ജൂലൈ 15: വിശുദ്ധ ബൊനവെന്തൂരാ

ഇറ്റലിയിലെ ബാഞ്ഞോറേജിയോ എന്ന സ്ഥലത്ത് 1221-ലാണ് വി. ബൊനവെന്തൂരാ ജനിച്ചത്. വിശുദ്ധന് ഏകദേശം നാലുവയസ് പ്രായമായപ്പോള്‍ മാരകമായ ഒരു രോഗം പിടിപെട്ടു. ഭക്തയായ അദ്ദേഹത്തിന്റെ അമ്മ കുഞ്ഞിനെ ഉടന്‍തന്നെ ഫ്രാന്‍സീസ് അസ്സീസിയുടെ അടുക്കല്‍ കൊണ്ടുവന്ന് കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചു. ഉടന്‍തന്നെ കുഞ്ഞ് സുഖം പ്രാപിച്ചു. ഫ്രാന്‍സീസ് അസ്സീസിയാണ് ‘ബൊനാവെന്തൂരാ’ എന്ന നാമം അദ്ദേഹത്തിന് നല്കിയത്.

ഇരുപത്തിരണ്ടാമത്തെ വയസില്‍ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ പ്രവേശിച്ച ബൊനാവെന്തൂരാ, ഒര്‍വിയോത്തായില്‍ തത്വശാസ്ത്രം പഠിച്ചു. അതിബുദ്ധിമാനായിരുന്ന ബൊനവെന്തൂരായെ അധികാരികള്‍ ഉപരിപഠനത്തിനായി പാരീസ് സര്‍വ്വകലാശാലയിലേയ്ക്ക് അയച്ചു. വി. തോമസ് അക്വീനാസിനോടൊപ്പം ഡോക്ടര്‍ ബിരുദം നേടിയ ബൊനാവെന്തൂരാ ആ സര്‍വ്വകലാശാലയിലെ പ്രൊഫസറായി നിയമിതനായി.

ഏതാണ്ട് ഈ അവസരത്തിലാണ് ബൊനവെന്തൂരാ ഫ്രാന്‍സീസ്‌കന്‍ സഭയുടെ മിനിസ്റ്റര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ വെറും മുപ്പത്തിയഞ്ച് വയസുമാത്രം പ്രായമുണ്ടായിരുന്ന ബൊനവെന്തൂരാ, ഫ്രാന്‍സീസ് അസീസിയുടെ ഏഴാമത്തെ പിന്‍ഗാമിയായി. തന്റെ മുന്‍ഗാമി വിഭാവനം ചെയ്ത സഭാനവീകരണം നടപ്പാക്കുവാനാണ് മിനിസ്റ്റര്‍ ജനറല്‍ എന്ന നിലയില്‍ ബൊനവെന്തൂരാ ആദ്യം ഉദ്യമിച്ചത്. വി. ഫ്രാന്‍സീസിന്റെ കഠിനമായ നിയമങ്ങള്‍ അതേപടി വേണമെന്ന് ഒരു കൂട്ടരും, മയപ്പെടുത്തണമെന്ന് മറ്റൊരു കൂട്ടരും വാദിച്ചിരുന്ന കാലമായിരുന്നു അത്. ഈ രണ്ട് വാദങ്ങളുടെയും മധ്യമാര്‍ഗ്ഗമാണ് അദ്ദേഹം സ്വീകരിച്ചത്.

