പ്രതീക്ഷയുടെ യാത്ര 183: ഒരു കോഴിയുടെ യാത്ര

ജീവിതത്തിന്റെ അർഥത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ പലപ്പോഴും വലിയ ദാർശനിക ഗ്രന്ഥങ്ങളിൽ നിന്ന് ആരംഭിക്കാറുണ്ട്. എന്നാൽ, തീർത്തും ലളിതമായ ഒരു ജീവിയുടെ – ഒരു കോഴിയുടെ – യാത്രയിലൂടെ ജീവിതത്തിന്റെ വലിയ സത്യങ്ങളെ ആവിഷ്കരിക്കുകയാണ് 2025 ൽ പുറത്തിറങ്ങിയ ‘ഹെൻ’ (Hen) എന്ന ഗ്രീക്ക്-ജര്‍മ്മന്‍-ഹംഗേറിയന്‍ ചിത്രം. ഗ്യോർഗി പാൽഫി സംവിധാനം ചെയ്ത ഈ ചിത്രം, കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഒരു ദൃശ്യാനുഭവമാണ്. ഒരു വ്യാവസായിക കോഴിഫാമിന്റെ തടവറയിൽ നിന്ന് രക്ഷപെട്ട്, അനിശ്ചിതത്വങ്ങൾ നിറഞ്ഞ പുറംലോകത്തേക്ക് ഇറങ്ങിത്തിരിക്കുന്ന ഒരു കറുത്ത കോഴിയുടെ കഥയാണ് ഈ സിനിമ പറയുന്നത്.

ഈ ചിത്രത്തിന്റെ കാതൽ ആ കോഴി നേരിടുന്ന അതിശയിപ്പിക്കുന്നതും കലുഷിതവുമായ അനുഭവങ്ങളാണ്. അതിന്റെ കറുത്ത നിറം ചെറുപ്പത്തിലേ അതിനെ ഒറ്റപ്പെടുത്തുന്നുണ്ട്. വ്യാവസായിക ഫാമിന്റെ സുരക്ഷിതമായ, എന്നാൽ ശ്വാസംമുട്ടിക്കുന്ന കൂട്ടിൽ നിന്ന് അത് പുറത്തേക്ക് ചാടുമ്പോൾ, കൊടും ഭയവും വിശപ്പും നിറഞ്ഞ അപകടം പിടിച്ച ലോകമാണ് അതിനെ വരവേൽക്കുന്നത്. ആ വന്യമായ പുറംലോകത്ത് ഓരോ ചുവടും ആ കോഴിക്ക് മരണമുഖത്തേക്കുള്ള യാത്രയായിരുന്നു. ഫാമിൽ നിന്ന് രക്ഷപെട്ടയുടനെ അതിന്റെ വഴിയിൽ ആദ്യം വരുന്നത് ഇരപിടിക്കാനായി കാത്തുനിൽക്കുന്ന ഒരു കുറുക്കനാണ്. ജീവന്മരണ പോരാട്ടം നടത്തിയാണ് ആ കോഴി കുറുക്കന്റെ പിടിയിൽപെടാതെ കഷ്ടിച്ച് രക്ഷപെടുന്നത്.

പിന്നീട്, യാത്രാമധ്യേ ജനവാസമേഖലകളിലേക്കും തെരുവുകളിലേക്കും എത്തുമ്പോൾ മനുഷ്യരുടെ ക്രൂരതയും സാമൂഹികമായ അശാന്തിയും അതിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു. സമരക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ നടക്കുന്ന നഗരവീഥികളിലൂടെയാണ് ആ കോഴിക്ക് ഓടേണ്ടിവരുന്നത്. അവര്‍ക്കിടയില്‍പെട്ട ആ ചെറിയ ജീവി ചവിട്ടിയരയ്ക്കപ്പെടാതെ അദ്ഭുതകരമായി രക്ഷപെടുന്നു.

ആ ഭയം മാറും മുമ്പേ, ആകാശത്തു നിന്ന് മറ്റൊരു ഭീഷണി വരികയാണ്‌; ഇര പിടിക്കാൻവേണ്ടി എത്തുന്ന ഒരു പക്ഷി അതിന്റെ ജീവന് ഭീഷണിയായി എത്തുന്നു. ആകാശത്തെയും ഭൂമിയെയും ഒരേ സമയം ഭയന്ന്, ഒളിച്ചും പാഞ്ഞും അത് മുന്നോട്ട് നീങ്ങുന്നു. അതിനിടയില്‍ അപ്രതീക്ഷിതമായി ഒരു നായ കോഴിയെ പിടിച്ച് തന്റെ യജമാനനെ ഏല്‍പിക്കുന്നു.

അങ്ങനെ ഒടുവിൽ ആ കോഴി ചെന്നുചേരുന്നത് മനുഷ്യക്കടത്തുമായി ബന്ധമുള്ള ഒരു ചെറിയ കുടുംബത്തിലെ കോഴിക്കൂട്ടിലേക്കാണ്. അവിടെയാണ് ചിത്രത്തിന്റെ പ്രമേയപരമായ യഥാർഥ ആഴം വെളിപ്പെടുന്നത്.

