ആൾക്കൂട്ട അക്രമങ്ങൾ വിചാരണ ചെയ്യുന്നതിൽ പാക്കിസ്ഥാനിലെ നീതിന്യായവ്യവസ്ഥ പരാജയപ്പെടുന്നു: വെളിപ്പെടുത്തലുമായി അഭിഭാഷക

ദൈവനിന്ദ ആരോപിച്ചു പാകിസ്ഥാനിൽ ക്രിസ്ത്യൻ ദമ്പതികളായ ഷഹ്സാദ് മസീഹിനെയും ഷാമ ബീവിയെയും ആൾക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ കേസ്, ക്രൂരമായ ആൾക്കൂട്ട ആക്രമണങ്ങൾ വിചാരണ ചെയ്യുന്നതിലും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുന്നതിലുമുള്ള നിയമപരമായ പ്രതിസന്ധികളുടെയും വ്യവസ്ഥാപിത വീഴ്ചകളുടെയും വ്യക്തമായ ഉദാഹരണമാണെന്ന് മനുഷ്യാവകാശ അഭിഭാഷക അനേക മരിയ അന്റോണി. കേസിലെ പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടതിനെ തുടർന്നാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

2014-ൽ പഞ്ചാബ് പ്രവിശ്യയിലെ കോട്ട് രാധാ കിഷനിലെ ഇഷ്ടികച്ചൂളയിലാണ് ഷഹ്സാദ് മസീഹും ഗർഭിണിയായ ഭാര്യ ഷാമ ബീവിയും അക്രമത്തിന് ഇരയായത്. ദൈവനിന്ദ ആരോപിച്ച് പ്രകോപിതരായ ആൾക്കൂട്ടം ദമ്പതികളെ ക്രൂരമായി മർദ്ദിക്കുകയും ജീവനോടെ ചൂളയിലെറിഞ്ഞു കൊലപ്പെടുത്തുകയുമായിരുന്നു. പല കേസുകളിലും വിചാരണവേളയിൽ ഭീഷണികളും ഭയവും കാരണം പല സാക്ഷികളും അക്രമികളെ കാട്ടിക്കൊടുക്കാനും തയ്യാറായില്ല. ഭയത്തിന്റെ അന്തരീക്ഷം കുറ്റവാളികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നു. ആൾക്കൂട്ട അക്രമങ്ങളിൽ നൂറുകണക്കിന് ആളുകൾ പങ്കാളികളാകുമ്പോൾ, പ്രധാന പ്രതികളെയും പ്രകോപനം സൃഷ്ടിച്ചവരെയും കൃത്യമായി തിരിച്ചറിഞ്ഞ് കുറ്റം തെളിയിക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധിക്കാതെ പോകുന്നു എന്നതും വലിയ ഒരു പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു.

മതന്യൂനപക്ഷങ്ങൾക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടത്തിനും അന്വേഷണസംഘത്തിനും വീഴ്ച സംഭവിക്കുന്നുവെന്ന് അനേക മരിയ അന്റോണി വ്യക്തമാക്കി. മതന്യൂനപക്ഷങ്ങൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നടത്തുന്ന ഇത്തരം ആക്രമണങ്ങളിൽ വിചാരണക്കോടതി പ്രതികളെ വെറുതെവിടുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും, ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ കർശനമായ നയതന്ത്ര-നിയമ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.