പെറുവിലേക്ക് ലെയോ പാപ്പയെ വരവേൽക്കാൻ ഔദ്യോഗിക ഗാനം തിരഞ്ഞെടുത്തു

ഈ വർഷം നവംബർ ആദ്യപകുതിയിൽ പെറു സന്ദർശിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയെ വരവേൽക്കാനൊരുങ്ങുന്ന ഔദ്യോഗിക ഗാനം തിരഞ്ഞെടുത്തു. പെറൂവിയൻ സംഗീതജ്ഞൻ ജെയിം ഹെർണാണ്ടോ മോണ്ടോയ രചനയും സംഗീതവും നിർവഹിച്ച്, ‘അഗുചിത കൊയർ’ ആലപിച്ച ‘ലെയോൺ, ഹെർമാനോ ദെൽ കാമിനോ’ (വഴിയിലെ സഹോദരനായ ലെയോ) എന്ന ഗാനമാണ് മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനത്തിന്റെ ഔദ്യോഗിക ഗാനമായി തിരഞ്ഞെടുത്തത്.

ലിമയിലെ മുനിസിപ്പൽ തിയേറ്ററിൽ നടന്ന ‘ലയൺ ഓഫ് ഹോപ്പ്’ (Lion of Hope) എന്ന ദേശീയ സംഗീത മത്സരത്തിന്റെ ഫൈനലിലാണ് ഈ ഗാനം ഒന്നാം സ്ഥാനം നേടിയത്. പെറൂവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസും (CEP) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ ആൻഡ് ടെലിവിഷനും ചേർന്ന് സംഘടിപ്പിച്ച മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 394 ഗാനങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അവസാന പത്ത് ഗാനങ്ങൾ ജൂറിക്ക് മുന്നിൽ തത്സമയം ആലപിച്ച ശേഷമാണ് അഗുചിത കൊയർ വിജയം കൈവരിച്ചത്.

1990-ൽ ഷൈനിംഗ് പാത്ത് എന്ന ഭീകരസംഘടനയാൽ രക്തസാക്ഷിത്വം വരിച്ച പെറൂവിയൻ സന്ന്യാസിനി സി. മരിയ അഗസ്റ്റിന റിവാസ് ലോപ്പസിന്റെ (അഗുചിത) നാമകരണ ചടങ്ങുകൾക്കായി 2021-ലാണ് ഈ ഗായകസംഘം രൂപീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.