ഇതിനായി അദ്ദേഹം പല പൊതുസമ്മേളനങ്ങളും വിളിച്ചുകൂട്ടി. പൊതുസമ്മേളനത്തില്‍ ഉയര്‍ന്ന ആവശ്യപ്രകാരം അദ്ദേഹം, ഫ്രാന്‍സീസ് അസീസിയുടെ ജീവചരിത്രം കൃത്യമായി രചിച്ചു. ഈ രചനയില്‍ ഏര്‍പ്പെട്ടിരുന്ന കാലത്ത് ഒരു ദിവസം തോമസ് അക്വീനാസ് അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തി. മുറി തുറന്ന് അകത്തുപ്രവേശിച്ച തോമസ് അക്വീനാസ് കണ്ടത്, ഭക്തപാരവശ്യത്താല്‍ തറയില്‍ നിന്നുയര്‍ത്തപ്പെട്ട് തന്റെ ജോലിയില്‍ വ്യാപൃതനായിരുന്ന ബൊനാവെന്തൂരയെ ആണ്. പെട്ടെന്ന് കതകടച്ചു പുറത്തിറങ്ങിയ അക്വീനാസ്, തന്റെ സ്‌നേഹിതനോട് പറഞ്ഞു, ‘ഒരു വിശുദ്ധന്‍ മറ്റൊരു വിശുദ്ധന്റെ ചരിത്രം രചിക്കുകയാണ്. അദ്ദേഹത്തെ ശല്യപ്പെടുത്താതെ നമുക്ക് പോകാം.’

1268-ല്‍ ക്ലെമെന്റ് 4-ാമന്‍ പാപ്പായുടെ നിര്യാണശേഷം മൂന്ന് വര്‍ഷത്തേയ്ക്ക് പുതിയ പാപ്പായെ തെരഞ്ഞെടുക്കാന്‍ കര്‍ദ്ദിനാള്‍ സംഘത്തിനു സാധിച്ചില്ല. ഈ അവസരത്തില്‍ പുതിയ പാപ്പായെ തിരഞ്ഞെടുക്കാന്‍ കര്‍ദ്ദിനാള്‍ സംഘത്താല്‍ നിയുക്തനായത് ബൊനവെന്തൂരാ ആയിരുന്നു. 1273-ല്‍ വിശുദ്ധനെ അല്‍ബോനായിലെ കര്‍ദ്ദിനാളായി നിയമിച്ചു. അദ്ദേഹത്തെ സ്ഥാനചിഹ്നങ്ങള്‍ അണിയിക്കാനായി പാപ്പായുടെ പ്രതിനിധികള്‍ ചെന്നപ്പോള്‍ അദ്ദേഹം ഭക്ഷണപാത്രങ്ങള്‍ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു.

പത്താം ഗ്രിഗറി പാപ്പായുടെ ആഗ്രഹമനുസരിച്ച് 1274-ല്‍ ലിയോണ്‍സ് സൂനഹദോസ് വിളിച്ചുകൂട്ടപ്പെട്ടു. ഇതിലേയ്ക്ക് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ തയ്യാറാക്കിയത് ബൊനവെന്തൂരാ ആയിരുന്നു.

അദ്ദേഹം പ്രസിദ്ധമായ പല ഗ്രന്ഥങ്ങളുടെയും രചയിതാവാണ്. അദ്ദേഹത്തിന്റെ “Commentary of the Sentences of Peter Lombard’ എന്ന കൃതിയാണ് ഏറ്റവും പ്രശസ്തമായത്.

1274 ജൂലൈ 14-ാം തീയതി ലിയോണ്‍സ് സൂനഹദോസിനിടയ്ക്ക് തന്റെ 53-ാമത്തെ വയസില്‍ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വി. കൊച്ചുകുര്യാക്കോസ്

എ.ഡി. മുന്നൂറിനോടടുത്ത് സിറിയയിലെ ഇക്കനോന്‍ എന്ന സ്ഥലത്താണ് കുര്യാക്കോസ് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ജൂലീത്താ എന്ന ഭക്തയായ ക്രൈസ്തവ സ്ത്രീയായിരുന്നു അവന്റെ മാതാവ്. അതിബുദ്ധിമാനായിരുന്ന ഈ ശിശു മാതാവില്‍ നിന്ന് ക്രൈസ്തവതത്വങ്ങള്‍ പഠിക്കുകയും അവളുടെ ഭക്തകൃത്യങ്ങളെ അനുകരിക്കുകയും ചെയ്തിരുന്നു.

