കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; മുഖ്യമന്ത്രി ഉച്ചയോടെ പത്തനംതിട്ടയിൽ

കേരളത്തിൽ വിവിധ ജില്ലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിലും ഇടത്തരം മഴയ്ക്ക്  സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പത്തനംതിട്ടയിലെ ദുരന്തമേഖലകൾ സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തുന്ന മുഖ്യമന്ത്രി, തുടർന്ന് റാന്നി ഉൾപ്പെടെയുള്ള മേഖലകളിലെത്തി ദുരിതബാധിതരുമായി നേരിട്ടു സംസാരിക്കും. മഴക്കെടുതി അനുഭവിക്കുന്നവർക്കുള്ള അടിയന്തര ആശ്വാസ സഹായങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ കൈക്കൊള്ളുന്നതിനു മുന്നോടിയായാണ് സന്ദർശനം.

ശക്തമായ മഴ കാരണം പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ജില്ലകളിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവധി. പ്രഫഷനൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകൾക്കാണ് അവധി. ഇവിടെ പ്രഫഷനൽ കോളജുകൾക്ക് അവധി ബാധകമല്ല. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

മഴ മുന്നറിയിപ്പിൽ ഇന്നലെ രാത്രിയോടെയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മാറ്റം വരുത്തിയത്. ഇന്ന് എല്ലാ ജില്ലകളിലും യെലോ അലേർട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.