സുരക്ഷിതമെന്ന് വിശ്വസിക്കുന്ന ഇടങ്ങളിൽ തളച്ചിടപ്പെടാൻ തയ്യാറാകാതെ, സ്വതന്ത്രമായ വായു ശ്വസിക്കാൻ ധൈര്യപ്പെടുന്ന ജീവിയാണ് ആ കോഴി. താനിടുന്ന മുട്ടകള്‍ മനുഷ്യന്‍ എടുത്തുകൊണ്ടു പോകുന്നതിനാല്‍, ആ കോഴി മുട്ടയിടുന്ന സ്ഥലങ്ങള്‍ നിരവധി തവണ മാറ്റുന്നുണ്ട്. എങ്കിലും അവിടെ നിന്നെല്ലാം മുട്ട അപഹരിക്കപ്പെടുന്നു. ഒരിക്കല്‍ ആ കോഴി തീയില്‍പെടുകയും രക്ഷപെടുകയും ചെയ്യുന്നു. താനിഷ്ടപ്പെടുന്ന പൂവന്‍കോഴി കണ്മുന്‍പില്‍ കൊല്ലപ്പെടുന്നതിനും ആ കോഴിക്ക് സാക്ഷിയാകേണ്ടി വരുന്നു. പിന്നീട് മറ്റൊരു പൂവന്‍കോഴി അതിന്  സുഹൃത്തായി എത്തുന്നുണ്ട്. സംഘര്‍ഷങ്ങളുടെയും സങ്കടങ്ങളുടെയും യാത്രയാണ്‌ ആ കോഴിയുടെ ജീവിതം. എപ്പോഴും ആക്രമണങ്ങളും അപകടങ്ങളും  അനിശ്ചിതത്വങ്ങളും മാത്രം.

കോഴിയുടെ കഥയുടെ ഇടയിലൂടെ കുടിയേറ്റം, മനുഷ്യക്കടത്ത് തുടങ്ങിയ ഗൗരവകരമായ സാമൂഹികവിഷയങ്ങളെ, തികച്ചും വ്യത്യസ്തമായ ഒരു കോണിലൂടെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിരിക്കുന്നു. മനുഷ്യർക്കിടയിലെ കുറ്റകൃത്യങ്ങളും ശത്രുതകളും രൂക്ഷമാകുന്നതും, റസ്റ്റോറന്റ് കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തിന്റെ സംഘർഷങ്ങളും ആ കഥാന്തരീക്ഷത്തെ കൂടുതൽ കലുഷിതമാക്കുന്നു. ഒടുവിൽ, ആ മനുഷ്യരുടെ ഇടയിലെ പകയും അക്രമങ്ങളും മൂലം റസ്റ്റോറന്റിന്റെ ഉടമസ്ഥനടക്കമുള്ളവർ തങ്ങളുടെ തന്നെ കുറ്റകൃത്യങ്ങളുടെയും സംഘർഷങ്ങളുടെയും ഇരകളായി മാറുകയോ, പൊലീസിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നു.

മനുഷ്യരുടെ ലോകം പരസ്പരമുള്ള ചതിയിലും അക്രമത്തിലും തകർന്നുവീഴുമ്പോഴും, പ്രകൃതി അതിന്റെ സ്വാഭാവിക നിയമങ്ങളിലൂടെ മുന്നോട്ടുപോകുന്നു. അവിടെ മനുഷ്യരുടെ ക്രൂരതകൾക്കും തകർച്ചകൾക്കും സാക്ഷിയായി നിന്നുകൊണ്ട്, ആ കോഴി തന്റെ സ്വന്തം ജീവിതവുമായി മുന്നോട്ട് പോകുകയാണ്. തനിക്കു ചുറ്റും അനിശ്ചിതത്വങ്ങൾ പടരുമ്പോഴും, സ്വന്തം കുഞ്ഞുങ്ങളെയും കൂട്ടി ആ കോഴി ആ പുതിയ ചുറ്റുപാടുകളെ അതിജീവിക്കുന്നു. മനുഷ്യർ സ്വന്തം കര്‍മ്മഫലങ്ങളാല്‍ തോറ്റുപോകുമ്പോൾ, ജീവന്റെയും പ്രതീക്ഷയുടെയും പ്രതീകമായി ആ കോഴി തന്റെ കുഞ്ഞുങ്ങളോടൊപ്പം ജീവിതം തുടരുന്നതോടെ ചിത്രം അവസാനിക്കുന്നു.

മനുഷ്യന്റെയും പ്രകൃതിയുടെയും സങ്കീർണ്ണമായ ക്രൂരതകൾക്കിടയിൽ പതറാതെ പിടിച്ചുനിൽക്കുന്ന ഒരു ചെറിയ ജീവിയുടെ അതിജീവനഗാഥയാണ് ‘ഹെൻ’ എന്ന ഈ ചിത്രം നമ്മുടെ മുൻപിൽ വയ്ക്കുന്നത്. എത്ര വലിയ പ്രതിസന്ധികളും തടവറകളും നേരിടേണ്ടിവന്നാലും, ജീവിക്കാനും സ്വതന്ത്രമായി ചിറകുവിരിച്ച് പറക്കാനുമുള്ള ആഗ്രഹം ഏതൊരു വ്യക്തിയെയും മുന്നോട്ട് നയിക്കുമെന്ന് ഈ യാത്ര നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യർ പരസ്പരമുള്ള അക്രമങ്ങളിലും സ്വാർഥതയിലും തളർന്നുപോകുമ്പോൾ, പ്രത്യാശയുടെയും പുതിയൊരു തുടക്കത്തിന്റെയും പ്രതീകമായി മാറുന്ന ആ കോഴിയുടെ ഇച്ഛാശക്തി നമ്മുടെ ജീവിതയാത്രയ്ക്കും വലിയൊരു പ്രചോദനമാകട്ടെ!

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.