
ലിമയിലെ ചരിത്രപ്രസിദ്ധമായ സാൻ ഫ്രാൻസിസ്കോ പള്ളിയോട് ചേർന്നുള്ള ‘അത്ഭുതങ്ങളുടെ മാതാവിന്റെ ചാപ്പൽ’ സമഗ്രമായി പുനരുദ്ധരിക്കാൻ തീരുമാനം. ലിമ നഗരസഭയും ഫ്രാൻസിസ്കൻ പ്രൊവിൻസും തമ്മിൽ നടന്ന ചർച്ചകളെ തുടർന്നാണ് ഈ ചരിത്രപരമായ പുനരുദ്ധാരണ പദ്ധതിക്ക് ധാരണയായത്.
നഗരസഭയുടെ കീഴിലുള്ള പൈതൃക സംരക്ഷണ വിഭാഗമായ ‘പ്രോലിമ’യുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുക. ചാപ്പലിന്റെ ഘടന, അൾത്താര, വാസ്തുവിദ്യ, കലാസൃഷ്ടികൾ എന്നിവ ഉൾപ്പെടെയുള്ളവ പഴമ ചോർന്നുപോകാതെ പൂർണ്ണമായും നവീകരിക്കും.
1630 നവംബർ 27-ന് ലിമയിൽ ശക്തമായ ഭൂകമ്പം ഉണ്ടായപ്പോൾ, ഈ ചാപ്പലിലുണ്ടായിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം അത്ഭുതകരമായി പ്രധാന അൾത്താരയ്ക്ക് നേരെ തിരിയുകയും ജനങ്ങളെ വൻ ദുരന്തത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ഈ സംഭവത്തെ തുടർന്നാണ് ഈ ചാപ്പൽ ‘അത്ഭുതങ്ങളുടെ മാതാവിന്റെ ചാപ്പൽ’ എന്നറിയപ്പെടാൻ തുടങ്ങിയത്.
1953 ജൂലൈ 19-ന് പിയൂസ് പന്ത്രണ്ടാം മാർപാപ്പയുടെ പ്രത്യേക നിർദ്ദേശപ്രകാരം, വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ ഫെർണാണ്ടോ സെന്റോ ഈ തിരുരൂപത്തിൽ കിരീടധാരണം നടത്തിയിരുന്നു. ലിമയുടെ ചരിത്രപരവും ആത്മീയവുമായ പാരമ്പര്യം വരുംതലമുറയ്ക്കായി നിലനിർത്തുന്നതിൽ ഈ പുനരുദ്ധാരണ പദ്ധതി നിർണ്ണായക പങ്ക് വഹിക്കുമെന്ന് നഗരസഭാ അധികൃതരും ഫ്രാൻസിസ്കൻ സഭാ അധികാരികളും വ്യക്തമാക്കി.



