിശ്വാസവും, കരുതലുമാണ്. ഈ പാഠം താൻ ജനിക്കുന്നതിന് മുൻപ് തന്നെ അമ്മയിൽ നിന്ന് പഠിച്ചതാണെന്നും ഒന്നിനോട് ഒന്ന് കൂട്ടുമ്പോൾ എപ്പോഴും രണ്ടല്ല ഉത്തരം വരുന്നത് എന്ന് വിശ്വസിച്ച തന്റെ അമ്മയോടുള്ള നന്ദി പ്രകടനമാണ് ഈ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.