
ഒരിക്കൽ, ഒരു ശിൽപി മനോഹരമായ ഒരു ശിൽപം കൊത്തിയെടുക്കുകയായിരുന്നു. ഏറെ നാളത്തെ കഠിനപ്രയത്നത്തിനു ശേഷം, അദ്ദേഹം ഒരു മാലാഖയുടെ രൂപം പൂർത്തിയാക്കി. അത് കാണാൻ അസാധാരണമായ ഒരു ഭംഗിയുണ്ടായിരുന്നു. എന്നാൽ, ആ ശിൽപത്തിന്റെ കണ്ണുകൾ മാത്രം അദ്ദേഹത്തിന് സംതൃപ്തി നൽകിയില്ല. അതിലൊരു ജീവസ്സുറ്റ ഭാവം കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
അങ്ങനെ നിരാശനായി ഇരിക്കുമ്പോഴാണ് തന്റെ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹത്തിന്റെ മനസ്സിലേക്കു വന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ പ്രതിസന്ധിയിലും തളരാതെ, എന്തു ചെയ്യണമെന്ന് അമ്മ ശാന്തമായി പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു. അദ്ദേഹം കണ്ണുകളടച്ചു. അമ്മയുടെ ആ മുഖം, ആ കണ്ണുകളിലെ വാത്സല്യം, വിഷമഘട്ടങ്ങളിൽ അമ്മ പുഞ്ചിരിച്ചുകൊണ്ട് നൽകിയ ആത്മവിശ്വാസം – അതെല്ലാം അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞു.
പെട്ടെന്ന്, എന്തോ ഒരു അദ്ഭുതം സംഭവിച്ചതുപോലെ അദ്ദേഹം തന്റെ ഉളി എടുത്തു. അമ്മയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ആ ശിൽപത്തിന്റെ കണ്ണുകള്‍ അദ്ദേഹം വീണ്ടും രൂപപ്പെടുത്താന്‍ തുടങ്ങി. കുറച്ചു ദിവസങ്ങൾക്കു ശേഷം, ആ ശിൽപം കാണാൻ ഒരു വലിയ സംഘം ആളുകളെത്തി. അവരില്‍ ഒരാൾ ചോദിച്ചു:
“ഇത്രയും വലിയൊരു സങ്കടം മനസ്സിൽ പേറുമ്പോഴും ഇത്രയും മനോഹരമായ ഒരു പുഞ്ചിരി ഈ മാലാഖയുടെ കണ്ണുകളിൽ എങ്ങനെ വന്നു?”
ശിൽപി പതുക്കെ പറഞ്ഞു:
“ഈ മാലാഖയുടെ കണ്ണുകളിൽ ഞാൻ പകർത്തിയത് എന്റെ അമ്മയുടെ കണ്ണുകളാണ്. വേദനയിലും പ്രതിസന്ധിയിലും എന്നെ നോക്കി പുഞ്ചിരിച്ച്, ‘നീ തളരരുത്, മുന്നോട്ടുപോകൂ’ എന്ന് മന്ത്രിച്ച എന്റെ അമ്മയുടെ സ്നേഹമാണ് ഇതിന്റെ കണ്ണുകളില്‍.”
മറ്റൊരു കഥ. ഒരിക്കല്‍ ഒരു മകൻ തന്റെ അമ്മയുടെ വേർപാടിൽ ദുഃഖിതനായി, ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ ഇരിക്കുകയായിരുന്നു. അപ്പോൾ മുത്തശ്ശി അവനോട് പറഞ്ഞു:
“മോനേ, നിന്റെ അമ്മ മരിച്ചുവെന്ന് കരുതേണ്ട. ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കൂ. അവ വെറും വെളിച്ചമല്ല, മറിച്ച് നമ്മെ സ്നേഹിച്ചവരുടെ കണ്ണുകളാണ്. അമ്മ ജീവിച്ചിരുന്നപ്പോൾ നിനക്ക് വഴികാട്ടിയത് അവളുടെ കൈകളായിരുന്നു; ഇപ്പോൾ അവൾ നക്ഷത്രമായി മാറിയതുകൊണ്ട്, അവൾക്ക് നിന്നെ കൂടുതൽ വ്യക്തമായി കാണാൻ കഴിയും. നീ തളരുമ്പോൾ, നക്ഷത്രങ്ങളിലേക്കു നോക്കുക. നിനക്ക് ഒരിക്കലും വഴിതെറ്റില്ല.”
