വത്തിക്കാൻ ന്യൂസിന്റെ ഡോക്യുമെന്ററി ‘ലിയോ ഇൻ റോം’ ജൂലൈ ഒന്നിന് പുറത്തിറങ്ങും

ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ തയ്യാറാക്കിയ പുതിയ ഡോക്യുമെന്ററിയായ ‘ലിയോ ഇൻ റോം’ (Leo in Rome) ജൂലൈ ഒന്നിന് വത്തിക്കാൻ ന്യൂസിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യും. ലെയോ പതിനാലാമൻ, മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് അദ്ദേഹം റോമിൽ ചെലവഴിച്ച വർഷങ്ങളെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി വിവരിക്കുന്നത്.

‘ലിയോൺ ഡി പെറു’ (León de Perú), ‘ലിയോ ഫ്രം ചിക്കാഗോ’ (Leo from Chicago) എന്നീ ഡോക്യുമെന്ററികൾക്ക് ശേഷം വത്തിക്കാൻ ന്യൂസ് പുറത്തിറക്കുന്ന പുതിയ ചിത്രമാണ് ‘ലിയോ ഇൻ റോം’. നിലവിൽ ലെയോ പതിനാലാമൻ മാർപാപ്പയായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, റോം നഗരത്തിൽ ചെലവഴിച്ച കാലഘട്ടത്തെയാണ് ഈ ഡോക്യുമെന്ററി പുനരാവിഷ്കരിക്കുന്നത്.

ഏകദേശം 20 വർഷത്തോളം നീളുന്ന പാപ്പയുടെ ജീവിതയാത്രയാണ് സിനിമയിലുള്ളത്. 1981-ൽ അമേരിക്കയിൽ നിന്ന് ഇറ്റലിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് മുതൽ, അഗസ്തീനിയൻ സന്ന്യാസ സമൂഹത്തെ രണ്ട് തവണ നയിച്ച വർഷങ്ങളും, തുടർന്ന് ബിഷപ്പുമാർക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രിഫെക്റ്റായി നിയമിതനായതും, 2023-ൽ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടതുമെല്ലാം ഈ ഡോക്യുമെന്ററിയിൽ ഉൾപ്പെടുന്നു.

സൗഹൃദത്തിന്റെ, പഠനത്തിന്റെ, യാത്രകളുടെ, കൂടിക്കാഴ്ചകളുടെ, തീർഥാടനങ്ങളുടെയും ഔദ്യോഗിക പ്രവർത്തനങ്ങളുടെയും വർഷങ്ങൾ ഇതിലൂടെ പങ്കുവെക്കുന്നുണ്ട്. ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങളും ദൃശ്യങ്ങളും കൂടാതെ പാപ്പയുടെ സഹപ്രവർത്തകരായ അഗസ്തീനിയൻ വൈദികർ, പഴയ സഹപാഠികൾ, സുഹൃത്തുക്കൾ, ബിഷപ്പുമാർക്കായുള്ള കാര്യാലയത്തിലെ അംഗങ്ങൾ എന്നിവരുടെ വാക്കുകളിലൂടെയുമാണ് കഥ പറയുന്നത്.

മാർപാപ്പയുടെ ജീവിതവും വ്യക്തിത്വവും പര്യവേഷണം ചെയ്യുന്ന വത്തിക്കാൻ ന്യൂസിന്റെ യാത്രാപരമ്പരയിലെ അവസാന ഭാഗമാണ് ‘ലിയോ ഇൻ റോം’. തെക്കേ അമേരിക്കൻ രാജ്യമായ പെറുവിലെ പാപ്പയുടെ മിഷനറി ജീവിതത്തെക്കുറിച്ച് 2025 ജൂണിൽ പുറത്തിറങ്ങിയ ‘ലിയോൺ ഡി പെറു’ എന്ന ഡോക്യുമെന്ററിയോടെയാണ് ഈ പരമ്പര ആരംഭിച്ചത്. തുടർന്ന് പാപ്പയുടെ അമേരിക്കൻ പശ്ചാത്തലം വിവരിച്ചുകൊണ്ട് നവംബറിൽ ‘ലിയോ ഫ്രം ചിക്കാഗോ’ പുറത്തിറങ്ങി.

വത്തിക്കാൻ വാർത്താവിനിമയ കാര്യാലയത്തിന്റെ എഡിറ്റോറിയൽ ഡയറക്ടറേറ്റിന്റെ നിർമ്മാണത്തിലാണ് ഈ ഡോക്യുമെന്ററി ഒരുങ്ങിയിരിക്കുന്നത്. മാധ്യമപ്രവർത്തകരായ ഫിലിപ്പെ ഹെരേര-എസ്പാലിയാറ്റ്, സാൽവത്തോറെ സെർനൂസിയോ, തിസിയാന കാമ്പിസി എന്നിവർ ചേർന്നാണ് ഇത് തയ്യാറാക്കിയത്. ജൈം വിസ്കൈനോ ഹാരോ, സ്റ്റെഫാനോ അനെല്ല എന്നിവർ എഡിറ്റിംഗ് നിർവഹിച്ചു.

ജൂലൈ ഒന്ന് ബുധനാഴ്ച റോം സമയം വൈകുന്നേരം ആറുമണിക്ക് വത്തിക്കാൻ ന്യൂസിന്റെ യൂട്യൂബ് ചാനലിൽ ഈ ഡോക്യുമെന്ററി റിലീസ് ചെയ്യും. തുടക്കത്തിൽ ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ് എന്നീ മൂന്ന് ഭാഷകളിൽ ലഭ്യമാകുന്ന ചിത്രം പിന്നീട്, ആവശ്യപ്പെടുന്ന അന്താരാഷ്ട്ര മാധ്യമങ്ങൾക്കും നൽകും. വത്തിക്കാൻ പ്രസ്സ് ഓഫീസിൽ അംഗീകാരമുള്ള മാധ്യമപ്രവർത്തകർക്കായി ജൂലൈ ഒന്നിന് വൈകുന്നേരം അഞ്ച് മണിക്ക് വത്തിക്കാൻ ഫിലിം ലൈബ്രറിയിൽ വച്ച് ചിത്രത്തിന്റെ പ്രത്യേക പ്രിവ്യൂ പ്രദർശനവും ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.