മെജുഗോറിയയിലെ മല കയറി കമ്മ്യൂണിസ്റ്റ് പീഡനങ്ങൾ അതിജീവിച്ച 97-കാരനായ കർദിനാൾ

മെജുഗോറിയയിൽ മരിയൻ ദർശനങ്ങൾ ആരംഭിച്ചതിന്റെ 45-ാം വാർഷികത്തിന് തലേദിവസമായ ജൂൺ 23-ന് അപ്പാർട്ടീഷൻ ഹിൽ (Apparition Hill) കയറി അൽബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിട്ടുള്ള 97 കാരനായ കർദിനാൾ ഏണസ്റ്റ് സിമോണി.

1981 ജൂൺ 24ന് സ്നാപകയോഹന്നാന്റെ തിരുനാൾ ദിനത്തിലാണ് പോഡ്ബെർഡോ (Podbrdo) മലനിരകളിൽ വച്ച് തങ്ങൾ ആദ്യമായി പരിശുദ്ധ കന്യകാമറിയത്തെ കണ്ടതായി ആറ് യുവാക്കൾ അവകാശപ്പെട്ടത്. അന്നുമുതൽ ഇങ്ങോട്ട് ഇവരിലെ ചിലർക്ക് ഇപ്പോഴും മാതാവിന്റെ സന്ദേശങ്ങൾ ദിവസേന ലഭിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

വർഷങ്ങൾ നീണ്ട വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ, വിശ്വാസ തിരുസംഘം 2024-ൽ ‘ദി ക്വീൻ ഓഫ് പീസ്’ (The Queen of Peace) എന്ന പേരിൽ ഒരു രേഖ പുറത്തിറക്കിയിരുന്നു. മെഡ്ജുഗോറിയിൽ നിന്നുള്ള ആത്മീയ ഫലങ്ങളെ അംഗീകരിക്കുന്നതായിരുന്നു ഇത്. ഈ സന്ദേശങ്ങളിൽ തടസ്സങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ സഭ, പക്ഷേ ഇതിന്റെ അമാനുഷിക സ്വഭാവത്തെക്കുറിച്ച് അന്തിമ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടുമില്ല.

ചെനാക്കോലോ (Cenacolo) കമ്മ്യൂണിറ്റിയിലെ യുവാക്കളുടെ സഹായത്തോടെയാണ് അൽബേനിയൻ കർദിനാൾ ഈ മല കയറിയത്. വഴിയുടെ ഒരു ഭാഗം വരെ അവർ അദ്ദേഹത്തെ ഒരു പല്ലക്കിലിരുത്തിയാണ് കൊണ്ടുപോയത്. എന്നാൽ പാറക്കെട്ടുകൾ നിറഞ്ഞ പാതയുടെ ബാക്കി ഭാഗം ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചും അദ്ദേഹം കാൽനടയായിത്തന്നെയാണ് താണ്ടിയത്. യാത്രയിലുടനീളം തന്നെ കാണാൻ കാത്തുനിന്ന വിശ്വാസികളെ അദ്ദേഹം ആശീർവദിച്ചുകൊണ്ടിരുന്നു. മലമുകളിലെ മാതാവിന്റെ രൂപത്തിന് മുന്നിലെത്തിയ അദ്ദേഹം ജപമാല ചൊല്ലി പ്രാർഥിച്ചു. തുടർന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് മേൽ വിശുദ്ധ ജലം തളിച്ച് അനുഗ്രഹിച്ച ശേഷമാണ് അദ്ദേഹം മലയിറങ്ങിയത്.

കർദിനാളിന്റെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ് ‘മരിയ വിഷൻ മെജുഗോറി’ പുറത്തുവിട്ട ഈ തീർഥാടന ദൃശ്യങ്ങൾ. അൽബേനിയയെ ‘ലോകത്തിലെ ആദ്യത്തെ നിരീശ്വരവാദി രാജ്യം’ എന്ന് പ്രഖ്യാപിച്ച എൻവർ ഹോജയുടെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ കാലത്ത് ഒരു സാധാരണ വൈദികനായി കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിയാണ് അദ്ദേഹം.