അന്നുമുതൽ, ആ മകൻ തളരുമ്പോഴെല്ലാം ആകാശത്തേക്ക് നോക്കും. അവിടെ പ്രകാശിക്കുന്ന നക്ഷത്രങ്ങളെ കാണുമ്പോൾ അവനു തോന്നും, തന്റെ അമ്മ ഇപ്പോഴും തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടെന്നും തന്നെ വഴിനടത്തുന്നുണ്ടെന്നും. അമ്മ മരിച്ചതുകൊണ്ട് ആ ബന്ധം തീർന്നില്ല, മറിച്ച് അത് ഭൂമിയിൽ നിന്ന് സ്വർഗത്തിലേക്ക് ഒരു പാലം പോലെ വളർന്നുവെന്ന് അവൻ തിരിച്ചറിഞ്ഞു.
ഈ കഥകൾ നമ്മെ പഠിപ്പിക്കുന്നത് ഒന്നുമാത്രം: നമ്മുടെ ജീവിതശിൽപത്തെ മനോഹരമാക്കുന്നത് അമ്മയുടെ സ്നേഹമാണ്. അമ്മയില്ലാത്ത ശൂന്യതയിൽ നമ്മൾ പലപ്പോഴും ഇരുട്ടിൽ തപ്പുന്നുണ്ടാകാം. എന്നാൽ, ആ ശൂന്യതയിലാണ് അമ്മയുടെ ഓർമ്മകൾ നക്ഷത്രങ്ങളായി തെളിയുന്നത്. ആ നക്ഷത്രങ്ങളെ നോക്കി നമുക്ക് നടക്കാം.
അമ്മ പഠിപ്പിച്ച പാഠങ്ങൾ വെറുംവാക്കുകളല്ല, ജീവിതത്തിനുള്ള വഴികാട്ടികളാണ്. പ്രതിസന്ധികൾ വരുമ്പോൾ തളരാതെ നിൽക്കാനും, കഠിനമായ അവസ്ഥകളിലും പുഞ്ചിരിക്കാനും അമ്മ നമുക്ക് പകർന്നുനൽകിയ ധൈര്യം തന്നെയാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം. ആ ഓർമ്മകളെ മനസ്സിന്റെ ഇരുളുകളിൽ തെളിയിച്ചുനിർത്തുക. അമ്മ നമ്മളിൽ അർപ്പിച്ച വിശ്വാസമാണ് നമ്മുടെ ജീവിതം. നമ്മൾ സന്തോഷത്തോടെ ഇരിക്കാനും, നല്ലൊരു മനുഷ്യനായി ജീവിക്കാനും അമ്മ ആഗ്രഹിച്ചിരുന്നു. അമ്മയുടെ ആ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുക എന്നതാണ് നമുക്ക് അമ്മയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ ഉപഹാരം.
അമ്മയുടെ സ്നേഹം നമ്മളിലൂടെ ഈ ലോകത്തേക്ക് പകരാൻ തുടങ്ങിയാൽ, നാം ഒരു വലിയ പ്രകാശമായി മാറും. അതുകൊണ്ട്, ഇന്നും അമ്മയുടെ കരുത്ത് നമ്മളിലുണ്ടെന്ന തിരിച്ചറിവോടെ, നമ്മുടെ യാത്ര തുടരാം. മരണത്തിന് മാതൃസ്നേഹത്തെ ഇല്ലാതാക്കാൻ കഴിയില്ല. ശരീരങ്ങൾ വേർപിരിഞ്ഞാലും, ആത്മാക്കൾ തമ്മിലുള്ള ആ ബന്ധം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമായി നിലകൊള്ളും. അമ്മ നൽകിയ സ്നേഹത്തിന്റെ പാഠങ്ങൾ ലോകത്തിന് പകർന്നുനൽകിക്കൊണ്ട്, ആ സ്നേഹത്തിന്റെ തുടർച്ചയായി നമുക്ക് ജീവിക്കാം. ഈ യാത്രയിൽ, അമ്മയുടെ ഓർമ്മകൾ വെറും നൊമ്പരങ്ങളല്ല, മറിച്ച് നമ്മെ മുന്നോട്ടുനയിക്കുന്ന പ്രകാശധാരകളാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS




