തകർന്നുവീണ കെട്ടിടത്തിനടിയിലും മകൾക്ക് കാവലായി; വെനിസ്വേലയിലെ ഭൂകമ്പത്തിലെ ഹൃദയഭേദകമായ കാഴ്ച!

“അവസാന ശ്വാസം വരെ മകളെ കൈവിടാതെ, അവൾക്കായി സ്വന്തം ജീവൻ നൽകിയ നിന്റെ ധീരതയുടെ കഥ ഞാൻ അവൾ വലുതാകുമ്പോൾ പറഞ്ഞു കൊടുക്കും. എന്റെ പ്രിയപ്പെട്ടവളേ, നീ ഒരു ധീരവനിതയാണ്…” സ്വന്തം മകളുടെ ജീവൻ നിലനിർ‌ത്താൻ‌ ഒരമ്മ തന്റെ ജീവൻ ത്യാ​ഗം ചെയ്ത സംഭവമാണ് വെനിസ്വേലയിൽ നിന്നും പുറത്ത് വരുന്നത്. തന്റെ ഭാര്യയെ ഓർത്തും മകളെ ഓർത്തും വിതുമ്പുന്ന ഒരച്ഛന്റെ ഈ വാക്കുകൾ ആരുടെയും ഹൃദയം മുറിക്കുന്നതാണ്.

പ്രകൃതി ദുരന്തങ്ങൾ വിതയ്ക്കുന്ന നാശനഷ്ടങ്ങൾക്കപ്പുറം, അവ അവശേഷിപ്പിച്ചു പോകുന്ന ചില ഹൃദയഭേദകമായ സംഭവങ്ങൾ കാലത്തെയും അതിജീവിക്കുന്നു. വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ലോകത്തിന്റെ കണ്ണീരാവുകയാണ് ആൻഡ്രിയ എന്ന ഒരമ്മ. ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ സ്വന്തം ജീവൻ കവചമാക്കി തന്റെ പിഞ്ചുകുഞ്ഞിനെ മരണത്തിൽ നിന്നും രക്ഷിച്ചാണ് ഈ അമ്മ വിടപറഞ്ഞത്. വെനിസ്വേലൻ ഫുട്ബോൾ താരം ഹെക്ടർ ബെല്ലോയുടെ ഭാര്യ ആൻഡ്രിയ, ഇന്ന് ലോകം അഭിമാനത്തോടെ ഓർക്കുന്ന ഒരമ്മയാണ്…

നടുക്കിയ ആ ദുരന്തത്തിൽ കുഞ്ഞിനെ കൈവിടാതെ

തലസ്ഥാനമായ കറാക്കസിന് സമീപമുണ്ടായ ശക്തമായ ഭൂചലനത്തിൽ ആൻഡ്രിയയുടെ വീട് തകർന്നു വീഴുകയായിരുന്നു. എന്നാൽ കെട്ടിടം തകരുമ്പോഴും തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് അവൾക്ക് കാവലൊരുക്കാൻ ആൻഡ്രിയയ്ക്കായി. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആൻഡ്രിയയുടെ ജീവനറ്റ ശരീരം കണ്ടെടുത്ത രക്ഷാപ്രവർത്തകർ, അതിനടിയിൽ ഒട്ടും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിനെക്കണ്ട് വിതുമ്പിപ്പോയി. ആ ദുരന്ത മുഖത്തുനിന്നും തന്റെ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാതെ ആ അമ്മ കാത്തുസൂക്ഷിച്ചിരുന്നു.

“അവളോട് ഞാൻ ഈ ധീരതയുടെ കഥ പറയും”

തന്റെ പ്രിയപ്പെട്ടവളുടെ വേർപാടിൽ തകർന്നുപോയ ഹെക്ടർ ബെല്ലോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആരുടെയും ഹൃദയം തകർക്കുന്നതായിരുന്നു. ആശുപത്രിയിൽ കഴിയുന്ന മകളുടെ അരികിലെത്തിയ ശേഷം അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു: “അവസാന ശ്വാസം വരെ മകളെ കൈവിടാതെ, അവൾക്കായി സ്വന്തം ജീവൻ നൽകിയ നിന്റെ ധീരതയുടെ കഥ ഞാൻ അവൾ വലുതാകുമ്പോൾ ഞാൻ പറഞ്ഞു കൊടുക്കും. എന്റെ പ്രിയപ്പെട്ടവളേ, നീ ഒരു ധീരവനിതയാണ്. എന്നാൽ, നിന്റെ ജീവൻ നൽകിയാണ് അവൾ രക്ഷപ്പെട്ടതെന്ന് ഞാൻ എങ്ങനെയാണ് നമ്മുടെ മകളോട് വിശദീകരിക്കുക? ആ സമയത്ത് കൂടെയുണ്ടാകാൻ എനിക്ക് കഴിഞ്ഞില്ലല്ലോ… എനിക്ക് ശക്തി തരൂ…”

നിലവിൽ കുഞ്ഞ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഈ കടുത്ത ദുഃഖസമയത്ത് കൂടെ നിന്നവർക്ക് നന്ദി പറയുന്നതായും ബെല്ലോ കൂട്ടിച്ചേർത്തു.

കറാക്കസിനെ പിടിച്ചുലച്ച ദുരന്തം

ജൂൺ 24 ബുധനാഴ്ചയുണ്ടായ ഇരട്ട ഭൂകമ്പത്തിൽ ഇതുവരെ 920-ലധികം ആളുകൾ മരണപ്പെടുകയും 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ രണ്ടാമതുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയതായിരുന്നു. വെനിസ്വേലയുടെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിത്.

പ്രകൃതിയുടെ രൗദ്രഭാവത്തിന് മുന്നിൽ മനുഷ്യൻ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങൾ നിമിഷനേരം കൊണ്ട് തകർന്നടിഞ്ഞേക്കാം. എന്നാൽ ആ തകർച്ചയുടെയും മരണത്തിന്റെയും കരിനിഴലിലും മാതൃത്വത്തിന്റെ ഏറ്റവും ഉദാത്തമായ സ്നേഹവും ത്യാഗവും വെളിച്ചമായി അവശേഷിപ്പിക്കുകയാണ് ആൻഡ്രിയ എന്ന അമ്മ. സ്വന്തം ജീവൻ പണയം വച്ചും മകളെ കാത്ത ആ അമ്മയുടെ സ്നേഹം, ഈ ഇരുണ്ട നാളുകളിലും അതിജീവനത്തിന്റെ വലിയൊരു പ്രത്യാശയാണ് ലോകത്തിന് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.