രണ്ടുതവണ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വൈദികൻ

1928-ൽ ട്രോഷാനി (Troshani) എന്ന ഗ്രാമത്തിൽ ജനിച്ച സിമോണി, 1938 മുതൽ 1948 വരെ ഫ്രാൻസിസ്കൻ സഭയിലായിരുന്നു വൈദിക പഠനം നടത്തിയത്. എന്നാൽ അക്കാലത്ത് നടന്ന ക്രൂരമായ മതപീഡനങ്ങളിൽ സഭയിലെ സന്ന്യാസശ്രേഷ്ഠർ കൊല്ലപ്പെട്ടതോടെ അദ്ദേഹത്തിന് രഹസ്യമായി പഠനം തുടരേണ്ടി വന്നു.

ഒടുവിൽ 1956-ൽ ഷ്കോഡ്രെ-പുൾട്ട് (Shkodrë-Pult) അതിരൂപതയിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ വച്ച് അദ്ദേഹം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. ഏഴു വർഷങ്ങൾക്ക് ശേഷം, 1963 ഡിസംബർ 24-ലെ ക്രിസ്തുമസ് രാവിലെയുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷം നാല് ഉദ്യോഗസ്ഥർ എത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അന്നത്തെ യു.എസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ ആത്മശാന്തിക്കുവേണ്ടി വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ നിർദേശപ്രകാരം വിശുദ്ധ കുർബാന അർപ്പിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ വിധിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരം, കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ സംസാരിപ്പിക്കാൻ സെല്ലിൽ മറ്റൊരു തടവുകാരനെ ഇട്ട് അദ്ദേഹത്തെ കുടുക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ ജയിലിനുള്ളിലും ശത്രുക്കളെ സ്നേഹിക്കുന്നതിനെക്കുറിച്ച് ഘാനിം പ്രസംഗിച്ച വാർത്തകൾ ഏകാധിപതിയുടെ ചെവിയിലെത്തി. ഇതോടെ വധശിക്ഷ ഒഴിവാക്കി 28 വർഷത്തെ കഠിനതടവായി വിധി ചുരുക്കി. തടവറയിലും അദ്ദേഹം രഹസ്യമായി വിശുദ്ധ കുർബാന അർപ്പിക്കുകയും വൈദിക ശുശ്രൂഷകൾ ചെയ്യുകയും ചെയ്തിരുന്നു.

പിന്നീട് 1973-ൽ ജയിലിനുള്ളിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് അദ്ദേഹത്തെ വീണ്ടും വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ ചില അനുകൂല സാക്ഷ്യങ്ങൾ കാരണം ശിക്ഷ നടപ്പിലാക്കുന്നത് ഒഴിവായി. തുടർന്ന് 18 വർഷം കൂടി ജയിലിൽ കിടന്ന അദ്ദേഹം 1981-ലാണ് മോചിതനായത്. കമ്മ്യൂണിസ്റ്റ് ഭരണകൂടം തകരുന്ന 1990 വരെയുള്ള ഒൻപത് വർഷക്കാലം അദ്ദേഹം രഹസ്യമായിത്തന്നെ തന്റെ ഇടയസേവനം തുടർന്നു.

“മനുഷ്യഹൃദയങ്ങളിൽ നിന്ന് പിശാചിനെയും വിദ്വേഷത്തെയും അകറ്റിനിർത്തിക്കൊണ്ട്, നിരവധി ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കാൻ കർത്താവ് എന്നെ സഹായിച്ചു” – 2016 ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് മുന്നിൽ തന്റെ സാക്ഷ്യം വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളാണിത്. ഒരു മാസത്തിനുശേഷം, 2016 നവംബർ 19-ന് നടന്ന കൺസിസ്റ്ററിയിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തി ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.