തുല്യതയും കരുതലും പകർന്ന് ‘കപ്പൂച്ചിൻ മൊബൈൽ മിനിസ്ട്രി’

ഒരു നഗരത്തിന്റെ യാന്ത്രികതയ്ക്കപ്പുറം, ഇരുളടഞ്ഞ തെരുവോരങ്ങളിലും പാലങ്ങൾക്കടിയിലും അഭയം തേടുന്ന മനുഷ്യരുണ്ട്. വീടില്ലാത്തവർ, തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർ, അനാഥർ, ദരിദ്രർ എന്നൊക്കെ മുദ്രകുത്തപ്പെട്ടവർ. അവർക്ക് വിശപ്പടക്കാൻ ഒരു കഷ്ണം അപ്പവും തണുപ്പകറ്റാൻ ഒരു ജോടി വസ്ത്രവും ആവശ്യമായി വരുന്നു. എന്നാൽ ആ അടിസ്ഥാന ആവശ്യങ്ങളേക്കാൾ കൂടുതൽ അവർ കൊതിക്കുന്നത് സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരിക്കും ചേർത്തുപിടിക്കലിനും ആയിരിക്കും. അമേരിക്കയിലെ ബോസ്റ്റൺ നഗരത്തിൽ ഇത്തരം ആളുകളുടെ ആഗ്രഹങ്ങളെ ഏറ്റെടുക്കുകയാണ് ‘കപ്പൂച്ചിൻ മൊബൈൽ മിനിസ്ട്രി’ എന്ന കൊച്ചു സംരംഭം.

ദാനമല്ല, ഇത് തുല്യതയുടെ പങ്കുവെക്കൽ

സാധാരണയായി തെരുവുകളിലെ സഹായ വിതരണം ഉയരമുള്ള വലിയ ട്രക്കുകളിൽ നിന്നോ വാനുകളിൽ നിന്നോ ആയിരിക്കും. നൽകുന്നയാൾ ഉയരത്തിലും സ്വീകരിക്കുന്നയാൾ താഴെയും നിൽക്കുന്ന ആ പരമ്പരാഗത രീതിയിൽ ഒരു തരം ‘യാചക-ദാതാവ്’ ബന്ധം പ്രകടമാണ്. എന്നാൽ ഇവിടെ കപ്പൂച്ചിൻ വാനിൽ സഹായങ്ങൾ വിതരണം ചെയ്യുന്നത് ഉയരങ്ങളിൽ നിന്നല്ല.

“ഒരു വണ്ടി നിറയെ സാധനങ്ങളുമായി വന്ന് അത് വിതരണം ചെയ്യുക എന്ന പരമ്പരാഗത മാതൃകയിൽ നിന്ന് മാറി സാമൂഹിക നീതിയുടെ തലത്തിലേക്ക് വളരുകയാണ് ഞങ്ങൾ ചെയ്യുന്നത്,” മിനിസ്ട്രിയുടെ സ്ഥാപകനും ഡയറക്ടറുമായ ബ്രദർ പോൾ ഫെസെഫെൽറ്റ് പറയുന്നു.

കപ്പൂച്ചിൻ വാൻ ഓരോ കേന്ദ്രത്തിലും എത്തുമ്പോൾ വണ്ടിയിലുള്ള ഫ്രാൻസിസ്കൻ സന്യാസിമാരും സന്നദ്ധപ്രവർത്തകരും താഴെയിറങ്ങി ജനങ്ങളുടെ ഒപ്പം നിൽക്കുന്നു. അവിടെ വലിയൊരു കോഫി ടേബിളിന് ചുറ്റും ഒത്തുകൂടുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിനെ അവർ വിശേഷിപ്പിക്കുന്നത് ‘മൊബൈൽ കോഫി അവർ’ (Mobile Coffee Hour) എന്നാണ്.

തെരുവിൽ കഴിയുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ‘ബന്ധങ്ങളുടെ ദാരിദ്ര്യം’ ആണ്. തങ്ങളെ പരിഗണിക്കാൻ ആരുമില്ലെന്ന ചിന്ത അവരെ കടുത്ത ഏകാന്തതയിലേക്ക് നയിക്കുന്നു. ആഴ്ചയിൽ മൂന്ന് തവണ കപ്പൂച്ചിൻ സന്യാസിമാർ ബോസ്റ്റണിലെ വിവിധ കേന്ദ്രങ്ങളിൽ വാനുമായി എത്തുമ്പോൾ ഭക്ഷണത്തോടൊപ്പം വിതരണം ചെയ്യപ്പെടുന്നത് ഈ ഏകാന്തതയ്ക്കുള്ള പ്രതിവിധിയാണ്.

അഭിമാനത്തെ കൂടെ കരുതുന്നവർ

ലളിതമായ വിഭവങ്ങളാണ് വാനിലുള്ളത്. ലളിതമായ വിഭവങ്ങൾക്കൊപ്പം ഇവിടെ മറ്റൊന്നു കൂടിയുണ്ട്; തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. ചോക്ലേറ്റ് വേണോ ലെമനേഡ് വേണോ, കറുത്ത സോക്സ് വേണോ വെളുത്തത് വേണോ എന്നൊക്കെ സ്വയം തീരുമാനിക്കാനുള്ള അവസരം നൽകുന്നതിലൂടെ ആ മനുഷ്യരുടെ ആത്മാഭിമാനത്തെയാണ് ഈ കൂട്ടായ്മ ബഹുമാനിക്കുന്നത്. ആരിലും ഒന്നും അടിച്ചേൽപ്പിക്കുന്നില്ല. സംഭാഷണങ്ങളിൽ ഏർപ്പെടണോ വേണ്ടയോ എന്നത് പോലും അവരുടെ മാത്രം തിരഞ്ഞെടുപ്പാണ്.

കപ്പൂച്ചിൻ സന്യാസ സഭയുടെ തവിട്ടുനിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ബ്രദർ പോൾ എത്തുന്നതെങ്കിലും, അവിടെ മതപരമായ യാതൊരു നിർബന്ധങ്ങളുമില്ല. ആവശ്യപ്പെടുന്നവർക്ക് പ്രാർഥനയും ജപമാലയും നൽകുമെങ്കിലും, മതവിശ്വാസമില്ലാത്തവർക്കും കപ്പൂച്ചിൻ വാൻ ഒരുപോലെ പ്രിയപ്പെട്ടതാണ്.

വിവിധ വംശജരും പ്രായമുള്ളവരും ചെറുപ്പക്കാരുമൊക്കെ ഈ വാനിന് ചുറ്റും ഒത്തുകൂടുന്നു. അമേരിക്കൻ സ്റ്റൈൽ പിസ്സകളെക്കുറിച്ചുള്ള തമാശകളും, നാടൻ വിശേഷങ്ങളും പങ്കുവെക്കുന്നതിനിടയിൽ തങ്ങൾ നേരിടുന്ന കഠിനമായ ജീവിതയാഥാർഥ്യങ്ങളെ അവർ അൽപ്പനേരത്തേക്ക് മറക്കുന്നു.

മറ്റു വലിയ ഷെൽട്ടറുകളിലോ സൂപ്പ് കിച്ചണുകളിലോ പോകാൻ മടിയുള്ള പലരും ഈ വാനിന്റെ സാന്നിധ്യം കാത്തുനിൽക്കാറുണ്ട്. കാരണം, ഇത് വരുന്നത് അവരുടെ ‘സ്വീകരണമുറി’യിലേക്കാണ് — അതായത് അവർ ജീവിക്കുന്ന തെരുവുകളിലേക്ക് തന്നെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.