നിങ്ങൾ വൈകാരികമായി പക്വതയുള്ളവരാണോ? വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കാം

നമ്മുടെ ജീവിതത്തിൽ പലപ്പോഴും സന്തോഷം, സങ്കടം, ദേഷ്യം, പേടി എന്നിങ്ങനെ പലതരത്തിലുള്ള വികാരങ്ങൾ മാറിമറിഞ്ഞു വരാറുണ്ട്. ചിലപ്പോഴൊക്കെ ഈ വികാരങ്ങൾ കാരണം നമ്മൾ വല്ലാതെ വിഷമിക്കാറുമുണ്ട്. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ നമുക്കുണ്ടായിട്ടുണ്ടോ? എങ്കിൽ നമുക്ക് ഒരു ‘വൈകാരിക സന്തുലിതാവസ്ഥ’ (Emotional Balance) യുടെ ആവശ്യമുണ്ടെന്ന് അർഥം.

എന്താണ് വൈകാരിക സന്തുലിതാവസ്ഥ? (What is Emotional Balance?)

വലിയ പ്രതിസന്ധികളുണ്ടാകുമ്പോൾ പോലും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാനും മനസ്സമാധാനം നിലനിർത്താനും കഴിയുന്ന അവസ്ഥയാണിത്. നമ്മുടെ വികാരങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയുക, അവയ്ക്ക് കാരണമാകുന്ന കാര്യങ്ങൾ മനസ്സിലാക്കുക, അതിനെ നല്ല രീതിയിൽ കൈകാര്യം ചെയ്യുക എന്നിവയെല്ലാം ഇതിൽ പെടുന്നു. വികാരങ്ങളെ ഇല്ലാതാക്കുകയല്ല, മറിച്ച് അവയെ ശരിയായ രീതിയിൽ പ്രകടിപ്പിക്കാൻ പഠിക്കുകയാണ് ഇവിടെ ചെയ്യുന്നത്. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് വൈകാരിക സന്തുലിതാവസ്ഥ വളരെ പ്രധാനമാണ്. വികാരങ്ങൾ നിയന്ത്രണാതീതമാകുമ്പോൾ അത് നമ്മുടെ ശരീരത്തെയും മനസ്സിനെയും ബന്ധങ്ങളെയും ബാധിക്കും. ഉദാഹരണത്തിന്:

മാനസിക സമ്മർദം (Stress): വിട്ടുമാറാത്ത സമ്മർദം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കും.

ആശങ്കയും വിഷാദവും (Anxiety & Depression): ഇവ നമ്മുടെ ദൈനംദിന ജീവിതത്തെ തകിടം മറിക്കും.

എന്നാൽ വൈകാരിക സന്തുലിതാവസ്ഥ ഉണ്ടെങ്കിൽ അത് നമ്മുടെ മൂഡ് നന്നായി നിലനിർത്താനും, പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് തരാനും, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും സഹായിക്കും.

നമ്മുടെ തലച്ചോറിലെ ‘ലിംബിക് സിസ്റ്റം’ (Limbic System) ആണ് വികാരങ്ങളെ നിയന്ത്രിക്കുന്നത്. നമ്മൾ ഒരു വൈകാരിക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ, ഈ സിസ്റ്റം ചില ഹോർമോണുകളും കെമിക്കലുകളും പുറപ്പെടുവിക്കുന്നു. ഒരു അപകട സാഹചര്യത്തിൽ നമ്മെ സഹായിക്കാൻ അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകൾ ഉണ്ടാകുന്നു. നമ്മൾ സുരക്ഷിതരായിരിക്കുമ്പോൾ മനസ്സിന് സന്തോഷവും സമാധാനവും നൽകാൻ ഓക്സിടോസിൻ, എൻഡോർഫിൻ എന്നിവ ഉത്പാദിപ്പിക്കപ്പെടുന്നു.

തലച്ചോറിന്റെ ഈ പ്രവർത്തനം മനസ്സിലാക്കുന്നത് വഴി നമ്മുടെ വികാരങ്ങളെ കൂടുതൽ എളുപ്പത്തിൽ നിയന്ത്രിക്കാൻ നമുക്ക് സാധിക്കും. നമ്മുടെ മൊത്തത്തിലുള്ള സന്തോഷത്തിനും സമാധാനത്തിനും വൈകാരിക സന്തുലിതാവസ്ഥ അത്യാവശ്യമാണ്. സ്വന്തം വികാരങ്ങളെ മനസ്സിലാക്കി ജീവിക്കുന്നത് വഴി മികച്ച ഒരു ജീവിതം നമുക്ക് കെട്ടിപ്പടുക്കാം.

വിവർത്തനം: ഡിൻസി തോമസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.