അന്ന് റോമ ഭരിച്ചിരുന്ന ഡൊമീസിയന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. കുര്യാക്കോസ് താമസിച്ചിരുന്ന ഇക്കാനോനില്‍ മതപീഡനം ശക്തിപ്പെട്ടതോടെ ജൂലീത്ത, തന്റെ ഓമനപുത്രനോടും രണ്ട് ദാസികളോടുമൊപ്പം താര്‍സീസ് എന്ന പട്ടണത്തിലേയ്ക്ക് ഓടിപ്പോയി. പക്ഷേ, അധികനാള്‍ കഴിയുന്നതിനു മുമ്പുതന്നെ ഏതാനും വിഗ്രഹാരാധകര്‍ അവരെ പിടികൂടി ന്യായാധിപനായിരുന്ന അലക്‌സാണ്ടറിന്റെ മുമ്പില്‍ ഹാജരാക്കി.

ന്യായാധിപന്‍ ജൂലീത്തായോട് ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഒരേ മറുപടിയാണ് അവള്‍ നല്കിയത്, ”ഞാനൊരു ക്രിസ്ത്യാനിയാണ്.” ഇതില്‍ കോപിഷ്ഠനായ ന്യായാധിപന്‍ അവളെ ക്രൂരമായി പീഡിപ്പിക്കാന്‍ ആജ്ഞാപിച്ചു. ശിശുവായിരുന്ന കുര്യാക്കോസിനെ അമ്മയുടെ കൈകളില്‍ നിന്ന് വേര്‍പെടുത്തുക അത്ര എളുപ്പമായിരുന്നില്ല. സേവകന്മാര്‍ കുഞ്ഞിനെ അമ്മയില്‍ നിന്ന് ബലമായി വിടുവിപ്പിക്കാന്‍ നോക്കി. പക്ഷേ കുര്യാക്കോസ് കരഞ്ഞുകൊണ്ട് അമ്മയുടെ കഴുത്തില്‍ കെട്ടിപ്പിടിച്ച് സ്‌നേഹചുംബനങ്ങള്‍ നല്കിക്കൊണ്ടിരുന്നു. അവസാനം രാക്ഷസതുല്യരായ സേവകര്‍ കുര്യാക്കോസിനെ അമ്മയില്‍ നിന്ന് വേര്‍പെടുത്തി. എന്നിട്ടും അമ്മയുടെ നേരെ കരങ്ങള്‍ നീട്ടി അമ്മയുടെ വക്ഷസില്‍ അഭയം പ്രാപിക്കാന്‍ കുഞ്ഞുകുര്യാക്കോസ് ശ്രമിച്ചുകൊണ്ടിരുന്നു. ആ കുഞ്ഞിന്റെ ദയനീയാവസ്ഥ കണ്ടുനിന്നവര്‍ അറിയാതെ കണ്ണീരൊഴുക്കി.

കുര്യാക്കോസിനെ മടിയിലിരുത്തി വാത്സല്യപൂര്‍വ്വം തലോടിക്കൊണ്ട് ന്യായാധിപന്‍ ചോദിച്ചു: ‘നിന്റെ പേര് എന്താണ്?’ ‘ഞാന്‍ ഒരു ക്രിസ്ത്യാനിയാകുന്നു’ എന്നായിരുന്നു അവന്റെ മറുപടി. ദേവന്മാരെ ആരാധിക്കുന്നപക്ഷം ധാരാളം ധനം സമ്മാനമായി കൊടുക്കാമെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ വലിയ സ്ഥാനമാനങ്ങള്‍ നല്കാമെന്നുമൊക്കെ പറഞ്ഞ് കുര്യാക്കോസിന്റെ മനസ് മാറ്റാന്‍ ന്യായാധിപന്‍ ശ്രമിച്ചു. പക്ഷേ കുഞ്ഞുകുര്യാക്കോസ് ഇതിനൊന്നും വഴിപ്പെട്ടില്ല. മാത്രമല്ല, അദ്ദേഹത്തെ ശാസിക്കുകയും  ചെയ്തു.

