നവംബർ 13, ആറാമത് ലോക ദരിദ്ര ദിനം: കരുണാർദ്രമായ ഒരുക്കങ്ങളുമായി കത്തോലിക്കാ സഭ

കത്തോലിക്കാ സഭയിൽ നവംബർ 13- ന് ആറാമത് ലോക ദരിദ്ര ദിനമായി  ആചരിക്കും. ആരാധനാക്രമ കലണ്ടറിലെ 33-ാമത്തെ ഞായറാഴ്ചയാണ് ലോകത്തെ ദരിദ്രരുടെ ദിനം ആചരിക്കുന്നത്. കരുണയുടെ വർഷത്തിന്റെ അവസാനത്തിൽ ഫ്രാൻസിസ് മാർപാപ്പയാണ് ഈ ദിനം ആരംഭിച്ചത്.

ഈ വർഷത്തെ ദരിദ്രരുടെ ദിനത്തിനായുള്ള സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു: “നമ്മേക്കാൾ കുറഞ്ഞ വിഭവങ്ങളുള്ളവരെ സഹായിക്കുന്നതിൽ നിന്ന് ഒരു ക്രിസ്ത്യാനിക്കും ഒഴിവില്ല. ഒരു ക്രിസ്ത്യൻ സമൂഹത്തിന് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം, സമ്പത്തിന്റെ വിഗ്രഹത്താൽ അന്ധാളിപ്പിക്കപ്പെടുക എന്നതാണ്. അത് ജീവിതത്തിന്റെ ക്ഷണികവും പാപ്പരത്തവുമായ ഒരു ദർശനത്തിൽ ബന്ധിക്കുന്നു. പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം സംസാരമല്ല പ്രധാനം; നമ്മുടെ വിശ്വാസം പ്രാവർത്തികമാക്കുകയാണ് വേണ്ടത്” – പാപ്പാ പറയുന്നു.

പാവപ്പെട്ടവരോടൊപ്പം വിശുദ്ധ കുർബാനയും ഉച്ചഭക്ഷണവും

നവംബർ 13- ന് ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പാവപ്പെട്ടവർക്കും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മറ്റെല്ലാവർക്കും ഒപ്പം വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന്, ദാരിദ്ര്യത്തിൽ കഴിയുന്ന 1,300 പേർക്ക് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ചൂടുള്ള ഉച്ചഭക്ഷണം നൽകും. അധിക സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി റോമിനു ചുറ്റുമുള്ള ഇടവകകൾക്ക് വത്തിക്കാൻ 5,000 പെട്ടി ഭക്ഷണം നൽകുന്നു.

സൗജന്യ വൈദ്യസഹായം

ദരിദ്രരുടെ ലോകദിനത്തിനു മുന്നോടിയായി ഈ ആഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒരു മൊബൈൽ ഹെൽത്ത് ക്ലിനിക് ആരംഭിച്ചിട്ടുണ്ട്. പൊതുവായ പരിശോധനകൾ, ഇലക്‌ട്രോ കാർഡിയോഗ്രാം, രക്തപരിശോധന, ഫ്ലൂ ഷോട്ടുകൾ, കോവിഡ്-19 പരിശോധനകൾ, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി, ക്ഷയം എന്നിവക്കുള്ള സ്ക്രീനിംഗ് എന്നിവ ഈ സേവനങ്ങളിൽ ഉൾപ്പെടുന്നു.

ഈ സംരംഭത്തിൽ 10 ടൺ പാസ്ത, അഞ്ച് ടൺ വീതം അരി, മാവ്, പഞ്ചസാര, ഉപ്പ്, കാപ്പി എന്നിവയും 1,300 ഗ്യാലൻ എണ്ണയും പാലും കുടുംബങ്ങൾക്ക് അവരുടെ അടിസ്ഥാന ഭക്ഷണ ആവശ്യങ്ങളും ലഭ്യമാക്കുന്നു. യൂറോപ്പിൽ ഊർജ്ജപ്രതിസന്ധി തുടരുന്നതിനാൽ, റോമിലെ ചില ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് പാവപ്പെട്ട ആളുകളുടെ ഗ്യാസ്, ഇലക്‌ട്രിക് ബില്ലുകൾ നികത്താൻ ഫണ്ട് നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.