ഛത്തീസ്ഗഡിൽ മതപരിവർത്തന രേഖകൾ ഹാജരാക്കിയില്ലെന്നാരോപിച്ച് പൗരോഹിത്യ സ്വീകരണം തടഞ്ഞു

ഛത്തീസ്ഗഡിൽ ക്രൈസ്‌തവ മതത്തിലേക്കു മാറിയതിന്റെ നിയമ സാധുത തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെന്നാരോപിച്ച് ഗോത്രവിഭാഗക്കാരനും ഈശോസഭാംഗവുമായ ഡീക്കൻ ബേസിൽ ഹദ്ദെയുടെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകുടം തടഞ്ഞു. ബൽറാംപുർ ജില്ലയിലുള്ള ധൻവാർ ഇടവകയിലായിരുന്നു പൗരോഹിത്യ സ്വീകരണം നിശ്ചയിച്ചിരുന്നത്. പൊലിസിന്റെയും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും അടിയന്തര ഇടപെടലിനെത്തുടർന്ന് ഒക്ടോബർ 14ന് നടക്കേണ്ടിയിരുന്ന ചടങ്ങ് താത്കാലികമായി മാറ്റിവയ്ക്കാൻ സഭാധികാരികൾ നിർബന്ധിതരാകുകയായിരുന്നു.

മേഖലയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഗോത്രവിഭാഗത്തിൽനിന്ന് പൗരോഹിത്യത്തിലേക്ക് കടന്നുവരുന്ന ആദ്യവ്യക്തിയാണ് ഡീക്കൻ ബേസിൽ ഹട്ടെ. അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ ധൻവാറിൽ നടക്കാനിരുന്ന ഈ ചടങ്ങു പ്രാദേശിക ക്രൈസ്ത‌വ സമൂഹവും ഇതരമതസ്ഥരായ ഗ്രാമവാസികളും വലിയ ആവേശത്തോടെയാണ് കാത്തിരുന്നത്. ഒരു മാസം നീണ്ട തയാറെടുപ്പുകളാണ് പൗരോഹിത്യ സ്വീകരണത്തിനായി ഗ്രാമത്തിൽ നടന്നിരുന്നത്.

ചടങ്ങു നടക്കേണ്ടതിനു തലേന്ന് ഡീക്കൻ ബേസിൽ ഹദ്ദെ ഇടവകയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് പൊലിസും സബ് ഡിവിഷണൽ മജിസ്ട്രേറ്റും ഉൾപ്പെടുന്ന ഉദ്യോഗസ്ഥർ എത്തിയത്. മതപരിവർത്തനം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ വേണമെന്ന് ഉദ്യോഗസ്ഥർ വാദിച്ചു. മാമ്മോദീസ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും ഉദ്യോഗസ്ഥർ അത് അംഗീകരിക്കാൻ തയ്യാറായില്ല.

1995 ൽ ഛത്തീസ്ഗഡിൽ കർശനമായ മതപരിവർത്തന നിരോധന നിയമം വരുന്നതിന് ഏറെ മുമ്പ്, തന്റെ കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം ക്രിസ്‌തുമതം സ്വീകരിച്ചതാണെന്നും അന്ന് അതിന് സർക്കാരിന്റെ അനുമതി ആ വശ്യമില്ലായിരുന്നുവെന്നും ഡീക്കൻ ഹദ്ദെ ചൂണ്ടിക്കാട്ടി. എങ്കിലും ഉദ്യോഗസ്ഥർ ഇത് അംഗീകരിക്കാൻ തയാറായില്ല.

ഒരു ഗോത്രവർഗക്കാരന്റെ പൗരോഹിത്യ സ്വീകരണം പ്രദേശത്ത് കൂടുതൽ മതപരിവർത്തനങ്ങൾക്ക് വഴിവയ്ക്കുമെന്നായിരുന്നു പരാതിനൽകിയ ഉമേഷ്, പാത്രാസ് എന്നിവരുടെ വാദം. ചടങ്ങ് മാറ്റിവച്ചില്ലെങ്കിൽ ഉണ്ടാകുന്ന അനിഷ്ടസംഭവ ങ്ങൾക്ക് തങ്ങൾ ഉത്തരവാദികളായിരിക്കില്ലെന്നും ഭരണകുടം മുന്നറിയിപ്പ് നൽകി.

ഭരണകുടത്തിന്റെ അനാവശ്യ ഇടപെടലിൽ ഗ്രാമവാസികളും ഡീക്കന്റെ കുടുംബാംഗങ്ങളും വലിയ രോഷത്തിലാണ്. ജില്ലാ ആസ്ഥാനത്തേക്കു പ്രതിഷേധമാർച്ച് നടത്താൻ പ്രദേശവാസികൾ തയാറായെങ്കിലും സമാധാനം നിലനിർത്താൻ ഈശോസഭാ അധികാരികളും ഇടവക കൗൺസിലും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. മുൻകരുതലിന്റെ ഭാഗമായും സുരക്ഷാഭീഷണികൾ കണക്കിലെടുത്തും ഡീക്കൻ ബേസിൽ ഹദ്ദെയെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.