ഫാ. സ്റ്റാന്‍ സ്വാമിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

ഫാ. സ്റ്റാന്‍ സ്വാമിക്ക് മരണാനന്തര ബഹുമതിയായി അന്താരാഷ്ട്ര മാര്‍ട്ടിന്‍ എന്നല്‍സ് പുരസ്‌കാരം. മനുഷ്യാവകാശപ്രവര്‍ത്തനത്തിനുള്ള നൊബേല്‍ എന്നറിയപ്പെടുന്ന ഈ പുരസ്‌കാരം ജനീവയില്‍ നടന്ന ചടങ്ങില്‍ ജാര്‍ഖണ്ഡിലെ ഈശോസഭാംഗമായ ഫാ. സേവ്യര്‍ സോറംഗ് ഏറ്റുവാങ്ങി.

ജാര്‍ഖണ്ഡില്‍ ആദിവാസി സമൂഹത്തില്‍ ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഫാ. സ്റ്റാന്‍ സ്വാമിയെ മുംബൈയിലെ ഭീമാ കൊറേഗാവ് സംഘര്‍ഷത്തിന്റെ പേരില്‍ 2020 ഒക്ടോബര്‍ എട്ടിന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. രോഗബാധിതനായ സ്റ്റാന്‍ സ്വാമി ഒമ്പതു മാസത്തെ ജയില്‍വാസത്തിനിടെ 2021 ജൂലൈ അഞ്ചിനാണു മരിച്ചത്.

ബംഗളൂരുവിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ മേധാവിയായിരുന്ന ഫാ. സ്റ്റാന്‍ സ്വാമി ജാര്‍ഖണ്ഡില്‍ മൂന്നു പതിറ്റാണ്ട് സാമൂഹിക പ്രവര്‍ത്തനം നടത്തി. ഭരണഘടനയിലെ അഞ്ചാം ഷെഡ്യൂള്‍ അനുസരിച്ച് ആദിവാസി സമൂഹത്തിലെ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുള്ള ട്രൈബ്‌സ് അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കുന്നതിനും ആദിവാസി സമൂഹത്തിനുനേരേയുള്ള കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യങ്ങളെ ചോദ്യംചെയ്യുന്നതിനും ഫാ. സ്റ്റാന്‍ സ്വാമി മുന്നില്‍ നിന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.