രണ്ട് ക്രൈസ്തവർക്ക് വധശിക്ഷ വിധിച്ച് പാക്കിസ്ഥാൻ കോടതി

പാക്കിസ്ഥാനിൽ മതനിന്ദ ആരോപണത്തെ തുടർന്ന് അറസ്റ്റിലായ രണ്ട് ക്രൈസ്തവ സഹോദരങ്ങളുടെ വധശിക്ഷ ശരി വച്ച് ലാഹോറിലെ ഹൈക്കോടതി. 2011 മുതൽ ജയിലിൽ കഴിയുകയായിരുന്നു ഈ സഹോദരങ്ങൾ. മതനിന്ദാപരമായ കാര്യങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചു എന്ന പരാതിയെ തുടർന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

ഒരു ഇസ്ലാം വിശ്വാസിയാണ് മതനിന്ദാപരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്തു എന്നുപറയുന്ന കാര്യങ്ങൾ കാണുകയും പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തത്. 2018 ഡിസംബറിലാണ് ഈ സഹോദരന്മാർ കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയത്. അവരുടെ വധശിക്ഷ ശരിവച്ചു കൊണ്ടുള്ള അപ്പീൽ വിധി ജൂൺ എട്ടിനാണ് പുറത്തിറങ്ങിയത്.

പുതിയ വെബ്‌സൈറ്റ് ഉണ്ടാക്കി മതനിന്ദാപരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. എന്നാൽ, ഈ വെബ്‌സൈറ്റ് നിർമ്മിച്ചത് ആരാണ് എന്നതിന് തെളിവുകളൊന്നും നിലവിലില്ല എന്ന വസ്തുത ഉണ്ടായിരുന്നിട്ടും ഇവരെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ഈ സഹോദരങ്ങൾ പറയുന്നതനുസരിച്ച്, ബ്ലോഗ് പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പ് ക്രിസ്ത്യാനികൾ അവരുടെ മുസ്ലീം സുഹൃത്തുക്കളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഈ സുഹൃത്തുക്കൾ പ്രതികാരമെന്ന നിലയിൽ ക്രിസ്ത്യാനികളുടെ കോൺടാക്റ്റ് വിവരങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റ് രൂപപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു.

ശക്തമായ തെളിവുകളുടെ അഭാവം ഉണ്ടായിരുന്നിട്ടും കോടതി ഇവരെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകാനാണ് കുറ്റാരോപിതരുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.