
നൈജീരിയയിൽ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് സമാധാനപരവും സുതാര്യവുമായി നടക്കുന്നതിനായി ഡിസംബർ എട്ടിന് ദേശീയ പ്രാർഥനാ-ഉപവാസ ദിനമായി പ്രഖ്യാപിച്ച് കത്തോലിക്കാ മെത്രാൻ സമിതി (CBCN). ഒസുൻ സംസ്ഥാനത്ത് നടന്ന രണ്ടാം പ്ലീനറി സമ്മേളനത്തിന് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് മെത്രാന്മാർ ഈ തീരുമാനം അറിയിച്ചത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ എല്ലാ രൂപതകളിലും ഇടവകകളിലും പ്രാർഥനകളും ഉപവാസവും ജപമാല പ്രയാണങ്ങളും സംഘടിപ്പിക്കാൻ മെത്രാൻ സമിതി നിർദ്ദേശിച്ചു. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാനും, സ്വന്തം മനഃസാക്ഷിക്ക് അനുസരിച്ച് യോഗ്യരായ സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്താനും മെത്രാന്മാർ പൗരന്മാരോട് ആഹ്വാനം ചെയ്തു.
രാജ്യത്തെ കടുത്ത ദാരിദ്ര്യത്തിലും സാമ്പത്തിക ഞെരുക്കത്തിലും മെത്രാൻ സമിതി ആശങ്ക രേഖപ്പെടുത്തി. ദരിദ്രരായ ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു. ഒപ്പം രാജ്യത്ത് വർദ്ധിച്ചുവരുന്ന തട്ടിക്കൊണ്ടുപോകൽ, അക്രമങ്ങൾ, അനധികൃത ഖനനം എന്നിവയിൽ ശക്തമായ നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
കടുന ആർച്ച്ബിഷപ്പ് മാത്യു മാൻ-ഓസോ ദാഗോസോ, അബെയോകുട്ട ബിഷപ്പ് പീറ്റർ ഒലുക്കായുംഡെ ഒഡെതോയിൻബോ എന്നിവർ ഒപ്പുവെച്ച പ്രസ്താവനയിലൂടെയാണ് സഭ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അഴിമതിയും അക്രമവുമില്ലാത്ത നല്ലൊരു ഭരണസംവിധാനം രാജ്യത്ത് നിലവിൽ വരാൻ ആത്മീയമായ ഒരുക്കവും പൗരബോധവും അത്യാവശ്യമാണെന്ന് സമിതി ഓർമ്മിപ്പിച്ചു.




