ഒരു ദശലക്ഷത്തിലേറെ കുട്ടികൾ പങ്കുചേരുന്ന ആഗോള ജപമാല ഒക്ടോബർ 18 -ന്

ലോകസമാധാനത്തിനും ഐക്യത്തിനുമായി ഒരു ദശലക്ഷത്തിലേറെ കുട്ടികൾ പങ്കുചേരുന്ന ആഗോള ജപമാല ഒക്ടോബർ 18 -നു നടക്കും. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ.സി.എൻ) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനാണ് അവരുടെ വാർഷികമുന്നേറ്റമായ ആഗോള ജപമാല മുന്നേറ്റത്തിന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ 2005 -ലാണ് ‘ജപമാല പ്രാർഥിക്കുന്ന ഒരു ദശലക്ഷം കുട്ടികൾ’ എന്ന മുന്നേറ്റം ഉയർന്നുവന്നത്. “ഒരു ദശലക്ഷം കുട്ടികൾ ജപമാല ചൊല്ലിയാൽ ലോകം മാറും” എന്ന, വി. പാദ്രെ പിയോയുടെ വാക്കുകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംരംഭത്തിന് ആരംഭം കുറിച്ചത്. കുട്ടികളുടെ പ്രാർഥന അമ്പുപോലെ നേരിട്ട് ദൈവത്തിന്റെ ഹൃദയത്തിലേക്ക് എത്തുന്നു. അത് വളരെ ശക്തമാണ്. കുടുംബങ്ങളിലും സ്വന്തം രാജ്യത്തും ലോകം മുഴുവന്റെയും സമാധാനത്തിനും ഐക്യത്തിനുംവേണ്ടി കുട്ടികൾ വിശുദ്ധ ജപമാല ചൊല്ലുന്നതിന്റെ ഫലം വളരെ ശക്തമാണ്. ഇത് വെളിപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്നും എ.സി.എൻ അഭിപ്രായപ്പെട്ടു.

“പ്രാർഥിക്കാൻ ദൈവം നൽകിയ ഒരു മാർഗമാണ് ജപമാല. ഈ പ്രാർഥന ചൊല്ലുന്നതിലൂടെ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. സഭ അംഗീകരിച്ച പ്രത്യക്ഷീകരണങ്ങളിൽ ജപമാലചൊല്ലി പ്രാർഥിക്കാൻ ദൈവമാതാവ് ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ ക്രിസ്തീയവിശ്വാസത്തിന്റെ സംവേദനക്ഷമതയുമായി പൊരുത്തപ്പെടുന്നതുമാണ് ജപമാല” – എ.സി.എൻ പ്രസിഡന്റ് കർദിനാൾ മൗറോ പിയാസെൻസ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.