
2007- ൽ ശരീരത്തിലേക്ക് പാഞ്ഞുകയറിയ വെടിയുണ്ടകളെയും മരണത്തോളമെത്തിയ വേദനകളെയും തോൽപിച്ച് ഒരു അമ്മയും മകളും ചേർത്തുവച്ച അതിജീവിത യാത്രയാണിത്. കണ്ണീരിന്റെയും സഹനത്തിന്റെയും ഒടുവിൽ വിജയത്തിന്റെ നെറുകയിൽ എത്തിനിൽക്കുന്ന റോസ് സ്മിത്തിന്റെയും മകൾ മിറക്കിളിന്റെയും ജീവിതം പ്രചോദനത്തിന്റെ പുതിയൊരു അധ്യായമാണ് തുറക്കുന്നത്.
വിധിയെ തോൽപ്പിച്ച ആ മേയ് മാസം
2007-ലെ ഒരു മേയ് മാസത്തിലായിരുന്നു റോസ് സ്മിത്തിന്റെ ജീവിതം മാറ്റിമറിച്ച ആ ദുരന്തം സംഭവിക്കുന്നത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന റോസിനു നേരെ പെട്ടെന്ന് വെടിവയ്പ്പുണ്ടായി. നാല് വെടിയുണ്ടകളാണ് അവളുടെ ശരീരത്തിൽ തുളച്ചുകയറിയത്. ഒന്ന് താടിയെല്ലിലും രണ്ടെണ്ണം ഇടതുകൈയിലും മറ്റൊന്ന് നട്ടെല്ലിലും.
രക്തത്തിൽ കുളിച്ചു കിടക്കുമ്പോഴും റോസിന്റെ പ്രാർഥന മുഴുവൻ തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞു ജീവനുവേണ്ടി ആയിരുന്നു. അന്ന് റോസ് മൂന്ന് മാസം ഗർഭിണിയായിരുന്നു. ‘ദൈവമേ എന്നെ മരിക്കാൻ അനുവദിക്കരുതേ’ എന്ന് മാത്രമാണ് അന്ന് ആ അമ്മ മനസ്സിൽ പ്രാർഥിച്ചുകൊണ്ടിരുന്നത്.
അദ്ഭുതമായി ജനിച്ച ‘മിറക്കിൾ’
ആശുപത്രിയിലെത്തിച്ച റോസിന്റെ നില അതീവ ഗുരുതരമായിരുന്നു. ഇനി നടക്കാൻ സാധിച്ചേക്കില്ലെന്നും താടിയെല്ലിലെ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് ജീവനോടെ ശേഷിക്കാൻ 50 ശതമാനം മാത്രമാണ് സാധ്യതയെന്നും ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം തെളിഞ്ഞ റോസിനെ തേടിയെത്തിയത് വലിയൊരു അനുഗ്രഹമായിരുന്നു. റോസിന്റെ വായ തുന്നിക്കെട്ടിയ നിലയിലായിരുന്നെങ്കിലും ആ കുഞ്ഞുഹൃദയം തുടിപ്പോടെ ശേഷിച്ചിരുന്നു. ആറ് മാസങ്ങൾക്ക് ശേഷം ഒരു സി – സെക്ഷനിലൂടെ റോസ് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. മകൾക്ക് മറ്റൊരു പേര് തിരയേണ്ടി വന്നില്ല; ദൈവത്തിന്റെ വലിയൊരു അദ്ഭുതമായി ജനിച്ച അവൾക്ക് ‘മിറക്കിൾ’ എന്ന് തന്നെ പേരിട്ടു.
വേദനകളിൽ തളരാത്ത ബാല്യം
അവിചാരിതമായി ഉണ്ടായ ആ ആക്രമണത്തിൽ റോസിന്റെ ജീവിതം വീൽചെയറിലായി. എന്നാൽ തന്റെ രണ്ട് ചെറിയ കുട്ടികളെയും മിറക്കിളിനെയും വളർത്താൻ അവർ ആ വൈകല്യങ്ങളോട് പൊരുതി. ഇടയ്ക്കിടെയുണ്ടാകുന്ന കടുത്ത വേദനകളും ആശുപത്രിവാസവും അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി. റോസ് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കണ്ടാണ് മിറക്കിൾ വളർന്നത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അമ്മയെ കുളിപ്പിക്കാനും സാധനങ്ങൾ വാങ്ങാനും സഹായിച്ചുകൊണ്ട് മിറക്കിൾ അമ്മയുടെ കരുത്തായി മാറി. ആ അനുഭവങ്ങളാണ് മറ്റുള്ളവരെ പരിചരിക്കുക എന്ന ലക്ഷ്യത്തിലേക്ക്, ഒരു നഴ്സ് ആവുക എന്ന സ്വപ്നത്തിലേക്ക് ആ കൊച്ചുമകളെ നയിച്ചത്.
പ്രതിബന്ധങ്ങളെ അതിജീവിച്ച വിജയം
പൊലീസ് ഓഫീസറുടെ ഇടപെടലിലൂടെ ലഭിച്ച സ്കോളർഷിപ്പ് ഉപയോഗിച്ച് ലോസ് ആഞ്ചലസിലെ പ്രമുഖ സ്കൂളിൽ ചേർന്ന് പഠിച്ച മിറക്കിൾ പഠനത്തിലും കലാകായിക രംഗത്തും മികവ് പുലർത്തി നാല് വർഷം ഓണർ റോളിൽ ഇടംപിടിച്ചു. ഈ കഴിഞ്ഞ മേയ് മാസത്തിൽ റോസിന്റെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് മിറക്കിൾ തന്റെ ഹൈസ്കൂൾ ഗ്രാജുവേഷൻ പൂർത്തിയാക്കി. അന്ന് സദസ്സിലിരുന്ന് ആ നിമിഷം കാണുമ്പോൾ റോസിന്റെ മനസ്സിലൂടെ കഴിഞ്ഞുപോയത് 18 വർഷത്തെ വേദനകളും കഷ്ടപ്പാടുകളുമായിരുന്നു. മരണത്തിന്റെ വക്കിൽ നിന്ന് ദൈവം തനിക്ക് തിരികെ നൽകിയ ആ മകൾ ഇന്ന് കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നഴ്സിംഗ് പഠനത്തിന് തയ്യാറെടുക്കുകയാണ്.
എല്ലാ കാര്യങ്ങളും സംഭവിക്കുന്നത് കൃത്യമായ ചില കാരണങ്ങളാലാണ് എന്ന് വിശ്വസിക്കുന്ന മിറക്കിളും ആത്മവിശ്വാസവും കൊണ്ട് വിധിയെ തോൽപ്പിച്ച റോസും നമ്മോട് പറയുന്നത് ഒന്നേയുള്ളൂ എത്ര വലിയ പ്രതിസന്ധികൾക്ക് മുന്നിലും തളരാതിരുന്നാൽ ജീവിതം നമുക്കായി കരുതിവച്ച അദ്ഭുതങ്ങളിലേക്ക് നമ്മൾ നടന്നു കയറുക തന്നെ ചെയ്യും.




