
പോൾ ആറാമൻ ഹാളിൽ നടന്ന അസാധാരണ കൺസിസ്റ്ററിയുടെ രണ്ടാമത്തെ സമ്മേളനം സമാധാനത്തിന് ഊന്നൽ നൽകി പൂർത്തിയായി. സമാധാനവും സ്നേഹത്തിന്റെ സംസ്കാരവും കെട്ടിപ്പടുക്കാൻ ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം സമ്മേളനത്തിൽ ഊന്നിപ്പറഞ്ഞു. ജൂൺ 26 ന് പോൾ ആറാമൻ ഹാളിൽ വച്ച് നടന്ന കൺസിസ്റ്ററിയുടെ ഉച്ചകഴിഞ്ഞുള്ള സമ്മേളനം, വെനിസ്വേലയിലെ വേദനാജനകമായ സാഹചര്യങ്ങൾക്കും അടുത്തിടെയുണ്ടായ ഭൂകമ്പത്തിൽ ഇരകളായവർക്കും വേണ്ടിയുള്ള പ്രാർഥനകളോടെയാണ് ആരംഭിച്ചത്.
പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിന് കർദിനാൾ പാബ്ലോ വിർജിലിയോ സിയോങ്‌കോ ഡേവിഡ് നേതൃത്വം നൽകി. വിശ്വാസ തിരുസംഘത്തിന്റെ പ്രിഫെക്റ്റായ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസിനെ ആമുഖപ്രഭാഷണത്തിനായി ക്ഷണിച്ചു. ലെയോ പതിനാലാമൻ മാർപാപ്പ സമ്മേളനത്തിന്റെ തുടക്കത്തിൽ പങ്കെടുക്കുകയും പിന്നീട് പൊതുസമ്മേളനത്തിനായി വീണ്ടും തിരിച്ചെത്തുകയും ചെയ്തു.
യുദ്ധങ്ങളെ സ്വാഭാവികമായി കാണരുത്
തുടർന്ന് ചർച്ചകൾ ആരംഭിച്ചു. കൺസിസ്റ്ററിയിലെ 11 ഗ്രൂപ്പുകൾ തങ്ങളുടെ റിപ്പോർട്ടുകൾ പൊതുസഭയ്ക്കു മുൻപിൽ അവതരിപ്പിച്ചു. സമകാലിക ലോകം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് ഇവരെല്ലാം സംസാരിച്ചത്. വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനപ്രകാരം, അധികാര സംസ്കാരത്തിന്റെ മനുഷ്യത്വരഹിതമായ സ്വാധീനം, അതിന്റെ ആഗോളവ്യാപ്തി, ശക്തരുടെ യുക്തിക്ക് കീഴടങ്ങാനുള്ള പ്രവണത, യുദ്ധങ്ങളെയും ചേരിതിരിവുകളെയും സ്വാഭാവികമായി കാണുന്ന അവസ്ഥ എന്നിവയെല്ലാം ചർച്ചകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇത്തരം പ്രവണതകൾ സമൂഹത്തിൽ അക്രമങ്ങളോടുള്ള സഹിഷ്ണുത വർധിപ്പിക്കുകയും തർക്കങ്ങൾ പരിഹരിക്കുന്നതിൽ അപകടകരമാംവിധം ലളിതമായ സമീപനങ്ങൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. യുദ്ധത്തിൽ തകർന്നവരുടെ ഹൃദയങ്ങളെ സ്പർശിക്കാനും യുദ്ധം വരുത്തിവച്ച മുറിവുകൾ തിരിച്ചറിയാനും സഭയ്ക്കുള്ളിലെ ഐക്യം വളർത്താനും ഇത്തരം സമീപനങ്ങൾക്ക് സാധിക്കുമെന്ന് അവർ വ്യക്തമാക്കി.