കുപിതനായ അലക്‌സാണ്ടര്‍, കുര്യാക്കോസിനെ അടിച്ച് മുറിവേല്പിച്ചു. പക്ഷേ ഉടന്‍തന്നെ ആ മുറിവുകളെല്ലാം അത്ഭുതകരമായി മാഞ്ഞുപോയി. പല ലോഹങ്ങള്‍ ഉരുക്കിയുണ്ടാക്കിയ ദ്രാവകം ശിശുവിന്റെ മേല്‍ ഒഴിക്കുവാനായിരുന്നു ന്യായാധിപന്റെ അടുത്ത കല്പന. പക്ഷേ ആ ദ്രാവകം കുര്യാക്കോസിന്റെ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ തന്നെ അത് തണുത്ത ജലമായി മാറി. അവസാനം ‘ഞാന്‍ ക്രിസ്ത്യാനിയാകുന്നു’ എന്നു വിളിച്ചുപറഞ്ഞു കൊണ്ടിരുന്ന കുര്യാക്കോസിനെ രണ്ടു കാലിലും പിടിച്ചെടുത്ത് ശക്തമായി നിലത്തടിച്ചു. ആ കുഞ്ഞിന്റെ സുന്ദരാത്മാവ് ദൈവസന്നിധിയിലേയ്ക്ക് പറന്നുയര്‍ന്നു.

വി. ഈഡിത്ത് പോള്‍സ്‌വര്‍ത്ത്

കെന്റിലെ രാജാക്കന്മാരായിരുന്ന എഡ്ഗാറിന്റെയോ എതല്‍സ്റ്റാനിന്റെയോ സഹോദരിയാണെന്ന് വിശ്വസിക്കപ്പെടുന്ന ഈഡിത്ത് യോര്‍ക്കില്‍ രാജാവായി വാണ സ്ട്രിക്കിനെ 925-ല്‍ വിവാഹം ചെയ്തു. 926-ല്‍ സ്ട്രിക്ക് മരിച്ചു. വിശുദ്ധജീവിതം കൊണ്ട് വിശ്രുതയായിത്തീര്‍ന്ന ഈഡിത്ത് കുറെക്കാലം കൂടി ജീവിച്ചിരുന്നു. മൃതദേഹം പോള്‍സ്വര്‍ത്തിനു സമീപം സംസ്‌കരിക്കപ്പെട്ടു.

വിചിന്തനം: ”അങ്ങയുടെ ഇഷ്ടം എന്റെ ഇഷ്ടമായിരിക്കട്ടെ. എന്റെ ഇഷ്ടം അങ്ങയുടെ ഇഷ്ടത്തെ അനുഗമിച്ച് ഏറ്റവും പൂര്‍ണ്ണമായി അതിനോട് യോജിച്ചിരിക്കട്ടെ.”

ഇതരവിശുദ്ധര്‍: വ്‌ളാഡ്മിര്‍ (980-1015) / അപ്രോണിയ / ബാള്‍ഡമിന്‍ (+1140) / സ്വീഡനിലെ ദാവീദ് (+1080) ബനഡിക്‌റ്റെന്‍ മെത്രാന്‍ / ഫിലിപ്പ് അലക്‌സാണ്ട്രിയായിലെ രക്തസാക്ഷി / ഡൊണാള്‍ഡ് / അബുജിമൂസ് (നാലാം നൂറ്റാണ്ട്) / യൂട്രോപിയൂസ് (+273) രക്തസാക്ഷി / പീറ്റര്‍ തുവാന്‍ (+1833)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