അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവിതം തേടി ഖാന്‍ യൂനിസിലേക്ക് തിരികെയെത്തി പലസ്തീന്‍ജനത

ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതോടെ തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിലേക്ക് ആറു മാസത്തിനുശേഷം പലായനം ചെയ്ത പലസ്തീന്‍കാര്‍ മടങ്ങിയെത്തിത്തുടങ്ങി. എന്നാല്‍ യുദ്ധം പൂര്‍ണമായി നശിപ്പിച്ച നഗരത്തില്‍ കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ സ്വന്തം പാര്‍പ്പിടം കണ്ടെത്താന്‍ പലര്‍ക്കും സാധിച്ചില്ല.

“എല്ലാ വീട്ടിലും ഒരാള്‍ മരിച്ചിട്ടുണ്ടാകും, ഒരു പരുക്കേറ്റ വ്യക്തിയുണ്ടാകും. ഞങ്ങള്‍ അനുഭവിച്ച നാശത്തിന്റെയും കഷ്ടപ്പാടുകളുടെയും വ്യാപ്തി വിവരിക്കാനാകില്ല. ചോര കണ്ട് ഞങ്ങള്‍ കരഞ്ഞുപോയി.” ഖാന്‍ യൂനിസിലേക്ക് തിരികെ വന്ന കാന്‍ഡിലിന്റെ വാക്കുകളില്‍ ചോര കണ്ട് മരവിച്ച ഗാസക്കാരുടെ മുഴുവന്‍ വിഷാദമുണ്ടായിരുന്നു. ‘ഞങ്ങള്‍ക്ക് വീട് കണ്ടെത്താന്‍ സാധിച്ചില്ല. വീടോ അതിന്റെ അവശിഷ്ടങ്ങളോ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ’ എന്ന് കാന്‍ഡി പറയുമ്പോള്‍ ഗാസന്‍ ജനതയുടെ മുഴുവന്‍ നിസഹായാവസ്ഥ വ്യക്തമാണ്.

55 ശതമാനം കെട്ടിടങ്ങളും തകര്‍ന്നതോ, പൂര്‍ണമായും ഇല്ലാതായതോ ആയ ഖാന്‍ യൂനിസിലേക്കാണ് കഴിഞ്ഞ ദിവസം ഗാസക്കാര്‍ തിരിച്ചെത്തിയത്. തെക്കന്‍ ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറിയതോടെ ആറ് മാസങ്ങള്‍ക്ക് ശേഷം ഖാന്‍ യൂനിസില്‍ നിന്ന് പലായനം ചെയ്തവര്‍ തിരികെ വരികയായിരുന്നു. റാഫയിലൂടെ പലയാനം ചെയ്‌തെത്തിയവരില്‍ പലര്‍ക്കും കാന്‍ഡിലിനെ പോലെ തങ്ങളുടെ വീടുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല.

ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ അയല്‍പ്രദേശങ്ങളില്‍ കുടിയേറിവരെ ഖാന്‍ യൂനിസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയായിരുന്നു. ഇസ്രയേലിന്റെ ബോംബാക്രമണത്തെത്തുടര്‍ന്ന് നാല് ലക്ഷത്തോളം പേരാണ് ഖാന്‍ യൂനിസ് ഉപേക്ഷിച്ച് പോയത്.

“ഭൂകമ്പം സംഭവിച്ചത് പോലെയാണ്. വീടുകള്‍ താമസയോഗ്യമല്ല, പള്ളികള്‍ പ്രാര്‍ഥനായോഗ്യമല്ല, റോഡുകളും അടിസ്ഥാനസൗകര്യങ്ങളും വൈദ്യുതിയടക്കം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്.”- ഗാസക്കാരനായ റാഷദ് ഖാമിസ് നജ്ജാര്‍ പറയുന്നു. കോണിപ്പടികള്‍ തകര്‍ന്നതിനാല്‍ തന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് കയറാന്‍ സാധിച്ചില്ലെന്നും സഹോദരന്‍ വലിഞ്ഞ് കയറി കുട്ടികളുടെ വസ്ത്രങ്ങള്‍ നല്‍കുകയായിരുന്നുവെന്നാണ് നൂര്‍ ആയിഷയ്ക്ക് പറയാനുള്ളത്.

അതേസമയം, സൈനിക പിന്‍മാറ്റം യുദ്ധത്തിന്റെ അവസാനമായി കാണരുതെന്ന് മുതിര്‍ന്ന ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും വ്യക്തമാക്കി. ഹമാസിന്റെ അവസാന ശക്തികേന്ദ്രമായ റഫയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി സൈന്യത്തെ പുനസംഘടിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് തെക്കന്‍ ഗാസയില്‍ നിന്നുമുള്ള സൈനിക പിന്‍മാറ്റമെന്ന് ഇസ്രേയല്‍ സൈന്യം പറഞ്ഞു. കഴിഞ്ഞ ആഴ്ച കെയ്‌റോയില്‍ നടത്തിയ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് ഇസ്രയേല്‍ എത്തുന്നത്.

കൂടാതെ റഫയില്‍ പദ്ധതിയിട്ടിരിക്കുന്ന സൈനിക ഓപ്പറേഷന്‍ നടക്കുമെന്ന് ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹമാസിനെതിരായി സമ്പൂര്‍ണ വിജയമാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നതെന്നും ആ വിജയത്തിന് റഫയിലേക്ക് പ്രവേശിക്കേണ്ടതുണ്ടെന്നും നെതന്യാഹു പറഞ്ഞു. അത് പെട്ടെന്ന് തന്നെ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ് മാസത്തെ ആക്രമണത്തില്‍ ഇതുവരെ ഗാസയില്‍ 33,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെത്തുടര്‍ന്നാണ് പലസ്തീനും പ്രത്യേകിച്ചും ഹമാസിനുമെതിരെ ഇസ്രായേല്‍ പ്രത്യാക്രമണം ആരംഭിച്ചത്. ഹമാസിനെ ഉന്മൂലനം ചെയ്യാതെ പിന്തിരിയില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.