സമാധാനം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം
സഭയുടെ വിശ്വാസ്യതയ്ക്ക് അതിനുള്ളിലെ ഐക്യം അത്യന്താപേക്ഷിതമാണെന്ന് ചർച്ചകളിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. മറ്റ് മതങ്ങളുമായി, പ്രത്യേകിച്ച് ഇസ്ലാമുമായുള്ള സംഭാഷണങ്ങൾ പ്രധാനപ്പെട്ട കാര്യമാണ്. ആഗോളതലത്തിലുള്ള ഉദാസീനത മറ്റുള്ളവരുടെ സങ്കടങ്ങളോട് മനുഷ്യരെ താൽപര്യമില്ലാത്തവരാക്കി മാറ്റുന്ന ഈ കാലഘട്ടത്തിൽ, സമാധാനം കെട്ടിപ്പടുക്കാൻ ഓരോ വ്യക്തിയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ, വെറും സിദ്ധാന്തമായി കാണാതെ ജീവിതത്തിൽ പകർത്തുമ്പോൾ ലോകത്തെ മാറ്റിമറിക്കാൻ ശക്തിയുള്ള ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെയും സുവിശേഷത്തിന്റെയും പ്രാധാന്യം എല്ലാ ഗ്രൂപ്പുകളും വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ചില പ്രതിസന്ധികൾ ദൈവത്തിന്റെ ഇടപെടലിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന് വ്യക്തമാക്കിയ അവർ സഭയുടെ യഥാർഥ ദൗത്യത്തെ ഓർമ്മിപ്പിച്ചു. വിശുദ്ധനാട്ടിലും കിഴക്കൻ യൂറോപ്പിലും സഭ നടത്തുന്ന പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണങ്ങളായി പലരും ചൂണ്ടിക്കാണിച്ചു.
രാഷ്ട്രീയ അധികാരത്തെ സാമ്പത്തികശക്തികളുമായുള്ള ദോഷകരമായ ബന്ധങ്ങളിൽ നിന്ന് മോചിപ്പിക്കണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. കുടുംബം, വിദ്യാഭ്യാസം, താൽക്കാലിക പരിഹാരങ്ങൾക്കായുള്ള സമ്മർദങ്ങൾ മറികടക്കാനുള്ള ബുദ്ധിമുട്ടുകൾ, ധീരമായ സുവിശേഷവൽക്കരണം എന്നിവയും ചർച്ചയായി. സഭയുടെ ശബ്ദം ലോകമെമ്പാടും കേൾക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ വത്തിക്കാന്റെ നയതന്ത്രജ്ഞതയ്ക്കും മാർപാപ്പയുടെ പ്രതിനിധികൾക്കുമുള്ള പങ്കും പല ഗ്രൂപ്പുകളും എടുത്തുപറഞ്ഞു.
സമാധാനത്തിനായുള്ള മാർപാപ്പയുടെ ആഹ്വാനത്തിനൊപ്പം
വിജ്ഞാപനത്തിലൂടെ സായുധപോരാട്ടങ്ങളെ അപലപിച്ചതിനും സമാധാനത്തിനായി നിരന്തരം ശബ്ദമുയർത്തിയതിനും ലെയോ മാർപാപ്പയോട് കൺസിസ്റ്ററി അഗാധമായ കൃതജ്ഞത രേഖപ്പെടുത്തി. രാഷ്ട്രീയ അധികാരങ്ങളിൽ നിന്നുള്ള സഭയുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിൽ ഉള്ള പങ്കിനെക്കുറിച്ചും നിലവിലെ സാഹചര്യത്തിൽ സമാധാനത്തിന്റെ ദൃശ്യമായ അടയാളങ്ങളായി മാറാൻ കഴിയുന്ന പ്രതീകാത്മകമായ ഇടപെടലുകളുടെ ആവശ്യകതയെക്കുറിച്ചും യോഗം വിലയിരുത്തി.
ഉത്തരവാദിത്തത്തിലേക്കുള്ള ആഹ്വാനം
സമ്മേളനത്തിൽ പങ്കെടുത്ത ചില വ്യക്തികളുടെ അഭിപ്രായപ്രകടനങ്ങളോടെയാണ് ചർച്ചകൾ അവസാനിച്ചത്. കൺസിസ്റ്ററി ഒരുക്കിയ ഈ സംവാദത്തിനുള്ള അവസരത്തിന് ചില കർദിനാളുമാർ നന്ദി അറിയിച്ചു. സ്നേഹത്തിന്റെ നാഗരികത പ്രോത്സാഹിപ്പിക്കുന്നതിന് മറ്റ് മതനേതാക്കളുമായി ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ഓർമ്മിപ്പിച്ചു.
1986 ൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ അസ്സീസിയിൽ വിളിച്ചുകൂട്ടിയ ലോകസമാധാന പ്രാർഥനാദിനം പോലെയുള്ള പ്രതീകാത്മകമായ സമാധാനശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ ഈ വിജ്ഞാപനം കർദിനാൾമാരുടെ സംഘത്തോട് (College of Cardinals) ആവശ്യപ്പെടും. രാത്രി ഏകദേശം 7.30 ഓടെ മാർപാപ്പ തിരിച്ചെത്തുകയും സമാപനപ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തതോടെ ഒന്നാം ദിവസത്തെ സമ്മേളനം അവസാനിച്ചു.




