
നാനൂറിലധികം വ്യത്യസ്ത ഗോത്രവർഗങ്ങളും എണ്ണൂറിലധികം പ്രാദേശിക ഭാഷകളുമുള്ള പസഫിക് ദ്വീപ് രാജ്യമാണ് പാപ്പുവ ന്യൂ ഗുനിയ. സാംസ്കാരികവും ഭാഷാപരവുമായ ഈ അസാധാരണ വൈവിധ്യങ്ങൾക്കിടയിലും കത്തോലിക്കാ സഭ അവിടെ പടുത്തുയർത്തിയത് സഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഒരു വലിയ അദ്ഭുതമാണ്. ഇവിടെ ബൗഗെയ്ൻവിൽ രൂപതയിൽ കത്തോലിക്കാ മിഷനറിമാരുടെ വരവിന്റെ 125-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ പാപ്പുവ ന്യൂഗിനിയിലെ വിശ്വാസത്തിന്റെ വളർച്ചയെ അറിയാം.
1901-ൽ മാരിസ്റ്റ് മിഷനറിമാർ വിത്തുപാകിയ ക്രൈസ്തവ വിശ്വാസം ഇന്ന് പാപ്പുവ ന്യൂ ഗുനിയയിൽ ആഴത്തിൽ വേരോടിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെയും ആഭ്യന്തര പ്രക്ഷോഭങ്ങളുടെയും കറുത്ത നാളുകളെ അതിജീവിച്ചാണ് സഭ ഇന്ന് വളർന്നു പന്തലിച്ചിരിക്കുന്നത്. ഈ സമയങ്ങളിൽ വിശ്വാസം സംരക്ഷിക്കുന്നതിനായി പ്രാദേശിക മതബോധന ശുശ്രൂഷകർ നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. ഈ പ്രതിസന്ധികളെ ഒക്കെ തരണം ചെയ്ത് ഇന്ന് 35 ഇടവകകളിലായി രണ്ട് ലക്ഷത്തിലധികം വിശ്വാസികളുള്ള സജീവമായ ഒരു രൂപതയായി ബൗഗെയ്ൻവിൽ വളർന്നിരിക്കുന്നു.
ആദ്യകാലങ്ങളിൽ 90 ശതമാനത്തോളം വിദേശ മിഷനറിമാരായിരുന്നു സഭയെ നയിച്ചിരുന്നതെങ്കിൽ, 1990-കൾക്ക് ശേഷം പ്രാദേശിക ദൈവവിളികളിൽ വലിയ വർധനവുണ്ടായി. ഇന്ന് പൂർണ്ണമായും ഒരു പ്രാദേശിക സഭയായി സ്വയം പര്യാപ്തത കൈവരിക്കാനുള്ള പാതയിലാണ് ഇവിടുത്തെ കത്തോലിക്കാ സഭ.
പുതിയ തലമുറ സ്വന്തം പ്രാദേശിക ഭാഷകളിൽ നിന്നും സംസ്കാരത്തിൽ നിന്നും അകന്നുപോകാതെ, സുവിശേഷ മൂല്യങ്ങളെ തദ്ദേശീയ സംസ്കാരവുമായി സംയോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കത്തോലിക്കാ സഭ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വിവിധ ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, ബഹുഭാര്യത്വം, മന്ത്രവാദവുമായി (sorcery-related violence) ബന്ധപ്പെട്ട ദുരാചാരങ്ങൾ എന്നിവ ഇപ്പോഴും പാപ്പുവ ന്യൂ ഗുനിയ അഭിമുഖീകരിക്കുന്ന വലിയ സാമൂഹിക മുറിവുകളാണ്. ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് മനുഷ്യരെ ഒന്നിപ്പിക്കാൻ സഭയുടെ സുവിശേഷപ്രഘോഷണത്തിന് സാധിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യാശ.
ബൗഗെയ്ൻവിൽ രൂപതയുടെ 125-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിലെ സുവിശേഷവൽക്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്റ്റ് കാർഡിനൽ ലൂയിസ് അന്റോണിയോ ടാഗ്ലെ പങ്കെടുക്കുന്ന ആഘോഷമായ ദിവ്യബലിയും നടക്കും. ഗോത്രീയ വൈവിധ്യങ്ങളെ അതിജീവിച്ച് ക്രിസ്തുവിൽ ഒന്നായി നിൽക്കുന്ന ഒരു സമൂഹത്തിന്റെ സജീവ ഉദാഹരണമായി പാപ്പുവ ന്യൂ ഗുനിയ ഇന്ന് ലോകത്തിനു മുന്നിൽ നിലകൊള്ളുന്നു.




