
നിക്കരാഗ്വയിലെ ഡാനിയേൽ ഒർട്ടേഗ ഭരണകൂടം തടവിലാക്കിയ എസ്തേലി രൂപതയുടെ മുൻ ബിഷപ്പ് ജുവാൻ അബെലാർദോ മാത്തയ്ക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മധ്യ അമേരിക്കൻ ബിഷപ്പുമാരുടെ സംഘടനയായ സെഡാക് (SEDAC). നിലവിൽ എവിടെയാണെന്ന് വ്യക്തമല്ലാത്ത 80-കാരനായ ബിഷപ്പിന്റെ ആരോഗ്യനിലയിൽ കടുത്ത ആശങ്കയുണ്ടെന്നും ബിഷപ്പുമാർ പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ ജൂൺ 29-ന് പൊലീസ് അറസ്റ്റ് ചെയ്ത സലേഷ്യൻ സന്ന്യാസ സഭാംഗമായ ബിഷപ്പിനെ അന്നുതന്നെ വിട്ടയച്ചതായാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാൽ, പിറ്റേദിവസം വീണ്ടും പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ബിഷപ്പ് ഇപ്പോൾ വീട്ടുതടങ്കലിലാണെന്നാണ് ഭരണകൂടത്തിന്റെ അവകാശവാദമെങ്കിലും, അദ്ദേഹം എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സഭാവൃത്തങ്ങൾ പറയുന്നു.
പ്രമേഹബാധിതനായ ബിഷപ്പ് അബെലാർദോ മാത്ത, പേസ്മേക്കറിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇതോടൊപ്പം കാഴ്ചസംബന്ധമായ ബുദ്ധിമുട്ടുകളും അദ്ദേഹത്തിനുണ്ട്. ഈ സാഹചര്യത്തിൽ ബിഷപ്പിന്റെ വ്യക്തിഗത ഡോക്ടർക്കും സഹായികൾക്കും അദ്ദേഹത്തെ സന്ദർശിക്കാനുള്ള അനുമതി നൽകണമെന്ന് ജൂലൈ പത്തിന് പുറത്തിറക്കിയ പ്രസ്താവനയിൽ ബിഷപ്പുമാർ ആവശ്യപ്പെട്ടു.
അതേസമയം, നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷക മാർത്ത പട്രീഷ്യ മോളിന ഈ വിഷയത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. മുൻപ് ഭരണകൂടത്തിന്റെ കസ്റ്റഡിയിലിരിക്കെ രാഷ്ട്രീയ തടവുകാർ കൊല്ലപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് മാർത്ത ആശങ്ക പ്രകടിപ്പിച്ചത്.
നിക്കരാഗ്വയിലെ എസ്തേലി (Estelí) രൂപതയെ 1990 ഏപ്രിൽ മുതൽ 2021 ജൂലൈ വരെ മുപ്പതിലധികം വർഷം നയിച്ച ബിഷപ്പാണ് ജുവാൻ അബെലാർദോ മാത്ത. 1976-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹത്തെ 1988-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മനാഗ്വയുടെ സഹായമെത്രാനായി നിയമിച്ചു. തുടർന്ന് അദ്ദേഹം എസ്തേലി രൂപതയുടെ ചുമതലക്കാരനുമായി. കൂടാതെ, ഒർട്ടേഗ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ചിട്ടുള്ള സഭാനേതാവ് കൂടിയാണ് ഇദ്ദേഹം.
ബിഷപ്പിന്റെ ജീവന് ഭീഷണിയുള്ളതിനാൽ അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടണമെന്ന് മുൻ നിക്കരാഗ്വൻ അംബാസഡർ അർതുറോ മക്ഫീൽഡ്സ് ആവശ്യപ്പെട്ടു.




