
അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുന്നതിന് ആണവായുധങ്ങളുടെ ഉന്മൂലനം പ്രധാനപ്പെട്ട ഒന്നായി മാറണമെന്ന് ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ പെർമനന്റ് ഒബ്സർവർ ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് എൽ കസിസ് പറഞ്ഞു. ഒക്ടോബർ 19 ന് ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 81-ാമത് സെഷന്റെ ഫസ്റ്റ് കമ്മിറ്റിയിൽ ആണവായുധങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അന്താരാഷ്ട്ര സുരക്ഷാസാഹചര്യങ്ങളുടെ തകർച്ച ആണവായുധങ്ങളെ കൂടുതൽ ആശ്രയിക്കുന്നതിനെ ന്യായികരിക്കുന്നില്ല, മറിച്ച് അവയുടെ ഉന്മൂലനത്തിനായുള്ള ശ്രമങ്ങൾ കൂടുതൽ അടിയന്തരമാക്കുകയാണ് ചെയ്യുന്നത്,” അദ്ദേഹം പറഞ്ഞു. ആഴത്തിലുള്ള അസ്ഥിരതയുടെ ഒരു കാലഘട്ടത്തിൽ, ആണവായുധശേഖരങ്ങൾ ആധുനികവൽക്കരിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ആർച്ച്ബിഷപ്പ് എൽ കസിസ് തന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ആണവായുധ നിരോധന കരാറിനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ അദ്ദേഹം ആവർത്തിച്ചു. ഇതുവരെ പങ്കെടുക്കാത്ത രാജ്യങ്ങളെ അതിൽ പങ്കാളികളാകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.




