തുർക്കിയിൽ ഒന്നാം നിഖ്യാ സൂനഹദോസ് നടന്ന പുരാതന ദൈവാലയാവശിഷ്ടങ്ങൾ കണ്ടെത്തി

ക്രൈസ്തവ സഭാ ചരിത്രത്തിലെ നാഴികക്കല്ലായ എ.ഡി. 325-ലെ ഒന്നാം നിഖ്യാ സൂനഹദോസ് (First Council of Nicaea) ചേർന്നതെന്ന് കരുതപ്പെടുന്ന പുരാതന ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ ബർസ പ്രവിശ്യയിലുള്ള ഇസ്നിക്കിൽ കണ്ടെത്തി. നിലവിൽ തടാകക്കരയിൽ സ്ഥിതി ചെയ്യുന്ന വലിയ ബസിലിക്കയ്ക്ക് തൊട്ടടിയിലാണ് ഈ സ്ഥലം പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. ചെറിയ ദൈവാലയത്തിന്റെ മതിലുകൾ, തറയിലെ ടൈൽ പാളികൾ, തൂണിന്റെ തറഭാഗം എന്നിവ പുരാവസ്തു ഗവേഷകർ ഖനനത്തിലൂടെ പുറത്തെടുത്തു.

ബർസ ഉലുദാഗ് സർവകലാശാലയിലെ പുരാവസ്തു വിഭാഗം മേധാവി പ്രൊഫസർ മുസ്തഫ ഷാഹിന്റെ (Mustafa Sahin) നേതൃത്വത്തിലാണ് ഖനന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എ.ഡി. 368-ലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ തകർന്നുപോയ സെന്റ് നിയോഫിറ്റോസ് (Saint Neophytos) ദൈവാലയത്തിന്റെ ഭാഗങ്ങളാണ് ഇവയെന്ന് ഗവേഷകർ സ്ഥിരീകരിച്ചു. കത്തോലിക്കാ സഭാ ചരിത്രകാരനായ യൗസേബിയോസ് (Eusebius of Caesarea) തന്റെ പുസ്തകത്തിൽ സൂനഹദോസ് നടന്ന ദൈവാലയം വളരെ ചെറുതായിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു. നിലവിലെ വലിയ ബസിലിക്കയ്ക്ക് അടിയിൽ കണ്ടെത്തിയ അടിത്തറയും തറയോടുകളും യൗസേബിയോസ് പരാമർശിച്ച ചെറിയ ദൈവാലയം തന്നെയാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

എ.ഡി. 368-ലെ ഭൂകമ്പത്തിൽ ഈ ചെറിയ ദൈവാലയം തകർന്നതിനെ തുടർന്ന്, എ.ഡി. 380-ഓടെ സൂനഹദോസിൽ പങ്കെടുത്ത സഭാപിതാക്കന്മാരുടെ ഓർമ്മയ്ക്കായി അതേ സ്ഥാനത്ത് ‘ചർച്ച് ഓഫ് ദി ഹോളി ഫാദേഴ്സ്’ എന്ന വലിയ ബസിലിക്ക നിർമ്മിക്കുകയായിരുന്നു. ഖനനത്തിനിടെ ഈന്തപ്പനയുടെയും വാളിന്റെയും ചിത്രങ്ങൾ കൊത്തിവച്ച ഒരു സ്വർണ്ണ മോതിരവും വിരൽകൊട്ടയും (thimble) കണ്ടെത്തി. എ.ഡി. 729-ൽ ഉമയ്യദ് സാമ്രാജ്യം ഇസ്നിക് നഗരം ഉപരോധിച്ച കാലഘട്ടത്തിലേതാണ് ഇവയെന്ന് കരുതപ്പെടുന്നു.

2015-ൽ തുർക്കി സാംസ്കാരിക മന്ത്രാലയത്തിന്റെ അനുമതിയോടെ ആരംഭിച്ച ഖനനത്തിൽ നിലവിൽ ഇറ്റലിയിലെ കലാബ്രിയ സർവകലാശാലയിലെ പ്രൊഫസർ ഫ്രാൻസെസ്കോ കുട്ടേരിയുടെ നേതൃത്വത്തിലുള്ള സംഘവും പങ്കാളികളാണ്. ക്രൈസ്തവ വിശ്വാസത്തിലും ദൈവശാസ്ത്ര രൂപീകരണത്തിലും നിർണ്ണായക പങ്കുവഹിച്ച നിഖ്യാ സൂനഹദോസിന്റെ യഥാർഥ സ്ഥാനം സ്ഥിരീകരിച്ചത് ആഗോള ക്രൈസ്തവ ചരിത്ര ഗവേഷണത്തിൽ വലിയ വഴിത്തിരിവാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.